Home Featured കെ.ആര്‍ പുരം- വൈറ്റ് ഫീല്‍ഡ് പാത: മെട്രോ സര്‍വിസ് അടുത്തമാസം മുതല്‍

കെ.ആര്‍ പുരം- വൈറ്റ് ഫീല്‍ഡ് പാത: മെട്രോ സര്‍വിസ് അടുത്തമാസം മുതല്‍

ബംഗളൂരു: കെ.ആര്‍ പുരം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള പാതയില്‍ നമ്മ മെട്രോ ട്രെയിന്‍ സര്‍വിസ് മാര്‍ച്ച്‌ മുതല്‍ ആരംഭിക്കാന്‍ തീരുമാനം.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്ബ് ഈ പാതയില്‍ സര്‍വിസ് നടത്താനാണ് സര്‍ക്കാര്‍ നീക്കം.ബി.ജെ.പി സര്‍ക്കാറിന്റെ വികസന പദ്ധതിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍കണ്ടാണ് പര്‍പ്പിള്‍ ലൈനിലെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാവുന്നതിന് മുമ്ബേ പകുതി ഭാഗം യാത്രക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. എന്തായാലും മെട്രോ പാത ഭാഗികമായെങ്കിലും തുറക്കുന്നത് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വൈറ്റ്ഫീല്‍ഡ് റോഡിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്.

സുരക്ഷ പരിശോധന രണ്ടാഴ്ചക്കകം:13 കിലോമീറ്റര്‍ വരുന്നതാണ് കെ.ആര്‍ പുരം- വൈറ്റ്ഫീല്‍ഡ് പാത. കെ.ആര്‍ പുരം പിന്നിട്ടാല്‍ മഹാദേവപുര, ഗരുഡാചരപാളയ, ഹൂഡി ജങ്ഷന്‍, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂര്‍ ഹള്ളി, സാദരമംഗല, പട്ടന്തൂര്‍ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര, വൈറ്റ്ഫീല്‍ഡ് എന്നിവയാണ് സ്റ്റേഷനുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഈ റൂട്ടില്‍ മണിക്കൂറില്‍ 25 കി.മീ വേഗത്തില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.

ഫെബ്രുവരി 15ന് ശേഷം പാതയുടെ സുരക്ഷ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് റെയില്‍വേ സുരക്ഷ കമീഷണര്‍ക്ക് (സി.ആര്‍.എസ്) ബി.എം.ആര്‍.സി.എല്‍ എം.ഡി അന്‍ജും പര്‍വേസ് കത്തയച്ചിരുന്നു. നാലുദിവസം നീളുന്ന സുരക്ഷ പരിശോധന പൂര്‍ത്തിയായി റെയില്‍വേ സുരക്ഷ കമീഷണറിന്റെ പച്ചക്കൊടി ലഭിച്ചാല്‍ മാര്‍ച്ചില്‍ മെട്രോ സര്‍വിസ് ആരംഭിക്കും.10 മിനിറ്റ് ഇടവേളയില്‍ അഞ്ച് ജോടി ട്രെയിനുകള്‍ സര്‍വിസ് നടത്താന്‍ കഴിയുന്ന പാതയില്‍ ആറു കോച്ചുകള്‍ വീതമുള്ള നാല് ട്രെയിനുകളാണ് സര്‍വിസിനായി ആദ്യമെത്തിച്ചിട്ടുള്ളത്.

ആവശ്യമെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാനാണ് ബി.എം.ആര്‍.സി.എല്‍ തീരുമാനം.കെ.ആര്‍ പുരത്തും വൈറ്റ്ഫീല്‍ഡിലും മെട്രോ സ്റ്റേഷനെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള നടപ്പാലങ്ങളുണ്ടാവും.ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ക്ക് ലിമിറ്റഡിന് (ഐ.ടി.പി.എല്‍) കീഴിലെ ഇന്‍ര്‍നാഷനല്‍ ടെക് പാര്‍ക് ബംഗളൂരു (ഐ.ടി.പി.ബി) വില്‍നിന്ന് പട്ടന്തൂര്‍ അഗ്രഹാര മെട്രോ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കും. ഇതുസംബന്ധിച്ച്‌ ബി.എം.ആര്‍.സി.എല്ലും ഐ.ടി.പി.എല്ലും കരാര്‍ ഒപ്പിട്ടിരുന്നു. ഐ.ടി.ബി.പിയിലെ നിരവധി ഐ.ടി-ഐ.ടി ഇതര കമ്ബനികളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് പ്രയാസമില്ലാതെ മെട്രോ സ്റ്റേഷനിലെത്താന്‍ ഇതുപകരിക്കും.

