ബെംഗളൂരു: ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ ദുരൂഹസാഹചര്യത്തിൽ ആറ്് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. പന്നിപ്പനിയെത്തുടർന്നാണോ പന്നികൾ ചത്തതെന്നാണ് വനംവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംശയം.വനത്തിൽ ഗോപാലസ്വാമി മലയ്ക്ക് സമീപത്താണ് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടത്.10 പന്നികൾ ചത്തുവെന്നാണ് വനാതിർത്തി ഗ്രാമത്തിലെ ആളുകൾ വനംവകുപ്പിന് നൽകിയ വിവരം.
എന്നാൽ, ആറ് പന്നികളുടെ ജഡങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കൂടുതൽ പന്നികൾ ചത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടത്തിയശേഷം പന്നികളുടെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ്, ഡൽഹിയിലെ ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ.
സംസ്ഥാനത്ത് 114 നമ്മ ക്ലിനിക്കുകൾ ഇന്ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: ദാരിദ്ര രേഖയ്ക്കു താഴെയുള്ളവർക്കു സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 114 നമ്മ ക്ലിനിക്കുകൾ ഇന്ന് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങും.ബിബിഎംപി പരിധിയിലെ 243 ക്ലിനിക്കുകൾ ജനുവരിയിൽ ആരംഭിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഓൺലൈനായാണ ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിക്കുക.150 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ഭൂരിഭാഗം ഇടങ്ങളിലും സർക്കാർ കെട്ടിടങ്ങളിലാണു ക്ലിനി ക്കുകൾ പ്രവർത്തിക്കുകയെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.300 ഡോക്ടർമാരെ നിയമിച്ച് കഴിഞ്ഞു. ബിബിഎംപി പരിധിയിൽ ഒരു വാർഡിൽ ഒരു ക്ലിനിക്കാണ് ആരംഭിക്കുന്നതെന്നും സുധാകർ പറഞ്ഞു.എല്ലാവർക്കും ചികിത്സ:ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്കും കുറഞ്ഞ വരുമാനക്കാർക്കുമാണു നമ്മ ക്ലിനിക്കിൽ മുൻഗണന നൽകുന്നത്.
ചികിത്സയ്ക്ക് വരുമ്പോൾ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. പരിശോധനയും മരുന്നുകളും 14 ആരോഗ്യ പരിശോധനകളും സൗജന്യമാണ്. ഡോക്ടർ, നഴ്സ്, ലാബ് ടെക്നിഷ്യൻ, അസിസ്റ്റന്റ് എന്നിവരാണ് ഓരോ കേന്ദ്രത്തിലും ഉണ്ടാകും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ ക്ലിനിക് പ്രവർത്തിക്കും.