ടാക്സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു.കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്.ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആമസോണില്‍ നിന്ന് കമ്മിഷന്; തട്ടിപ്പിന്റെ പുതിയ കെണി; യുവാവിന് നഷ്ടമായത് കല്യാണ ചെലവിന്റെ തുക
തൃശൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണ്.പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം തട്ടിപ്പുകളില്‍ പെടുന്നവരുടെ എണ്ണത്തിന് ഒരു കുറവുമില്ല. ഇപ്പോഴിതാ തൃശൂരില്‍ വീണ്ടും ഓണ്‍ലൈന്‍ വഴി യുവാവിന് പണം നഷ്ടപ്പെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്. പാര്‍ട് ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോഴാണ് യുവാവിന് പണം നഷ്ടപ്പെട്ടത്. കല്യാണ ചെലവുകള്‍ക്ക് വേണ്ടി സ്വരൂപിച്ച പണമാണ് യുവാവിന് നഷ്ടപ്പെട്ടത്. എന്നാല്‍ തൃശൂര്‍ പൊലീസിന്റെ അന്വേഷണ മികവില്‍ നഷ്ടപ്പെട്ട പണം വീണ്ടെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.
വാട്സാപ് പരസ്യംഓണ്ലൈനില് പാര്‍ട് ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോള്‍ ചേലക്കര സ്വദേശിയായ യുവാവിന് ലഭിച്ചത് ഒരു ലിങ്ക് ആയിരുന്നു. ഈ ലിങ്കില്‍ ക്ളിക് ചെയ്താല്‍ ആമസോണ്‍ പ്രൊഡക്ട്സ് വെര്‍ച്വല്‍ ആയി വാങ്ങിയാല്‍ കമ്മീഷന് നേടാം എന്ന മറുപടിയാണ് ലഭിച്ചത്. ഉടന്‍തന്നെ ലിങ്കില്‍ കയറി റെജിസ്റ്റര്‍ ചെയ്തു.
പിന്നീടുള്ള നിര്‍ദ്ദേശങ്ങളെല്ലാം മോണിക്ക ആമസോണ്‍ എന്നുപേരുള്ള ടെലഗ്രാം അക്കൌണ്ടിലൂടെയാണ് ലഭിച്ചിരുന്നത്. ചാറ്റ് ചെയ്തപ്പോള്‍ ആമസോണില്‍ നിന്നും ലഭിക്കുന്ന കമ്മീഷനെപ്പറ്റിയും ഉത്പന്നങ്ങളെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി ആമസോണ്‍ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചുകൊടുത്തു. അങ്ങനെ അയാള്‍ 500 രൂപയ്കു ഒരു ഉത്പന്നം വാങ്ങുകയും ഉടന്‍തന്നെ അദ്ദേഹത്തിന്റെ അക്കൌണ്ടിലേക്ക് കമ്മീഷന് തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു.
പിന്നീട് 5000, 10000, 25000 തുടങ്ങി 5 ലക്ഷത്തിലധികം തുകയാണ് അയച്ചുകൊടുത്തത്. അക്കൌണ്ടിലേക്ക് കമ്മീഷന് ക്രെഡിറ്റ് ആയിട്ടുള്ള മെസേജ് വന്നുകൊണ്ടേയിരുന്നു. എന്നാല്‍ അത് പിന്‍വലിക്കാന്‍ സാധിക്കാതായപ്പോള്‍ സംശയം തോന്നിയിരുന്നു. കൂടുതല്‍ തുകയുടെ ഉത്പന്നങ്ങള്‍ വാങ്ങി ടാസ്ക് മുഴുവനായാല്‍ മാത്രമേ തുക പിന്‍വലിക്കാനാകൂ എന്നാണ് അവര്‍ അറിയിച്ചത്.
അവരുടെ മറുപടിയില്‍ സംശയം തോന്നിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സൈറ്റ് വ്യാജനാണെന്നു മനസ്സിലായത്. അപ്പോഴേക്കും വലിയൊരു തുക അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. വലിയൊരു കെണിയിലാണ് താന്‍ അകപ്പെട്ടിരിക്കുന്നത് എന്നു മനസ്സിലായ ഉടന്‍തന്നെ തൃശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
ഇന്‍സ്പെക്ടര്‍ എ.എ. അഷ്റഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി, പണം നഷ്ടപ്പെട്ടയാളുടെ എക്കൌണ്ടുകളില്‍ നിന്നും പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും, കൈമാറിയ പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ കൈകാര്യം ചെയ്തവയെന്ന് കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകള്‍ ലീന്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു.
അതോടെ, പരാതിക്കാരന് നഷ്ടമായ മുഴുവന്‍ തുകയും തിരികെ ലഭിക്കുകയുണ്ടായി. ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകളില്‍ നഷ്ടമാകുന്ന പണം തിരിച്ചെടുക്കാറുണ്ടെങ്കിലും, നഷ്ടപ്പെട്ട മുഴുവന്‍ തുകയും സൈബര്‍ തട്ടിപ്പുകാര്‍ പിന്‍വലിക്കുകയോ മറ്റ് എക്കൌണ്ടുകളിലേക്ക് കൈമാറുകയോ ചെയ്യുന്നതിനുമുമ്ബേ കണ്ടെടുക്കുവാന്‍ കഴിഞ്ഞത് തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ ക്രൈം വിഭാഗത്തിന്റെ അന്വേഷണ മികവിനെ കാണിക്കുന്നു.
പരാതിക്കാരന്റെ കല്യാണച്ചിലവിനു കരുതിവെച്ച പണമാണ് സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത്. അതോടെ കല്യാണസദ്യയും വിരുന്നുസല്‍ക്കാരവുമെല്ലാം ഒഴിവാക്കാനുള്ള വിഷമകരമായ തീരുമാനത്തിലായിരുന്നു. നഷ്ടപ്പെട്ട മുഴുവന്‍ പണവും തിരിച്ചു കിട്ടിയതോടെ കല്ല്യാണം അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു. ഇന്നലെ അയാള്‍ തൃശൂര്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെത്തി, എല്ലാവരേയും കല്യാണത്തിന് ക്ഷണിച്ചു. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്റെ ജീവിതം തിരിച്ചുതന്നവര്‍. അവരോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞ സന്തോഷം.