ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്യസ്ഥയില്‍ ഇളവ് നല്‍കി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍.
ഇന്ത്യയുടെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും, ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ മദനി ഒളിവില്‍ പോയേക്കാം. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ അനിവാര്യമാണെന്നുമുള്ള മദനിയുടെ ആവശ്യം വ്യാഴാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും