ബെംഗളൂരു: മൈസൂരു ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കി വത്തിക്കാന്‍. ലൈംഗീകാരോപണവും സാമ്ബത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കിയത്. ബെംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു.
2019ല്‍ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരും ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കി. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നും വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങളാണ് വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ തനിക്കെതിരെ പരാതി നല്‍കിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത് വന്‍ വിവാദമായി. ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്. ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസൂരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും.
യുപിയില്‍ പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലര്‍; ഭയന്ന് വിറച്ച് ജനങ്ങള്‍
ലക്നോ: പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യത്തില്‍ ഭയന്നുവിറച്ച് ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ നിവാസികള്‍.പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്. 2022 ഡിസംബര്‍ അഞ്ചിന് അയോധ്യ ജില്ലയിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മവായ് പ്രദേശത്തെ ഖുഷേതി ഗ്രാമത്തില്‍ നിന്നുള്ള 60 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ജോലിക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട ഇവര്‍ വൈകുന്നേരം ആയിട്ടും മടങ്ങിയെത്താതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ആറിന് ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ വസ്ത്രം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ട്. ഇവരെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ, ബരാബങ്കി ജില്ലയിലെ വയലില്‍ നിന്ന് 62 വയസുള്ള സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇവരും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ വസ്ത്രം ഇല്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഡിസംബര്‍ 30 നാണ് അവസാനം റിപ്പോര്‍ട്ട് ചെയ്ത സംഭവം നടന്നത്. രാംസ്‌നെഹിഘട്ട് കോട്‌വാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തത്താര്‍ഹ ഗ്രാമത്തില്‍ 55 വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇവരെയും ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന്‍റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മാറ്റി പകരം മറ്റൊരു ഉദ്യോഗസ്ഥനെ എസ്പി നിയമിച്ചു. കൊലയാളിയെ പിടികൂടാന്‍ ആറ് സംഘങ്ങളെ വിന്യസിച്ചാണ് പോലീസ് തെരച്ചില്‍ നടത്തുന്നത്. ബരാബങ്കിയിലും സമീപ പൊലീസ് സ്റ്റേഷനുകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.