Home Featured ബംഗളൂരു:ബ്യൂട്ടിപാര്‍ലറില്‍ പോയി പണികിട്ടി; വധുവിന്റെ മുഖം പൊള്ളി വികൃതമായി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍.

ബംഗളൂരു:ബ്യൂട്ടിപാര്‍ലറില്‍ പോയി പണികിട്ടി; വധുവിന്റെ മുഖം പൊള്ളി വികൃതമായി, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍.

ബംഗളൂരു: വിവാഹദിനത്തില്‍ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെണ്‍കുട്ടികള്‍ ചുരുക്കമാണ്.പക്ഷെ , അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിപ്പോയാലോ! അത്തരമൊരു സംഭവമാണ് കര്‍ണാടകയില്‍ നിന്ന് പുറത്തുവരുന്നത്. വധു ബ്യൂട്ടിപാര്‍ലറില്‍ പോയതിനാല്‍ വരന്‍ വിവാഹം വേണ്ടെന്ന് വച്ചു എന്നാണ് വാര്‍ത്ത. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന്‍ വിവാഹം ഉപേക്ഷിച്ചത്. പുതിയ ഏതോ മേക്ക്‌അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയത്.

കര്‍ണാടകയില്‍ ബി.ജെ.പി. എം.എല്‍.എയുടെ മകന്റെ വസതിയില്‍ റെയ്‌ഡ്; 8 കോടി പിടിച്ചു

ബംഗളുരു: കൈക്കൂലിക്കേസില്‍ അറസ്‌റ്റിലായതിനു പിന്നാലെ, കര്‍ണാടകയിലെ ബി.ജെ.പി: എം.എല്‍.എ. മദല്‍ വിരൂപാക്ഷപ്പയുടെ മകന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്‌ഡില്‍ എട്ടു കോടി രൂപ പിടിച്ചെടുത്തു.വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത്‌ മദല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വ്യാഴാഴ്‌ച അറസ്‌റ്റിലായിരുന്നു. അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ എം.എല്‍.എ. ഒന്നാംപ്രതിയാണെന്ന്‌ ലോകായുക്‌തയുടെ അഴിമതിവിരുദ്ധ വിഭാഗം വ്യക്‌തമാക്കി.ഒളിവില്‍പ്പോയ വിരൂപാക്ഷപ്പ, മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണു വിവരം.

ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരിയില്‍നിന്നുള്ള എം.എല്‍.എയാണ്‌ മദല്‍ വിരൂപാക്ഷപ്പ. റെയ്‌ഡിനു പിന്നാലെ, മൈസൂര്‍ സാന്‍ഡല്‍ സോപ്പ്‌ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കര്‍ണാടക സോപ്‌സ്‌ ആന്‍ഡ്‌ ഡിറ്റര്‍ജന്റ്‌സ്‌ ലിമിറ്റഡിന്റെ(കെ.എസ്‌.ഡി.എല്‍) ചെയര്‍മാന്‍ സ്‌ഥാനം വിരൂപാക്ഷപ്പ രാജിവച്ചു. “എന്റെ കുടുംബത്തിനെതിരെ ചില ഗൂഢാലോചന നടക്കുന്നുണ്ട്‌. എനിക്കെതിരേ ഒരു ആരോപണമുള്ളതിനാല്‍ ധാര്‍മിക ഉത്തരവാദിത്തത്തില്‍ രാജി സമര്‍പ്പിക്കുന്നു”-കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയ്‌ക്ക്‌ അയച്ച കത്തില്‍ വിരൂപാക്ഷപ്പ പറഞ്ഞു.

എം.എല്‍.എയുടെ മകന്‍ പ്രശാന്ത്‌ മദല്‍ ബംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സ്വീവറേജ്‌ ബോര്‍ഡില്‍ ചീഫ്‌ അക്കൗണ്ടന്റാണ്‌. കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്തിനെ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നാലെ വ്യാഴാഴ്‌ച രാത്രിയാണ്‌ വീട്ടിലും റെയ്‌ഡ്‌ നടന്നത്‌. പ്രശാന്തിന്റെ വീട്ടില്‍നിന്ന്‌ ആറു കോടി രൂപയും ഓഫീസില്‍നിന്ന്‌ 1.75 ലക്ഷം രൂപയും പിടിച്ചെടുത്തതായി ലോകായുക്‌ത അറിയിച്ചു. മൂന്നു ബാഗുകള്‍ നിറയെ നോട്ടുകളാണ്‌ പ്രശാന്തിന്റെ ഓഫീസില്‍നിന്നു കണ്ടെത്തത്‌. വീട്ടിലും നോട്ടുകള്‍ അട്ടിയടുക്കിയ നിലയിലായിരുന്നു.

81 ലക്ഷം രൂപ പ്രശാന്ത്‌ കൈക്കൂലി ആവശ്യപ്പെട്ടതായി സോപ്പ്‌ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ വിതരണം ചെയ്യുന്ന കരാറുകാരന്‍ ലോകായുക്‌തയ്‌ക്കു പരാതി നല്‍കിയതോടെയാണ്‌ അന്വേഷണം ആരംഭിച്ചത്‌. പരാതിയില്‍ കേസെടുത്ത ലോകായുക്‌ത നടത്തിയ റെയ്‌ഡിലാണ്‌ പ്രശാന്ത്‌ കുടുങ്ങിയത്‌. സംഭവത്തില്‍ അഞ്ചു പേരെ അറസ്‌റ്റ്‌ ചെയ്‌തതായും ബി.ജെ.പി. എം.എല്‍.എയ്‌ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും ലോകായുക്‌ത ബി.എസ്‌. പാട്ടീല്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന്‌ യാതൊരുവിധത്തിലുള്ള സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൈക്കൂലി വിഷയത്തില്‍ ലോകായുക്‌ത സ്വതന്ത്ര അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ വ്യക്‌തമാക്കി. എന്നാല്‍, ബി.ജെ.പിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസും രംഗത്തെത്തി. അച്‌ഛന്‍ ചെയര്‍മാനായ സ്‌ഥാപനത്തിലെ ഇടപാടിന്റെ പേരില്‍ മകന്‍ കൈക്കൂലി വാങ്ങുന്നതായി കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല ആരോപിച്ചു. അഴിമതിയുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങളാണ്‌ പുറത്തുവന്നതെന്നും എല്ലാ ഇടപാടുകള്‍ക്കും 40 ശതമാനം കമ്മിഷന്‍ പറ്റുകയാണെന്നും സുര്‍ജേവാല ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group