ബംഗളൂരു: മഹാദായി നദിയിലെ വെള്ളം ഉപയോഗിച്ചുള്ള പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് കര്‍ണാടകയെ വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.ഗോവ നല്കിയ ഹരജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേശ് എന്നിവരുടെ ബെഞ്ച് തള്ളിയത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകും മുമ്ബ് നിയമപ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാദായി നദി പശ്ചിമഘട്ടത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ഭിംഘഡ് വന്യജീവി സങ്കേതമാണ് ഉത്ഭവസ്ഥാനം. ഈ നദിയിലെ വെള്ളമാണ് ഗോവയിലെ ജനജീവിതത്തിന്റെ അടിസ്ഥാനം. മഹാദായി പദ്ധതി സംബന്ധിച്ച കര്‍ണാടക സര്‍ക്കാറിന്റെ പരിഷ്കരിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡി.പി.ആര്) കേന്ദ്ര ജല കമീഷന് നല്കിയ അനുമതിയെയും ഗോവ സര്‍ക്കാര്‍ ചോദ്യംചെയ്തിരുന്നു.പദ്ധതിയുമായി കര്‍ണാടക മുന്നോട്ടുപോയാല്‍ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിന് വന്‍ ദോഷമുണ്ടാക്കുമെന്നാണ് ഗോവയുടെ വാദം.
പദ്ധതി മൂലം നദി വരളുമെന്നും ഇത് ഗോവയിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ഗോവ ഹരജിയില്‍ പറയുന്നു.പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ചത്. മഹാദായി നദിയിലെ ജലം കര്‍ണാടകയുടെ ജലവിതരണ കനാല്പദ്ധതിയായ ‘കാലസ ബന്ദൂരി നള’യിലൂടെ വഴിതിരിച്ചുവിടുന്നതാണ് പദ്ധതി.അടുത്തിടെയാണ് കേന്ദ്ര ജല കമീഷന്റെ അനുമതി ലഭിച്ചത്. ഇതിനെയും ഗോവ ചോദ്യം ചെയ്യുന്നുണ്ട്.മഹാദായി ജലതര്‍ക്ക ട്രൈബ്യൂണലിന്റെ അനുമതി ചോദ്യംചെയ്ത് ഗോവ നല്കിയ ഹരജികള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഉടന്‍ സുപ്രീംകോടതി വാദംകേള്‍ക്കുമെന്നാണ് പ്രതീക്ഷ.
വരള്‍ച്ച നേരിടുന്ന കര്‍ണാടകയിലെ ബളഗാവി, ഹുബ്ബള്ളി-ധാര്‍വാര്‍ഡ് ജില്ലകളിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം വിതരണം ലക്ഷ്യമിട്ടുള്ളതാണ് മഹാദായി പദ്ധതി. ഗോവയിലെ ജനങ്ങള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മഹാദായി നദി ഈ പദ്ധതി നടപ്പാക്കുന്നതോടെ വരള്ച്ചയിലാകുമെന്നാണ് ഗോവയുടെ വാദം.അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് സ്വാഗതം ചെയ്തു. നിലവില്‍ കര്‍ണാടകക്ക് പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കാന്‍ നിരവധി അനുമതികള്‍ ലഭിക്കാനുണ്ടെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു
സ്വവര്‍ഗ വിവാഹത്തിന് അനുമതി വേണം , പെണ്‍സുഹൃത്ത് വീട്ടുകാരുടെ കസ്റ്റഡിയില്‍; യുവതി സുപ്രീം കോടതിയില്‍
കൊച്ചി : വിവാഹം കഴിക്കാന്‍ പരസ്പരം തീരുമാനിച്ചിരിക്കെ സുഹൃത്തിനെ മാതാപിതാക്കള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി സുപ്രീം കോടതിയില്‍.സുഹൃത്തിനെ കാണാനും മാതാപിതാക്കള്‍ അനുവദിക്കുന്നില്ലെന്നു പരാതിയില്‍ പറയുന്നു.കൊല്ലം സ്വദേശിനിയായ ദേവു ജി. നായരാണു പരാതിക്കാരി. തന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചതു ചോദ്യം ചെയ്താണു യുവതി സുപ്രീം കോടതിയിലെത്തിയത്.
പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവില്‍ മാതാപിതാക്കളോടൊപ്പം കഴിയുന്ന സുഹൃത്തായ പെണ്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയശേഷം റിപ്പോര്‍ട്ട് നല്കാന് സുപ്രീം കോടതിയിലെ കമ്മിറ്റി അംഗവും സീനിയര്‍ ജുഡീഷ്യല്‍ ഓഫീസറുമായ സലീന വി.ജി. നായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് അറിയാനാണിത്.മാതാപിതാക്കളുടെ മുന്നില്‍വച്ചു ചോദിച്ചാല്‍, ഭയംമൂലം പെണ്‍കുട്ടി തന്റെ ആഗ്രഹം തുറന്നു പറയില്ലെന്ന ദേവുവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നു കൊല്ലം കുടുംബകോടതിയില്‍ കഴിഞ്ഞ എട്ടിനു കൂടിക്കാഴ്ച നടത്താനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം.
ഇതുപ്രകാരം കൂടിക്കാഴ്ച നടത്തി റിപ്പോര്‍ട്ട് ഈയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഈ മാസം 17നു കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായി.ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയോടു പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്റ്റേറ്റ്മെന്റ് എടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
മാത്രമല്ല, നാലഞ്ചു ദിവസത്തിനുള്ളില്‍ കൗണ്‍സിലിങ് നല്‍കണമെന്നും കഴിഞ്ഞ മാസം 13നു ഹൈക്കോടതി വിധിച്ചിരുന്നു.അതേസമയം, സ്വവര്‍ഗ വിവാഹം സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ കഴിഞ്ഞമാസം സുപ്രീം കോടതിയിലേക്കു മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 13ന് ആണ് ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയും ഇതോടൊപ്പം കേള്‍ക്കാനാണു സാധ്യത. ഡല്‍ഹി, ഗുജറാത്ത്, കേരള ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികളാണ് സുപ്രീംകോടതിയിലേക്കു മാറ്റിയത്.ജെബി പോള്‍