ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുള്പ്പടെ പ്രദര്‍ശനം കാണാനെത്തും. രാത്രി എട്ട് നാല്‍പ്പത്തിയഞ്ചിന് ഗരുഡ മാളിലെ ഐനോക്സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ചിത്രം കാണാന്‍ പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. കേരളത്തിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി പ്രത്യേക പ്രദര്‍ശനം നടത്തുന്നതായും സിനിമാ കാണാനായി പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിക്കുന്നതായും തേജസ്വി സൂര്യ പറഞ്ഞു.നേരത്തെ തന്നെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള സ്റ്റോറി സിനിമ ബിജെപി ചര്‍ച്ചയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തെരഞ്ഞെടുപ്പ് റാലിക്കിടെ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് രംഗത്തെത്തി. കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി അന്ന് കുറ്റപ്പെടുത്തിയിരുന്നു.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തൽ;യുവാവ് അറസ്റ്റിൽ.
മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. നാവായിക്കുളം 28ാം മൈല്‍ ചരുവിള വീട്ടില്‍ അല്‍ അമീനാണ് (26) അറസ്റ്റിലായത്.അല്‍ അമീന് ലഹരി വസ്തുക്കള്‍ പതിവായി വില്പനക്കെത്തിച്ച് കൊടുത്തിരുന്ന നാവായിക്കുളം സ്വദേശിയായ അഖില്‍ കൃഷ്ണനെ ലഹരി വസ്തുക്കളുമായി 10 മാസം മുന്‍പ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചുവരവെയാണ് അല്‍ അമീനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.പള്ളിക്കല്‍ എസ്.എച്ച്.ഒ ശ്രീജേഷ്, എസ്.ഐ സഹില്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബിജു, ബിജുകുമാര്‍, വിനീഷ്, സുനില്‍ രാജ് എന്നിവരടങ്ങിയ സംഘം ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.