Home Featured കര്‍ണാടക ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

കര്‍ണാടക ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

ബംഗളുരു: മേയ് 10-നു നടക്കുന്ന കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിനായി ബി.ജെ.പി. പുറത്തുവിട്ട 23 പേരുള്‍പ്പെട്ട രണ്ടാംഘട്ടം സ്ഥാനാര്‍ഥിപ്പട്ടികയിലും ആറ് എം.എല്‍.എമാര്‍ക്കു സീറ്റ് നഷ്ടം.

കേന്ദ്രനേതൃത്വം മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ഇടഞ്ഞ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ രണ്ടാംപട്ടികയിലും തീരുമാനമായില്ല. അദ്ദേഹം പ്രതിനിധീകരിക്കുന്ന ഹൂബ്ലി-ധാര്‍വാഡ് (സെന്‍ട്രല്‍) മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.മുഡിഗെരെ മണ്ഡലത്തില്‍ ദീപക് ദൊഡ്ഡയ്യയെ സ്ഥാനാര്‍ഥിയാക്കിയതിനേത്തുടര്‍ന്ന്, മൂന്നുവട്ടം എം.എല്‍.എയായ എം.പി. കുമാരസ്വാമി ബി.ജെ.പി. വിട്ടു. തനിക്കു സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയാണെന്നു കുമാരസ്വാമി ആരോപിച്ചു.സീറ്റ് നിഷേധിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഷിമോഗ എം.എല്‍.എയും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മകനു സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ ഈശ്വരപ്പ ശ്രമിച്ചെങ്കിലും ബി.ജെ.പി. നേതൃത്വം അനുകൂലമായല്ല പ്രതികരിച്ചത്. എന്നാല്‍, ഈശ്വരപ്പ പ്രതിനിധീകരിക്കുന്ന ശിവമോഗയിലും ബി.ജെ.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല.മകന്‍ െകെക്കൂലി വാങ്ങിയ കേസില്‍ ആരോപണവിധേയനായ എം.എല്‍.എ. വിരൂപാക്ഷപ്പയ്ക്കും സീറ്റ് നല്‍കിയിട്ടില്ല. നെഹ്‌റു ഒലേക്കര്‍, സുകുമാര്‍ ഷെട്ടി, എന്‍. ലിംഗണ്ണ, സി.എം. നിംബന്നവര്‍, എസ്.എ. രവീന്ദ്രനാഥ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് എം.എല്‍.എമാര്‍. അതേസമയം, ഖനി വ്യവസായി ജി. ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ കരുണാകര റെഡ്ഡി വിജയനഗര ജില്ലയിലെ ഹാരപ്പനഹള്ളി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും. 2018-ല്‍ ഇതേ മണ്ഡലത്തില്‍നിന്ന് കരുണാകര റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group