ബംഗളൂരു: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ള കര്‍ണാടകയില്‍ പാര്‍ട്ടികള്‍ ഒരുങ്ങുന്നു. ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി.കുമാരസ്വാമി ചന്നപട്ടണയില്‍നിന്നും മകനും നടനുമായ നിഖില്‍ കുമാരസ്വാമി രാമനഗര മണ്ഡലത്തില്‍നിന്നും ജനവിധി തേടും. കുമാരസ്വാമിയുടെ ഭാര്യയും നിലവില്‍ രാമനഗര മണ്ഡലം എം.എല്‍.എയുമായ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.
തന്‍റെ മകന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു.2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍നിന്ന് നിഖില്‍ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു പരാജയം.ജെ.ഡി.എസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ശക്തമായ വിമര്‍ശനമുന്നയിക്കാറുണ്ട്.
ജെ.ഡി.എസ് പരമോന്നത നേതാവ് ദേവഗൗഡയുടെ കുടുംബത്തില്‍നിന്നുള്ള എട്ട് അംഗങ്ങള്‍ നിലവില്‍ പാര്‍ട്ടിയിലും മറ്റും പ്രധാന സ്ഥാനങ്ങളിലുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ആെകയുള്ള 224 സീറ്റുകളില്‍ 123 എണ്ണത്തില്‍ വിജയിക്കുകയാണ് ഇത്തവണ ജെ.ഡി.എസിന്‍റെ ലക്ഷ്യം.2018ല്‍ ബി.ജെ.പി 107 സീറ്റിലും കോണ്‍ഗ്രസ് 78ലും ജനതാദള്‍-എസ് 37 സീറ്റിലുമാണ് വിജയിച്ചത്.ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല.
കോണ്‍ഗ്രസ് ജനതാദള്‍-എസിന് പിന്തുണ നല്‍കുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, 14 മാസത്തെ ഭരണശേഷം കോണ്‍ഗ്രസും ജനതാദള്‍-എസും വേര്‍പിരിഞ്ഞു. നിയമസഭയില്‍ വിശ്വാസപ്രമേയം ജയിക്കാനാകാതെ സര്‍ക്കാര്‍ വീണു. തുടര്‍ന്നാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്.
കർണാടക : നഗരങ്ങളെ ബന്ധിപ്പിക്കാൻ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ അവസാനത്തോടെ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് അടുത്ത ആഴ്ച ആദ്യത്തോടെ ആദ്യ ബസ് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ ഫാസ്റ്റർ അഡോപ്ഷൻആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്വെഹിക്കിൾസ് (ഫെയിം) പദ്ധതി പ്രകാരം കുറഞ്ഞത് ആറ് റൂട്ടുകളിലെങ്കിലും ബസുകൾ ഓടിക്കാൻ പദ്ധതിയിട്ടിരിക്കെ, ഈ മാസം അവസാനത്തോടെ ആദ്യ ബസ് ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽഓടിത്തുടങ്ങാനാണ് സാധ്യത.
അടുത്ത ആഴ്ചയോടെ ആദ്യത്തെ ഇ-ബസ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് പരീക്ഷിച്ച് 150 കിലോമീറ്റർ ബെംഗളുരു മൈസൂർ റൂട്ടിൽ ഇന്റർസിറ്റി ഓപ്പറേഷൻസ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും ഒരു മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ട്രാൻസ്പോർട്ട് കോർപ്പറേഷൻ 50 ഇലക്ട്രിക് ബസുകൾക്കായി ഓർഡർ നൽകിയിട്ടുണ്ടെന്നും ഡിസംബർ അവസാനത്തോടെ അവ വിതരണം ചെയ്യാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ ഇ-ബസ്സിനും ഏകദേശം 1.8 കോടി രൂപ വിലവരും, അതിൽ 43 പുഷ് ബാക്ക് സീറ്റുകളും വ്യക്തിഗത ചാർജിംഗ് പോയിന്റുകളും വോൾവോ ബസുകൾക്ക് സമാനമായ എസി വെന്റുകളുമുണ്ടാകും.
ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) പ്രകാരം സ്വകാര്യ ഓപ്പറേറ്ററായ ഒലെക്ട്രയാണ് ബസുകൾ പ്രവർത്തിപ്പിക്കുന്നത്, കെഎസ്ആർടിസി കിലോമീറ്ററിന് 55 രൂപയാണ് പ്രവർത്തനച്ചെലവായി നൽകേണ്ടത്.പ്രാരംഭ ഘട്ടത്തിൽ 250 കിലോമീറ്റർ കടന്നുപോകാത്ത റൂട്ടുകളിലാണ് ബസുകൾ ഓടിക്കുക. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ ശേഷിയുള്ളതാണ് ഇലക്ട്രിക് ബസുകൾ.
ബംഗളൂരുവിൽ നിന്ന് മൈസൂരു, തുംകുരു, ഹാസൻ, ചിത്രദുർഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും. ദൈർഘ്യമേറിയ റൂട്ടുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ പോലുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർപറഞ്ഞു.