ബെംഗളൂരു: 180 സീറ്റുകളില്‍ വിജയിച്ച് പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കര്‍ണാടക ഭരിച്ചിരുന്നു ഒരു കാലത്ത്. പിന്നീട് ഇത്രയും സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും പാര്‍ട്ടി ഒറ്റയ്ക്ക് ഭരിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് ചിത്രം മാറി. ഒരു കക്ഷിക്കും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിക്കാതെ വരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം കക്ഷി നിര്‍ണായകമാകുക.
ജെഡിഎസിന് അധികാരത്തിലേക്കുള്ള വഴി തെളിയുന്നതും ഇത്തരം ഘട്ടത്തിലാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കര്‍ണാടക ഭരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സീറ്റുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് കര്‍ണാടകത്തില്‍. വിശദാംശങ്ങള്‍ അറിയാം…
കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പുള്ള 55-60 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്. ബിജെപി ജയിക്കുമെന്ന് ഉറപ്പുള്ള 70-75 സീറ്റുകളുമുണ്ട്. ഒരു കക്ഷി എന്ന നിലയില്‍ മേല്‍ക്കൈ ബിജെപിക്കാണ് എന്ന് ചുരുക്കം. ഈ ഘട്ടത്തില്‍ മറ്റൊരു പ്രധാന പാര്‍ട്ടിയായ ജെഡിഎസ് കറുത്ത കുതിരയാകും. എന്നാല്‍ അവര്‍ക്ക് ഉറപ്പുള്ളത് വെറും 15-20 സീറ്റുകളാണ്. അതായത് ജെഡിഎസ് ഏതെങ്കിലും പക്ഷം പിടിച്ചാലും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് ചുരുക്കം.
2
ഒരു പാര്‍ട്ടികള്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലാത്ത 75-80 സീറ്റുകളുണ്ട് കര്‍ണാടകത്തില്‍. ഈ സീറ്റുകളില്‍ കേമന്മാരാകുന്നത് ആരാണോ അവരാണ് സംസ്ഥാനം ഭരിക്കാന്‍ സാധ്യത. നിലവില്‍ ബിജെപി ഭരണകക്ഷിയായതിനാല്‍ ഇത്തരം മണ്ഡലങ്ങള്‍ കണ്ടെത്തുകയും ഈ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്.
3
കര്‍ണാടക ഭരിക്കുന്ന കക്ഷിക്ക് ലഭിക്കേണ്ടത് 113 സീറ്റുകളാണ്. 224 അംഗ നിയമസഭയാണ് കര്‍ണാടകത്തിലേത്. 175 സീറ്റില്‍ ബിജെപി തനിച്ച് മല്‍സരിക്കാറുണ്ട്. എന്നാല്‍ പഴയ മൈസൂര്‍ മേഖലയില്‍ അവര്‍ക്ക് സ്വാധീനം കുറവാണ്. ഇവിടെ ജെഡിഎസ്സിനും കോണ്‍ഗ്രസിനുമാണ് മേല്‍കൈ. അതുകൊണ്ടുതന്നെ ഇവിടെ ബിജെപി പതിവായി തോല്‍ക്കുകയാണ് ചെയ്യുക.
4
മൂപ്പിളമ തര്‍ക്കമാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് പോര് ഒരു ഭാഗത്ത്. ഈ രണ്ട് നേതാക്കളെയും പിന്തുണയ്ക്കാത്ത ചില നേതാക്കളുടെ ഗ്രൂപ്പുകളും കര്‍ണാടക കോണ്‍ഗ്രസിലുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുകയും ഐക്യനിര പടുക്കുകയും ചെയ്താല്‍ മാത്രമേ അനുകൂല സാഹചര്യം ഒരുങ്ങൂ.
5
മറ്റു പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടായ ഘട്ടത്തിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് എന്നാണ് ചരിത്രം. 1989ല്‍ 180 സീറ്റ് നേടി വീരേന്ദ്ര പാട്ടീലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റിരുന്നു. അന്ന് ജനതാ പാര്‍ട്ടി രാമകൃഷ്ണ ഹെഗ്‌ഡെയുടെയും ദേവ ഗൗഡയുടെയും നേതൃത്വത്തില്‍ ഭിന്നിച്ചുനിന്നതാണ് കോണ്‍ഗ്രസിന് നേട്ടമായത്.
6
1999ല്‍ എസ്‌എം കൃഷ്ണയുടെ നേതൃത്വത്തില്‍ 132 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. അന്ന് ജനതാദള്‍ ദേവ ഗൗഡയുടെയും ജെഎച്ച് പാര്‍ട്ടീലിന്റെയും ഗ്രൂപ്പുകളായി പോരടിക്കുകയായിരുന്നു. 2013ല്‍ കോണ്‍ഗ്രസ് 120 സീറ്റ് നേടി അധികാരത്തിലെത്തി. അന്ന് ബിജെപിയിലെ കലഹമാണ് കോണ്‍ഗ്രസിന് തുണയായത്. ബിഎസ് യെഡിയൂരപ്പ കെജെപി എന്ന പാര്‍ട്ടിയുണ്ടാക്കിയും ശ്രീരാമുലു ബിഎസ്‌ആര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചും വിഘടിച്ചു നില്‍ക്കുകയായിരുന്നു.
7
ഗുജറാത്തില്‍ വമ്ബന്‍ ജയം നേടിയാണ് ബിജെപി ഇനി കര്‍ണാടകയില്‍ പോരിന് ഒരുങ്ങുന്നത്. ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമാണ് കര്‍ണാടകയിലെ രാഷ്ട്രീയമെന്ന് സിദ്ധരാമയ്യ പറയുന്നു. എന്തു വില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ദക്ഷിണേന്ത്യയിലെ തുരുത്ത് സംരക്ഷിക്കാന്‍ എല്ലാ ഭിന്നതയും മാറ്റിവച്ച് ഒറ്റക്കെട്ടായി ഒരുങ്ങാനുള്ള ശ്രമത്തിലാണ് ബിജെപി.