കലബുറഗി : കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം പോയ കെകെആര്‍ടിസി (കല്യണ്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍) ബസ് തെലങ്കാനയില്‍ നിന്ന് കണ്ടെത്തി.പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. റോഡിലെ കുഴിയില്‍ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം.
ബീദറില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയില്‍ എത്തിയതായിരുന്നു ബസ്. പുലര്‍ച്ചെ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബസുമായി മോഷ്‌ടാവ് തണ്ടൂര്‍ വഴി തെലങ്കാനയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.പിന്നാലെ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്. മോഷ്ടാവിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ദീര്‍ഘദൂര ട്രെയിനുകള്‍ ഇഴയുന്നു; ക്രോസിംഗിനായി നിര്‍ത്തിയിടുന്നത് മണിക്കൂറുകളോളം; ദുരിതത്തിലായി യാത്രക്കാര്‍
ദീര്‍ഘദൂര ട്രെയിനുകള്‍ നിത്യവും വൈകിയോടുന്നതും, പിടിച്ചിടുന്നതും യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.അടിയന്തര ആവശ്യങ്ങള്‍ക്ക് അടക്കം പോകേണ്ടവരുടെ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്നുവെന്നാണ് ഇവരുടെ പരാതി. നിറയെ യാത്രക്കാരുമായി വരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ മണിക്കൂറുകളോളമാണ് പിടിച്ചിടുന്നത്. കാസര്‍കോട് വഴി കടന്നുപോകുന്ന എക്സ്പ്രസ് – സൂപര്‍ ഫാസ്റ്റ് ട്രെയിനുകള്‍ പലപ്പോഴും ഇഴയുകയാണ്.ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് സൂറത്കല്‍ വരെയുള്ള എക്‌സ്പ്രസ് (12133) ട്രെയിന്‍ ഒന്നരമണിക്കൂറാണ് തൊട്ടടുത്ത മുല്‍ക്കി സ്റ്റേഷനില്‍ പിടിച്ചിട്ടത്.
അതും ഒരു ചരക്ക് ട്രെയിനിന് വേണ്ടിയായിരുന്നു പിടിച്ചിടല്‍. മലയാളി യാത്രക്കാരും ഈ ട്രെയിനില്‍ ഏറെ ഉണ്ടായിരുന്നു.ക്ഷുഭിതരായ യാത്രക്കാര്‍ മുല്‍ക്കി സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് പരാതി പറയുകയും, ബഹളം വെക്കുകയും ചെയ്തു. നേരത്തെ ഈ ട്രെയിന്‍ മംഗ്ളുറു വരെ സര്‍വീസ് നടത്തിയിരുന്നതാണ്.സ്ത്രീകളും, കുട്ടികളും അടങ്ങുന്നവരാണ് കൂടുതലും ദീര്‍ഘദൂര ട്രെയിനുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ റെയില്‍വേയുടെ കൃത്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
റോഡ് യാത്രയുടെ ബുദ്ധിമുട്ടുകളും, സുരക്ഷിതത്വമില്ലായ്മയും താരതമ്യേന, കുറഞ്ഞ ചിലവുമാണ് ട്രെയിനിനെ പ്രധാന യാത്രയ്ക്കായി സാധാരണക്കാര്‍ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സുഖപ്രദവും, സുരക്ഷിതത്വവും, കൃത്യസമയവും പാലിക്കേണ്ടതുമായ യാത്രയാണ് റെയില്‍വേ നല്‍കേണ്ടതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.അതിനിടെ റിസര്‍വേഷന്‍ കംപാര്‍ട്മെന്റുകള്‍ ഇപ്പോള്‍ ജെനറല്‍ കംപാര്‍ട്മെന്റുകളായി മാറിയ അവസ്ഥയാണ് ഉള്ളതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
റിസര്‍വേഷന്‍ ചെയ്ത് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരും അല്ലാത്തവരും റിസര്‍വേഷന്‍ കംപാര്‍ട്മെന്റില്‍ കയറിക്കൂടുന്നുവെന്നാണ് ആരോപണം. ഇതും സ്ത്രീകളും, കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവുന്നുണ്ട്. ടിടിഇയോട് പരാതിപ്പെട്ടാലും രക്ഷയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് റെയില്‍വേ ഉടന്‍ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.