ദോഹ: ഞായറാഴ്ച ഖത്തറില്‍ നടക്കുന്ന ഫൈനല്‍ അവസാന മത്സരമാകുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി. കലാശപ്പോരില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ നിലവിലെ ചാമ്ബ്യന്‍മാരാണോ, മൊറോക്കോയാണോ എന്ന് ഇന്ന് വ്യക്തമാകും. ചൊവ്വാഴ്ച നടന്ന സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നു. 1986ന് ശേഷം അര്‍ജന്റീനയിലേക്ക് ആദ്യമായി ലോകകപ്പ് കിരീടം എത്തുമെന്ന ഉറച്ചു വിശ്വസിക്കുകയാണ് അര്‍ജന്റീനയുടെ ആരാധകര്‍.
അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മെസ്സി വ്യക്തമാക്കി. അടുത്ത ലോകകപ്പിന് ഇനിയും വര്‍ഷങ്ങളുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ അത് പൂര്‍ത്തിയാക്കുന്നതാണ് നല്ല തീരുമാനമെന്നു തോന്നുന്നുവെന്നും മെസി അഭിപ്രായപ്പെട്ടു.
ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും നാലു ലോകകപ്പുകള്‍ എന്ന നേട്ടത്തെ മറികടന്നാണ് 35കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ഖത്തറിലെ തന്റെ അഞ്ചാം ഗോളോടെ 11 തവണ അദ്ദേഹം ലോകകപ്പ് മൈതാനത്ത് വലകുലുക്കി, ലോകകപ്പിലെ ഏറ്റവും മികച്ച അര്‍ജന്റീനീയന്‍ ഗോള്‍വേട്ടക്കാരനായ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെയും മെസി ഗോള്‍ നേട്ടത്തില്‍ മറികടന്നു.
റിക്കോര്‍ഡുകള്‍ ഉള്‍പ്പെടെ എല്ലാം നന്നായിട്ടുണ്ട്, എന്നാല്‍ ഗ്രൂപ്പ് ലക്ഷ്യം കൈവരിക്കാന്‍ കഴിയുക എന്നതാണ് പ്രധാന കാര്യം. ഞങ്ങളെല്ലാം ഒരുമിച്ച് പ്രയത്‌നിക്കുന്നതും അതുതന്നെയാണെന്നും മെസി കൂട്ടിച്ചേര്‍ത്തു. ലക്ഷ്യത്തിലേക്ക് തങ്ങള്‍ ഒരു പടി മാത്രം അകലെയാണെന്നും ഇതുവരെ കഠിനമായി പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അത് സാധ്യമാക്കാന്‍ ഞങ്ങള്‍ എല്ലാം നല്‍കുമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.
ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസി; ലോകകപ്പ് ഗോള്‍വേട്ടയിലെ ഒന്നാമന്‍
ഖത്തർ: ലോകകപ്പിലെ തന്റെ 5ാം ഗോളിലേക്ക് മെസി എത്തിയപ്പോള്‍ ബാറ്റിസ്റ്റിയൂട്ടയുടെ ഗോള്‍ റെക്കോര്‍ഡ് ആണ് അര്‍ജന്റീനയുടെ നായകന്‍ മറികടന്നത്. മെസിയുടെ പതിനൊന്നാമത്തെ ലോകകപ്പ് ഗോളാണ് ഇത്. ബാറ്റിസ്റ്റ്യൂട്ടയുടെ ലോകകപ്പിലെ 10 ഗോള്‍ എന്ന നേട്ടമാണ് മെസി ഇവിടെ മറികടന്നത്.
ഇതോടെ സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫൈനല്‍ ഉറപ്പിച്ചതിനൊപ്പം റെക്കോര്‍ഡുകളില്‍ പലതും തന്റെ പേരിലാക്കി മെസി.
അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറി മെസി. കൂടാതെ ഖത്തര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരിലും മെസി മുന്‍പിലെത്തി. 5 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്.
രണ്ടാമതുള്ള എംബാപ്പെ 5 ഗോളും രണ്ട് അസിസ്റ്റും അക്കൗണ്ടിലാക്കി. നാല് ഗോളോടെ ഫ്രാന്‍സിന്റെ ജിറൗദ് ആണ് മൂന്നാമത്. ഒരു ലോകകപ്പ് എഡിഷനില്‍ അഞ്ച് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മെസി.