Home covid19 കൊവിഡ് അവസാനിച്ചിട്ടില്ല, മാസ്ക് ധരിക്കുന്നത് തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ

കൊവിഡ് അവസാനിച്ചിട്ടില്ല, മാസ്ക് ധരിക്കുന്നത് തുടരണം; രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ

by കൊസ്‌തേപ്പ്

ചൈനയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാ​ഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

കൊവി‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. 

ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ പോൾ യോ​ഗത്തിനുശേഷം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27- 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ കൊവിഡ് വകഭേദം ചൈനയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ്.

ചൈനയില്‍ നാരങ്ങയ്ക്ക് വന്‍ ഡിമാന്‍ഡ്; കോവിഡിനെ പ്രതിരോധിക്കാന്‍ വൈറ്റമിന്‍ സി കിട്ടാനെന്ന് സൂചന

ചൈനയില്‍ നാരങ്ങയുടെ ഡിമാന്‍ഡ് കുത്തനെ ഉയരുന്നു.നാരങ്ങ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ടണ്‍ കണക്കിന് ഓര്‍ഡറുകളാണ് ലഭിക്കുന്നത്.

കോവിഡ് കേസുകള്‍ ഉയര്‍ന്നതും പ്രതിരോധത്തിന്‍െറ ഭാഗമായി നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നതുമാണ് ഇതിനു കാരണം.കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് നാരങ്ങയുടെ വില കുത്തനെ ഉയരുകയും ചെയ്തു.

“നാരങ്ങ വിപണിയില്‍ വലിയ കുതിപ്പാണ് നടക്കുന്നത്,” എന്ന് വെന്‍ എന്ന് പേരുള്ള ഒരു ചൈനീസ് കര്‍ഷകന്‍ പറയുന്നു. ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള അന്യൂ എന്ന ഗ്രാമത്തിലാണ് വെന്നിന്റെ കൃഷിസ്ഥലം. ഏകദേശം 130 ഏക്കര്‍ സ്ഥലത്ത് ഇയാള്‍ നാരങ്ങ കൃഷി ചെയ്യുന്നുണ്ട്. അന്യൂവിലാണ് ചൈനയുടെ ഏകദേശം 70 ശതമാനം നാരങ്ങ കൃഷിയും നടക്കുന്നത്. കഴിഞ്ഞയാഴ്ച വരെ തനിക്ക് 5 മുതല്‍ 6 ടണ്‍ വരെ ഓര്‍ഡര്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 20 മുതല്‍ 30 വരെ ടണ്‍ ഓര്‍ഡറാണ് ലഭിക്കുന്നതെന്ന് വെന്‍ പറഞ്ഞു.

ബീജിങ്, ഷാങ്ഹായ് എന്നിങ്ങനെയുള്ള ചൈനയുടെ പ്രധാന നഗരങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ കര്‍ഷകര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആളുകള്‍ നാരങ്ങ കാര്യമായി വാങ്ങാന്‍ തുടങ്ങിയത്. പനിയുടെയും ജലദോഷത്തിന്‍െറയുമൊക്കെ മരുന്നിന്‍െറ ലഭ്യത രാജ്യത്ത് കുറഞ്ഞ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും കോവിഡ് പ്രതിരോധത്തിന് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കാത്തത് മൂലമാണ് ചൈനയില്‍ ഇപ്പോള്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നാരങ്ങയുടെ വില ഇരട്ടിയായി ഉയര്‍ന്നിരിക്കുകയാണ്. അന്യൂവിലെ മറ്റൊരു കര്‍ഷകനായ ലിയു യാന്‍ജിങ് പറഞ്ഞു. രാജ്യത്തിന്‍െറ എല്ലാ ഭാഗത്ത് നിന്നും വന്‍തോതില്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ താന്‍ ദിവസവും 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും യാന്‍ജിങ് പറഞ്ഞു. നേരത്തെ നാരങ്ങക്ക് കിലോഗ്രാമിന് നാല് രൂപ മുതല്‍ 6 വരെ ആയിരുന്നിടത്ത് ഇപ്പോള്‍ 12 രൂപയായിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.

മൊത്തത്തില്‍ ചൈനയിലെ പഴം വിപണിയില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. സബര്‍ജെല്ലി, ഓറഞ്ച് എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും പഴങ്ങളുടെ കച്ചവടം വന്‍തോതില്‍ നടക്കുന്നുണ്ട്. പീച്ചിനും രാജ്യത്ത് വലിയ ഡിമാന്‍ഡുണ്ട്. മധുരമുള്ളതും തണുപ്പുള്ളതുമായ ഈ പഴം അസുഖമുള്ളവര്‍ക്ക് വളരെ നല്ലതാണെന്നാണ് വിലയിരുത്തല്‍. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ഫ്രെഷിപ്പോ എന്ന ഇ-കൊമേഴ്സ് സൈറ്റില്‍ പീച്ചിന്‍െറ ഓര്‍ഡറില്‍ 900 ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ വലിയ തകര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഗതാഗതവും മറ്റും പ്രതിസന്ധിയിലായിരുന്നതിനാല്‍ കര്‍ഷകര്‍ക്ക് സാധനങ്ങള്‍ എവിടെയും എത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ആ സാഹചര്യം പൂര്‍ണമായും മാറിയിരിക്കുകയാണ്.Dailyhunt

You may also like

error: Content is protected !!
Join Our WhatsApp Group