ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരമേഖലകളിൽ അണികളെ ലഭിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ഓഫർ പെരുമഴ. 500–1000 രൂപവരെ നൽകിയാണ് സ്ഥാനാർഥികൾ അണികളെ നിരത്തി ശക്തി തെളിയിക്കുന്നത്. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് ഇവരുടെ പ്രവർത്തന സമയം. 15–30 വരെയുള്ള ടീമുകളാണ് പ്രചാരണം സജീവമാക്കുന്നത്. ഇവരെ പറഞ്ഞ സ്ഥലത്ത് എത്തിക്കാനുള്ള ചുമതല ടീം ലീഡർമാർക്കാണ്.
സ്ഥാനാർഥിക്കൊപ്പം കൂടുതൽ അണികളുണ്ടെന്ന് കാണിക്കുന്ന തരം പ്രകടനങ്ങൾ, കലാപരിപാടികൾ, നോട്ടിസ് വിതരണം എന്നിവയാണ് പ്രധാന ജോലികൾ. സമയാസമയം ഭക്ഷണവും ഉറപ്പ് വരുത്തുന്നുണ്ട്. ഇന്ന് ഒരു പാർട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയവർ നാളെ എതിർസ്ഥാനാർഥിയുടെ പരിപാടികളിലും പങ്കെടുക്കും. ഇതൊക്കെ ഇവിടെ പതിവാണെന്ന് നേതാക്കളും പറയുന്നു.
വോട്ടിന് ബിരിയാണി: മന്ത്രി സോമശേഖറിന് എതിരെ കേസ്
ബെംഗളൂരൂ∙ വോട്ടർമാരെ ബിരിയാണി മേളയിലേക്ക് ക്ഷണിച്ചതിന് മന്ത്രിയും യശ്വന്ത്പുരയിലെ ബിജെപി സ്ഥാനാർഥിയുമായ എസ്.ടി സോമശേഖറിനെതിരെ കേസ്. ജനതാദൾ എസ് ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റ് എ.പി രംഗനാഥാണ് കഗലിപുര പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ആഴ്ച ദൊഡ്ഡിപാളയ കബാലമ്മ ക്ഷേത്രത്തിൽ പ്രചാരണത്തിനെത്തിയ സോമശേഖർ ബിരിയാണി കഴിക്കാൻ എല്ലാവരെയും വിളിക്കുകയും തനിക്ക് വോട്ട് ചെയ്താൽ ഇനിയും ബിരിയാണി കഴിക്കാമെന്നും പറയുന്നതിന്റെ വിഡിയോ സഹിതമാണ് പരാതി നൽകിയത്.