Home Featured വാറന്‍റി നല്‍കുന്നില്ല; ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം

വാറന്‍റി നല്‍കുന്നില്ല; ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം

കൊച്ചി: വാഹനം വാങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാല്‍ കൊച്ചിയിലെ ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം. സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടന്‍ കിരണ്‍ അരവിന്ദാക്ഷന്‍ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. യഥാര്‍ത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്‍റി നിഷേധിച്ചുവെന്നാണ് കിരണ്‍ അരവിന്ദാക്ഷന്‍ ആരോപിക്കുന്നത്.

ഫോക്‌സ് വാഗൻ പോളോ ഡീസല്‍ കാര്‍ 10 ലക്ഷത്തോളം ലോണ്‍ എടുത്താണ് കിരണ്‍ വാങ്ങിയത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡില്‍ കിടക്കുകയാണ് കാര്‍. 16 മാസമായി ഓടാതെ കിടക്കുകയാണ് ഈ ഡീസല്‍ വാഹനം. 2021 ആഗസ്റ്റിലാണ് ഈ വാഹനം ബ്രേക്ക് ഡൌണായി ഇവിടെ കിടക്കാന്‍ തുടങ്ങിയത്. 2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്‍റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്നം എന്നാണ് ഫോക്‌സ് വാഗൻ അംഗീകൃത സര്‍വീസ് സെന്‍റര്‍ പറഞ്ഞത്.

മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് എന്നാല്‍ വാറന്‍റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദ്യത്തിന് അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായി പെരുമാറി എന്നും കിരണ്‍ പറയുന്നു.

ഒടുവില്‍ കണ്‍സ്യൂമര്‍ ഫോറത്തില്‍ കിരണ്‍ നല്‍കിയ പരാതിയില്‍ കാറില്‍ അടിച്ച ഇന്ധനത്തില്‍ ജലത്തിന്‍റെ അംശമുണ്ടോ എന്ന് പരിശോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥനെയും, കെമിക്കല്‍ ലബിനെയും ചുമതലപ്പെടുത്തി. വാഹനത്തില്‍ നിന്നും ശേഖരിച്ച ഇന്ധനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ റിപ്പോര്‍ട്ടില്‍ ഇന്ധനത്തില്‍ ജലം ഇല്ലെന്നാണ് പറയുന്നത്.

അതേ സമയം കണ്‍സ്യൂമര്‍ ഫോറത്തില്‍ ഈ കേസില്‍ നടപടികള്‍ ഇഴയുകയാണ്. അതേ സമയം ഫോക്സ് വാഗണ്‍ അനുമതി നല്‍കാതെ തങ്ങള്‍ക്ക് തീരുമാനം എടുക്കാനാകില്ലെന്നാണ് ഡീലര്‍ പറയുന്നത്. ഒപ്പം ഇപ്പോഴുള്ള റിപ്പോര്‍ട്ട് വിശ്വാസ യോഗ്യം അല്ലെന്നും ഡീലറും ഫോക്സ് വാഗണ്‍ വക്കീലും പറയുന്നു. അതേ സമയം മറ്റൊരു പരിശോധന നടത്തണമെന്നും ഈ കക്ഷികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group