ഓപണ്‍ വെബ് ഗര്‍ഡര്‍ സ്ഥാപിച്ചു:കെ.ആര്‍ പുരം മുതല്‍ ബൈയപ്പനഹള്ളി വരെയുള്ള 2.5 കിലോമീറ്റര്‍ പാത നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. കെ.ആര്‍ പുരത്തിനും ബൈയപ്പനഹള്ളിക്കുമിടയില്‍ ബന്നിഗനഹള്ളി എന്ന ഒറ്റ സ്റ്റേഷന്‍ മാത്രമാണുള്ളതെങ്കിലും ബംഗളൂരു- സേലം റെയില്‍ പാതയെ മുറിച്ചുകടന്നുപോകുന്ന മെട്രോ ലൈനായതിനാല്‍ മേല്‍പാലത്തിന് അനുമതി വൈകിയതോടെ പ്രവൃത്തിയും നീളുകയായിരുന്നു.

ദക്ഷിണ പശ്ചിമ റെയില്‍വെയുടെ അനുമതി ലഭിച്ചതോടെ ട്രാക്കില്‍ ഓപണ്‍ വെബ് ഗര്‍ഡര്‍ (ഒ.ഡബ്ല്യു.ജി) സ്ഥാപിച്ചു. നമ്മ മെട്രോ പാതകളിലെ ആദ്യ ഓപണ്‍ വെബ് ഗര്‍ഡര്‍ കൂടിയാണിത്. ഛത്തിസ്ഗഢില്‍നിന്ന് 20 ട്രക്കുകളിലായാണ് പാലത്തിന്റെ ഭാഗങ്ങള്‍ കൊണ്ടുവന്നത്. തറനിരപ്പില്‍നിന്ന് 17 മീറ്റര്‍ ഉയരത്തിലായാണ് 63.22 മീറ്റര്‍ വരുന്ന പാലം സ്ഥാപിച്ചത്. ഈ മാസം അവസാനത്തോടെ പാളങ്ങള്‍ സ്ഥാപിക്കും.

പരീക്ഷണ ഓട്ടം രണ്ടു മാസത്തിനകം ആരംഭിച്ചേക്കും.പിന്നീട് സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി ഈ വര്‍ഷം മധ്യത്തോടെ കെ.ആര്‍ പുരം – ബൈയപ്പനഹള്ളി പാതയും സര്‍വിസിനായി തുറന്നു നല്‍കാനാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബി.എം.ആര്‍.സി.എല്‍) ലക്ഷ്യമിടുന്നത്. അതുവരെ മെട്രോ യാത്രക്കാര്‍ക്കായി കെ.ആര്‍ പുരം മെട്രോ സ്റ്റേഷനും ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനുമിടയില്‍ ഫീഡര്‍ ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തുമെന്നും ബി.എം.ആര്‍.സി.എല്‍ അധികൃതര്‍ അറിയിച്ചു.

