Home Featured ബെംഗളൂരു: നടി സുമലത അംബരീഷ് ബിജെപിയിലേക്ക്?.

ബെംഗളൂരു: നടി സുമലത അംബരീഷ് ബിജെപിയിലേക്ക്?.

ബെംഗളൂരു∙ പ്രമുഖ ചലച്ചിത്ര താരവും മാണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്നു കര്‍ണാടകയില്‍ അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. 2019ലും സുമതല ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ബിജെപി ‘പ്രവേശന’ത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുമലത തയാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന എം.എ.മദന്‍കുമാര്‍ അഭ്യൂഹം തള്ളി. ഇതു വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കന്മാര്‍ മാണ്ഡ്യ സന്ദര്‍ശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകള്‍ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദന്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും സമാന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, എല്ലാ പാര്‍ട്ടികളോടും തുല്യഅകലം പാലിക്കുന്ന നിലവിലെ രീതി തന്നെയാകും നടി പിന്തുടരുകയെന്ന് മദന്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം, സുമലത ബിജെപിയിൽ ചേർന്നേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണു പല ബിജെപി നേതാക്കന്മാരുടെയും അടക്കം പറച്ചില്‍. എന്ന്, എപ്പോള്‍, എവിടെ വച്ചാകും പാര്‍ട്ടി പ്രവേശനം എന്നതു സംബന്ധിച്ചു ബിജെപി നേതാക്കന്മാര്‍ക്കും വ്യക്തയില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നയിക്കുന്ന വിജയ സങ്കല്‍പ രഥയാത്ര ബുധനാഴ്ച ചാമരാജ് നഗറിലെ മാലേ മഹാദേശ്വരത്തുനിന്നു തുടങ്ങിയിട്ടുണ്ട്. ‘രഥം’ ഉരുണ്ട് മാണ്ഡ്യ കടക്കുമ്പോള്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കുമെന്നാണു ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്.

വേദി മാറ്റത്തിനു പിന്നിലെന്ത്?ബെംഗളൂരു – മൈസൂരു പത്തുവരി എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടന വേദിയായി നേരത്തേ നിശ്ചയിച്ചിരുന്നത് ബെംഗളൂരുവിനു സമീപമുള്ള ബിഡദിയായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇതു മാണ്ഡ്യയിലേക്കു മാറ്റി. രണ്ടു മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രബല സമുദായമായ വൊക്കലിംഗ വിഭാത്തെ കൂടെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണു വിലയിരുത്തൽ.

വൊക്കലിംഗ സമുദായംഗമായ സുമതലയെ കൂടി പാര്‍ട്ടിയിലെത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജയ, പരാജയം നിര്‍ണയിക്കാന്‍ കഴിവുള്ള സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നു ബിജെപി കരുതുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുമലതയ്ക്കു മാണ്ഡ്യയില്‍ സീറ്റ് ഉറപ്പുനല്‍കിയാണു ചര്‍ച്ചയെന്നാണു ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാൽ, സുമതലയോ അവരോട് അടുപ്പമുള്ളവരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group