Home Featured ബെംഗളൂരു: നഗരത്തിലെ 3 റെയിൽവേ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഒരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: നഗരത്തിലെ 3 റെയിൽവേ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഒരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു∙ നഗരത്തിലെ 3 റെയിൽവേ സ്റ്റേഷനുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ ദക്ഷിണ പശ്ചിമ റെയിൽവേ. മജസ്റ്റിക് കെഎസ്ആർ, കെആർപുരം, ഐടി മേഖലയായ വൈറ്റ്ഫീൽഡിനോടു ചേർന്ന് കിടക്കുന്ന ഹൂഡി ഹാൾട്ട് സ്റ്റേഷനുകളിലാകും സംവിധാനം ആരംഭിക്കുക. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമായാണ് ചാർജിങ് സംവിധാനം ഏർപ്പെടുത്തുന്നത്.

ഇലക്ട്രിക് സ്കൂട്ടർ ഷെയറിങ് കമ്പനിയായ യുലുവിന്റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഷനുകൾ ആരംഭിക്കുക. ബാറ്ററി സ്വാപ്പിങ് ഇതിനോടൊപ്പം ഉണ്ടാകുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷൻ മാനേജർ ശ്യാം പറഞ്ഞു. പദ്ധതി വിജയകരമായാൽ മുഴുവൻ സ്റ്റേഷനുകളിലും സംവിധാനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരത്തിൽ ഇലക്ട്രിക് വാഹന ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

ഇരുചക്രവാഹനങ്ങൾക്കു പുറമേ കാറുകളും വലിയ വാഹനങ്ങളും ഉൾപ്പെടെ സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനാകും. ദിവസം മുഴുവൻ ചാർജിങ് സ്റ്റേഷനുകളിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനും കഴിയുമെന്നതാണ് യാത്രക്കാർക്ക് നൽകുന്ന മറ്റൊരു സൗകര്യം. തിരക്കേറിയ കന്റോൺമെന്റ്, യശ്വന്ത്പുര, ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനുകളിൽ ചാർജിങ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാണ്.

മൈസൂരു റൂട്ടിൽ അന്തർ ജില്ലാ ഇലക്ട്രിക് എസി ബസ്

കർണാടക ആർടിസിയുടെ അന്തർ ജില്ലാ ഇലക്ട്രിക് എസി ബസ് ബെംഗളൂരു–മൈസൂരു റൂട്ടിൽ സർവീസ് ആരംഭിച്ചു. ഇന്നലെ രാവിലെ 6.45ന് മജസ്റ്റിക് ബസ് ടെർമിനലിൽ നിന്ന് പുറപ്പെട്ട ബസ് 9.30ന് മൈസൂരുവിൽ എത്തി. 12 മണിക്ക് ആരംഭിച്ച മടക്കയാത്ര 2.45ഓടെ ബെംഗളൂരുവിൽ എത്തി. കർണാടക ആർടിസി ഉദ്യോഗസ്ഥർ അടക്കം 43 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ശബ്ദമില്ലാതെ ആധുനിക സജ്ജീകരണങ്ങളുള്ള ബസിലെ യാത്ര മികച്ച അനുഭവമാണ് നൽകിയതെന്നു യാത്രക്കാർ പറ‍ഞ്ഞു.

ഹൈദരാബാദ് ആസ്ഥാനമായ ഒലെക്ട്ര ഗ്രീൻ ടെക് ലിമിറ്റഡാണ് 10 വർഷത്തെ വാടക കരാറിൽ കർണാടക ആർടിസിക്കായി 1.85 കോടിരൂപ വിലവരുന്ന ബസ് ഓടിക്കുന്നത്. ഒറ്റചാർജിങ്ങിൽ 300 കിലോമീറ്റർ ബസ് സഞ്ചരിക്കും.മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിലും മൈസൂരു സബേർബൻ ബസ് ടെർമിനലിലുമാണ് ചാർജിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മൈസൂരുവിന് പുറമേ മടിക്കേരി, വിരാജ്പേട്ട്, ദാവനഗരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കു കൂടി 2 മാസത്തിനുള്ളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടങ്ങളിൽ ചാർജിങ് സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുകയാണ്, സർവീസ് വ്യാപിപ്പിക്കുന്നതോടെ പീനിയ ബസ് ടെർമിനൽ ഇലക്ട്രിക് ബസ് ഡിപ്പോയാക്കാനും കർണാടക ആർടിസി ലക്ഷ്യമിടുന്നുണ്ട്.ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ 90 മിനിറ്റ് കൊണ്ട് ബസ് യാത്ര പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവി പവർ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ബസിൽ മൈസൂരുവിലേക്ക് 120 കിലോമീറ്റർ യാത്രയ്ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ ഐരാവത് എസി മൾട്ടി ആക്സിൽ ബസിൽ 330 രൂപയും ഐരാവത് എസിയിൽ 290 രൂപയും രാജഹംസ നോൺ എസിയിൽ 180 രൂപയും സാരിഗെ എക്സ്പ്രസിൽ 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സെമി സ്ലീപ്പർ സീറ്റുകൾ, സിസിടിവി ക്യാമറ, ജിപിഎസ്, എബിഎസ് ഡിസ്ക് ബ്രേക്ക്, പാനിക്ക് ബട്ടൺ, സീറ്റുകളിൽ യുഎസ്ബി ചാർജിങ് പോയിന്റുകൾ എന്നിവ ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group