ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. യാത്രാത്തിരക്ക് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ള പെസഹാ വ്യാഴത്തിന്റെ തലേദിവസം (ഏപ്രിൽ അഞ്ച്) ഇരു ആർ.ടി.സി.കളുമായി പ്രത്യേകസർവീസ് ഉൾപ്പെടെ 106 ബസുകളിലാണ് ബുക്കിങ് നടക്കുന്നത്. ഇതിൽ നാൽപ്പതോളം ബസുകളിലെ ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നെങ്കിലും ബാക്കി ബസുകളിലായി 1500-ഓളം ടിക്കറ്റുകൾ ബാക്കിയുണ്ട്.
പ്രത്യേക ബസുകൾ പ്രഖ്യാപിച്ചതാണ് ടിക്കറ്റിന് വലിയക്ഷാമം അനുഭവപ്പെടാത്തതിന് കാരണം.തൃശ്ശൂർ, കോട്ടയം, കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്നീ ഭാഗങ്ങളിലേക്കാണ് കൂടുതൽപേർ ടിക്കറ്റ് ബുക്കുചെയ്തത്. ചെറുപുഴ ഭാഗത്തേക്കുള്ള കേരള ആർ.ടി.സി.യുടെ മൂന്നു ബസുകളിലും ടിക്കറ്റുതീർന്നു. അവധിക്ക് ഇനി രണ്ടാഴ്ചയിലേറെ ഉള്ളതിനാൽ വരുംദിവസങ്ങളിൽ ബാക്കിടിക്കറ്റുകൾകൂടി തീരും. ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള മറ്റുദിവസങ്ങളിലും സമാനമായ അവസ്ഥയാണ്.
അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ഇതുവരെ അമ്പതോളം പ്രത്യേകസർവീസുകളും കർണാടക ആർ.ടി.സി. ഏഴുപ്രത്യേക സർവീസുകളുമാണ് പ്രഖ്യാപിച്ചത്.
കേരള ആർ.ടി.സി.യിൽ 1010 ടിക്കറ്റ്:കേരള ആർ.ടി.സി. ഏപ്രിൽ അഞ്ചിന് കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കായി 70 ബസുകളിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടത്തെ ബെർത്ത്നിലയനുസരിച്ച് ഇതിൽ 24 ബസുകളിലെ ടിക്കറ്റ് പൂർണമായി തീർന്നു. ബാക്കിയുള്ള ബസുകളിലായി 1021 ടിക്കറ്റുകൾ ബാക്കിയുണ്ട്. ഇതിൽ കോഴിക്കോട്ടേക്കാണ് ഏറ്റവും കൂടുതൽ ടിക്കറ്റുള്ളത് (21 ബസുകളിലായി 488 ടിക്കറ്റ്). അതേസമയം, തൃശ്ശൂരിലേക്ക് 21 ബസുകളിലായി 187 ടിക്കറ്റുകളേ ബാക്കിയുള്ളൂ. ആലക്കോട് വഴി പയ്യന്നൂരിലേക്ക് പോകുന്ന രണ്ടു ബസുകളിലും കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ഒരു ബസിലും ടിക്കറ്റൊന്നുമില്ല. എല്ലാതവണയും ആദ്യം ടിക്കറ്റ് തീരുന്ന റൂട്ടാണിത്.
കർണാടക ആർ.ടി.സി.യിൽ 496 ടിക്കറ്റ്:കർണാടക ആർ.ടി.സി. ഏപ്രിൽ അഞ്ചിന് കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കായി 36 ബസുകളിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടത്തെ ബെർത്ത്നിലയനുസരിച്ച് ഇതിൽ 13 ബസുകളിൽ ടിക്കറ്റ് തീർന്നു. ബാക്കിയുള്ള ബസുകളിലായി 496 ടിക്കറ്റുകളാണ് ബാക്കിയുള്ളത്. കർണാടക ആർ.ടി.സി.യിലും കോഴിക്കോട്ടേക്കാണ് കൂടുതൽ ടിക്കറ്റുള്ളത് (ആറു ബസുകളിൽ നിന്നായി 180 ടിക്കറ്റ്). തൃശ്ശൂരിലേക്ക് 11 ബസുകളിലായി 69 ടിക്കറ്റും കോട്ടയത്തേക്ക് മൂന്നു ബസുകളിലായി 22 ടിക്കറ്റും കണ്ണൂരിലേക്ക് അഞ്ച് ബസുകളിലായി 86 ടിക്കറ്റും കാസർകോട്ടേക്ക് രണ്ട് ബസുകളിലായി 52 ടിക്കറ്റും ബാക്കിയുണ്ട്.