ബംഗളൂരു: കെ.എസ്.ആര്‍ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12677) ഫെബ്രുവരി 11ന് വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ.സേലം റെയില്‍വേ ഡിവിഷനു കീഴില്‍ പാത നവീകരണത്തെ തുടര്‍ന്നാണ് മാറ്റം.കെ.എസ്.ആര്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിനിന് പതിവ് ഷെഡ്യൂള്‍ പ്രകാരം 6.22ന് ബംഗളൂരു കന്റോണ്‍മെന്റിലും 6.37ന് കാര്‍മലാരത്തും 7.19ന് ഹൊസൂരിലും 8.38ന് ധര്‍മപുരിയിലുമാണ് സ്റ്റോപ്പുള്ളത്. ഫെബ്രുവരി 11ന് ഈ ട്രെയിന്‍ ഹൊസൂര്‍-സേലം പാതക്കു പകരം കെ.ആര്‍ പുരം-ബംഗാര്‍പേട്ട്-സേലം വഴിയാണ് പോകുക.
ബംഗളൂരു കന്റോണ്‍മെന്റ് കഴിഞ്ഞാല്‍ പിന്നീട് സേലത്തു മാത്രമേ സ്റ്റോപ്പുണ്ടായിരിക്കൂ. 10.02ന് സേലത്തെത്തും. 11ന് രാവിലെ 9.10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം- കെ.എസ്.ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് (12678) 10.10നാണ് സര്‍വിസ് ആരംഭിക്കുകയെങ്കിലും റൂട്ടില്‍ മാറ്റമില്ല.പതിവുപോലെ സേലം-ധര്‍മപുരി-ഹൊസൂര്‍-കാര്‍മലാരം വഴി സര്‍വിസ് നടത്തും.
ഫെബ്രുവരി ആറിന് പുറപ്പെടുന്ന എറണാകുളം-പുണെ പ്രതിവാര എക്സ്പ്രസ് (11098) ഗോവ മേഖലയില്‍ വഴിതിരിച്ചുവിടും. സര്‍വോര്‍ഡം, കൂലം, കാസ്ല്‍ റോക്ക്, ലോണ്ട, ബെളഗാവി, ഘട്ടപ്രഭ, മിറാജ് സാങ്ളി, കരാട്, സതാര സ്റ്റേഷനുകള്‍ ഒഴിവാക്കി മഡ്ഗോവ, പനവേല്‍, കല്യാണ്‍, ലോണവാല വഴി പുണെയിലെത്തും.
യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്തും; തൊഴിലെടുക്കാന്‍ കഴിവുള്ളവരുടെ എണ്ണം കുറയുന്നു
യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്താന്‍ നടപടികള്‍ ആവിഷ്കരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന പല വിദ്യാര്‍ത്ഥികളും തൊഴില്‍ തേടി കേരളത്തിന് പുറത്തു പോകുന്ന സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രഖ്യാപനം.നാട്ടില്‍ തന്നെ വേണ്ടത്ര അവസരങ്ങള്‍ ഒരുക്കിക്കൊടുത്ത് യുവതലമുറയെ കേരളത്തില്‍ തന്നെ നിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ധനമത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ അന്യ നാടുകളില്‍ ജോലി തേടി പോകുന്ന സാഹചര്യം ഉള്ളതിനാല്‍ കേരളത്തില്‍ തൊഴിലെടുക്കാന്‍ ഉള്ളവരുടെ എണ്ണം കുറയുന്നു. കേരളത്തിലെ ജനസംഖ്യയില്‍ 16.5 ശതമാനം 60 വയസ്സ് പിന്നിട്ടവരാണ്. ഇത് 2030ല്‍ 20 ശതമാനമായി വര്‍ധിക്കും. തൊഴിലെടുക്കാന്‍ കഴിവുള്ളവരുടെ എണ്ണം കേരളത്തില്‍ കുറയുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ 2031ഓടുകൂടി ജനനനിരക്ക് കുറയുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.ഒരു സ്കൂള്‍ വിദ്യാര്‍ഥിക്ക് വര്‍ഷം ചെലവാക്കുന്നത് 50000 രൂപയാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇതിലേറെ പണം ചെലവാകുന്നുണ്ട്.
ഇത് ഉപയോഗപ്പെടുത്തിയാല്‍ തൊഴില്‍ മേഖലയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി രൂപയും നീക്കിവച്ചു.