ദോഹ: ഫിഫ ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ ചരിത്രമെഴുതിയപ്പോൾ വിരാമമാവുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സിആർ7ന്റെ അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറിനാണ്.20 വർഷത്തോളം പോർച്ചുഗൽ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാൾഡോയുടെ അവസാന ലോകകപ്പ് കണ്ണീർ മടക്കമായി.
എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളിൽ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാൾഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാർട്ടർ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.ഖത്തർ ലോകകപ്പിലെ ക്വാർട്ടറിൽ മൊറോക്കോയുടെ ഒറ്റ ഗോളിൽ പോർച്ചുഗൽ പുറത്താവുമ്ബോൾ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്.
വേഗവും താളവും കുറഞ്ഞ മുപ്പത്തിയേഴുകാരനായ റൊണാൾഡോയ്ക്ക് അടുത്തൊരു ലോകകപ്പ് സ്വപ്നം കാണാൻ പോലും കഴിയില്ല. ഖത്തറിലെ ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെ 51-ാം മിനുറ്റിൽ പകരക്കാനായി റോണോ കളത്തിലെത്തി. പക്ഷേ ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്താൻ റോണോയ്ക്കായില്ല. അഞ്ച് ബാലൻ ഡി ഓർ നേടിയ, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസിൽ ലോകകപ്പ് കിരീടമെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
ഇനിയൊരിക്കലും ഫലിക്കാൻ സാധ്യതയില്ലാത്ത സ്വപ്നം. ലോകകപ്പ് കിരീടം ഉയർത്താനായില്ലെങ്കിലും ഫിഫ വേദിയിൽ അസൂയാവഹമായ നേട്ടങ്ങൾക്ക് ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006, 2010, 2014, 2018, 2022 എന്നിങ്ങനെ അഞ്ച് ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി കളിച്ചത്. ലോക വേദിയിൽ 22 മത്സരങ്ങൾ കളിച്ചു.
അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം ഖത്തർ ലോകകപ്പിനിടെ സ്വന്തമാക്കി. പക്ഷേ നോക്കൗട്ട് റൗണ്ടുകൾ എപ്പോഴും സിആർ7ന്റെ ഗോളടി മികവിന് മുന്നിൽ വിലങ്ങുതടിയായി നിന്നു എന്നതാണ് ചരിത്രം. പോർച്ചുഗലിന്റെ കുപ്പായത്തിൽ 196-ാം മത്സരത്തിനാണ് ക്രിസ്റ്റ്യാനോ ഇന്ന് ഇറങ്ങിയത്. ഇത്രയും മത്സരങ്ങളിൽ 118 തവണയാണ് രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റൊണാൾഡോ വല ചലിപ്പിച്ചത്.
കര്‍ണാടകയുടെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ല – ബസവരാജ് ബൊമ്മൈ
ബംഗളൂരു: കര്‍ണാടകയുടെ ഒരിഞ്ച് ഭൂമിയും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്ക വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും ബെളഗാവി ജില്ലയിലെ മറാത്തി ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച ചോദ്യത്തിനാണ് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയോട് ഇതിനകം സംസാരിച്ചുകഴിഞ്ഞു. കര്‍ണാടകയുടെ ഒരു തുണ്ട് ഭൂമിപോലും അയല്‍സംസ്ഥാനത്ത് കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ല. ഈ വിഷയത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നും ബൊമ്മൈ പറഞ്ഞു. അമിത് ഷായുമായി കൂടിക്കാഴ്ചക്ക് നിലവില്‍ തീരുമാനിച്ചിട്ടില്ല.
ജെ.പി. നഡ്ഡ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ വിളിച്ച് വിഷയത്തില്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ താമസിക്കുന്ന കന്നടിഗരുടെ ജീവനും സ്വത്തും സംരക്ഷിക്കാനായുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. മഹാരാഷ്ട്ര ഡി.ജി.പി, ചീഫ്സെക്രട്ടറി എന്നിവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം കഴിഞ്ഞദിവസം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ കല്ലേറടക്കം ഉണ്ടായിരുന്നു. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതുമുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം ഉണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ്.
ഇത് തങ്ങളുടെ അധീനതയില്‍ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം.1956ലെ സ്റ്റേറ്റ് റെകഗ്നിഷന്‍ നിയമം നടപ്പാക്കിയതിനുശേഷം കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചു. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും മഹാരാഷ്ട്ര പറയുന്നു.
എന്നാല്‍, ഇക്കാര്യങ്ങള്‍ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ത്രകാന്ത് പാട്ടീലിന്റെയും ശംഭുരാജ് ദേശായിയുടെയും ബെളഗാവി സന്ദര്‍ശനം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.