പര്‍പ്പിള്‍ ലൈനില്‍ 37 സ്റ്റേഷനുകള്‍:ബൈയപ്പനഹള്ളി- വൈറ്റ് ഫീല്‍ഡ് പാതക്കു പുറമെ പര്‍പ്പിള്‍ ലൈനില്‍ ചെല്ലഘട്ട റൂട്ടും പണി പൂര്‍ത്തിയാവാനുണ്ട്.റീച്ച്‌ രണ്ട് ബിയില്‍ ഉള്‍പ്പെടുത്തി കെങ്കേരി മുതല്‍ ചെല്ലഘട്ട വരെ 1.3 കിലോമീറ്റര്‍ വരുന്നതാണ് പാത. ഇതില്‍ ഒരു സ്റ്റേഷനും ഉള്‍പ്പെടും.നിലവില്‍ കെങ്കേരിയില്‍നിന്നാരംഭിച്ച്‌ മെജസ്റ്റിക്കില്‍ വന്ന് ബൈയപ്പനഹള്ളി വരെ എത്തി നില്‍ക്കുന്നതാണ് നമ്മ മെട്രോ പര്‍പ്പിള്‍ ലൈന്‍. ഈ പാതയില്‍ ആദ്യ ഘട്ടത്തിലെ ബൈയപ്പനഹള്ളി മുതല്‍ എം.ജി റോഡ് വരെ 6.7 കിലോമീറ്റര്‍ 2011 ഒക്ടോബറിലും മഗഡി റോഡ് മുതല്‍ മൈസൂരു റോഡ് വരെ 6.4 കിലോമീറ്റര്‍ പാത 2015 നവംബറിലുമാണ് തുറന്നത്.

എം.ജി റോഡ് മുതല്‍ മഗഡി റോഡ് വരെയുള്ള 5.12 കിലോമീറ്റര്‍ ഭൂഗര്‍ഭ പാത 2016 ഏപ്രില്‍ 30നും പ്രവര്‍ത്തന സജ്ജമായതോടെ പര്‍പ്പിള്‍ ലൈനില്‍ പൂര്‍ണ സര്‍വിസ് ആരംഭിക്കുകയായിരുന്നു.ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോപാത എന്ന സവിശേഷതയോടെ തുറന്ന പാതയിലാണ് തന്ത്രപ്രധാനമായ വിധാന്‍ സൗധയും തിരക്കേറിയ എം.ജി റോഡും അടക്കമുള്ള സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നത്.മൈസൂരു റോഡ് മുതല്‍ കെങ്കേരി വരെയുള്ള 7.5 കിലോമീറ്റര്‍ 2021 ആഗസ്റ്റില്‍ തുറന്നിരുന്നു.

നിര്‍മാണത്തിലിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി പര്‍പ്പിള്‍ ലൈന്‍ ചെല്ലഘട്ട മുതല്‍ വൈറ്റ് ഫീല്‍ഡ് വരെ സര്‍വിസ് ആരംഭിക്കുമ്ബോള്‍ 42.53 കിലോമീറ്റര്‍ പാതയില്‍ 37 സ്റ്റേഷനുകള്‍ ഉണ്ടാകും.നിലവില്‍ മെജസ്റ്റിക് സ്റ്റേഷനില്‍ വെച്ച്‌ നമ്മ മെട്രോ ഗ്രീന്‍ ലൈന്‍ മാത്രമാണ് പര്‍പ്പിള്‍ ലൈനിനെ ക്രോസ് ചെയ്തുപോകുന്നത്.

എം.ജി റോഡ് മെട്രോ സ്റ്റേഷനില്‍വെച്ച്‌ ക്രോസ് ചെയ്യുന്ന രീതിയിലാണ് നിര്‍മാണത്തിലിരിക്കുന്ന പിങ്ക് ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത്.നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണമാരംഭിച്ച സില്‍ക്ക് ബോര്‍ഡ്- എയര്‍പോര്‍ട്ട് മെട്രോ പാതയായ ബ്ലൂ ലൈന്‍ കെ.ആര്‍ പുരത്തുവെച്ചും മൂന്നാംഘട്ട പദ്ധതിയിലെ നിര്‍ദിഷ്ട ഓറഞ്ച് ലൈന്‍ (ഒ.ആര്‍.ആര്‍- വെസ്റ്റ് ലൈന്‍) ഹൊസഹള്ളി, മൈസൂരു റോഡ് എന്നീ സ്റ്റേഷനുകളില്‍വെച്ചും പര്‍പ്പിള്‍ ലൈന്‍ ക്രോസ് ചെയ്യും

You may also like

error: Content is protected !!
Join Our WhatsApp Group