ബംഗളൂരു: 2008ല്‍ തന്നെ ബി.ജെ.പി തെറ്റിദ്ധരിപ്പിച്ചെന്നും 2018ല്‍ കോണ്‍ഗ്രസ് തന്നില്‍നിന്ന് അധികാരം പരിമിതപ്പെടുത്തിയെന്നും വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവുമായ എച്ച്.ഡി.കുമാരസ്വാമി.സഖ്യ സര്ക്കാറുകൊണ്ട് കര്‍ണാടകയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബെള്ളാരി കുരെകൊപ്പയില് ജെ.ഡി-എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008ല്‍ ബി.ജെ.പിയുമായും 2018ല്‍ കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യഭരണം നടത്തിയത് ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.2006ലെ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസിനെയും ബി.ജെ.പി മറികടന്നിരിക്കുന്നു. മുമ്ബ് ജെ.ഡി-എസ് അംഗമായിരുന്ന സിദ്ധരാമയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ അടിമയായി മാറിയതായും കുമാരസ്വാമി കുറ്റപ്പെടുത്തി.
2018ല്‍ സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ കോണ്‍ഗ്രസ് അവരുടെ അന്ത്യം വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയുടെയും തുമകുരുവില്‍ എച്ച്.ഡി. ദേവഗൗഡയുടെയും തോല്‍വിക്കു കാരണം കോണ്‍ഗ്രസാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് നിഖില്‍ തോറ്റത്.തുമകുരുവില്‍ സംഭവിച്ചതും അതുതന്നെയാണ്.
മുഖ്യമന്ത്രിയാകാന്‍ മാത്രമായാണ് സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്കു പോയത്. കുടുംബവാഴ്ചയെന്ന് ജെ.ഡി-എസിനെ മാത്രമാണ് വിളിക്കുന്നത്.സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍നിന്ന് മാറി മത്സരിച്ചത് മകന് യതീന്ദ്രക്കുവേണ്ടിയാണെന്നും മല്ലികാര്‍ജുന ഖാര്‍ഗെ മകന് പ്രിയങ്ക് ഖാര്‍ഗെയെ കൊണ്ടുവന്നെന്നും ബി.ജെ.പിയില്‍ യെദിയൂരപ്പയും ഈശ്വരപ്പയും മക്കളുടെ കാര്യത്തില്‍ വ്യാകുലരാണെന്നും എച്ച്.ഡി. കുമാരസ്വാമി ചൂണ്ടിക്കാട്ടി.
മന്ത്രശക്തി ലഭിക്കണം; ഗുരുവിനെ ബലി നല്കി രക്തം കുടിച്ചു; 25കാരന് അറസ്റ്റില്‍
റാഞ്ചി: മന്ത്രശക്തി ലഭിക്കുമെന്ന് കരുതി ഗുരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് സംഭവം.മഗര്ലോഡ്് പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസമാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അന്‍പത് വയസുകാരനായ ബസന്ത് സാഹു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ശിഷ്യനായ മാന്യ ചാവ്ളയെ പൊലീസ് അറസ്റ്റ് ചെയ്തു.സാഹുവില്‍ നിന്ന് താന്‍ മന്ത്രവിദ്യ പഠിക്കുകയാണെന്നും സ്വയം മന്ത്രവാദം നടത്താന്‍ ആഗ്രഹിച്ചതായും മാന്യ ചാവ്ള പൊലീസിനോട് പറഞ്ഞു. മന്ത്രശക്തി ലഭിക്കണമെങ്കില്‍ മനുഷ്യരക്തം കുടിക്കണമെന്ന് താന്‍ വിശ്വസിച്ചു. തുടര്‍ന്ന് സാഹുവിനെ ആക്രമിക്കുകയും ബലിനല്‍കി രക്തം കുടിക്കുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേം കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.