തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ ഓട്ടം തുടരുകയാണ്. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10ഓടെയാണ് പരീക്ഷണയോട്ടം തുടങ്ങിയത്.
കൊച്ചുവേളി യാര്‍ഡില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ട്രെയിന്‍ എത്തിച്ചിരുന്നു.50 മിനിറ്റില്‍ കൊല്ലത്തെത്തിയ ട്രെയിന്‍ 7.28ന് കോട്ടയത്തെത്തി. രണ്ടേകാല്‍ മണിക്കൂറാണ് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെയെത്താന്‍ വേണ്ടിവന്ന സമയം. 7.30ന് കോട്ടയത്തുനിന്ന് തിരിച്ച് 8.30 എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് രണ്ട് ലോക്കോ പൈലറ്റുമാര്‍ കയറി. 9.37ന് തൃശൂരിലെത്തി.
ഒരു മിനിട്ട് ട്രെയിന്‍ നിര്‍ത്തിയതിനുശേഷം ഷൊര്‍ണൂരിലേയ്ക്ക് തിരിച്ചു. നാല് മണിക്കൂര്‍ 20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശൂരിലെത്തിച്ചേരാന്‍ എടുത്തത്.എട്ട് സ്‌റ്റോപ്പുകള്‍ പിന്നിട്ട് 12.10ഓടെ കണ്ണൂരില്‍ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാര്‍ക്ക് ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആകെ ഏഴ് മണിക്കൂറാണ് ഇതിനായെടുക്കുക. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രയല്‍ റണ്ണിന്റെ പങ്കാളികളാണ്.കണ്ണൂരില്‍ എത്തിയശേഷം 12.20ഓടെ തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഏഴ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തും.
ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍ നിന്ന് കയറും.ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എന്നിവ വിലയിരുത്തും. ട്രെയിനിന്റെ സ്‌റ്റോപ്പുകള്‍, ഷെഡ്യൂള്‍, നിരക്ക് എന്നിവ ട്രയല്‍ റണ്ണിനുശേഷം തീരുമാനിക്കും. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളസന്ദര്‍ശനത്തിനിടെ ഫ്ളാഗ് ഓഫ് ചെയ്‌ത് കേരളത്തിന്റെ ആദ്യത്തേതും ദക്ഷിണേന്ത്യയില്‍ മൂന്നാമത്തേതുമായ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്