ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഇനി ഗതാഗതവകുപ്പിന്റെ അംഗീകാരത്തോടെയുള്ള ഇലക്ട്രിക് ബൈക്ക് ടാക്സികളും. ഇത്തരം ടാക്സികള്‍ നടത്താന്‍ രണ്ടു കമ്ബനികള്‍ അനുമതി ആവശ്യപ്പെട്ടിരുന്നു.ഇതിനുള്ള നടപടിക്രമങ്ങള്‍ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബ്ലൂ സ്മാര്‍ട്ട്, ബൗണ്‍സ് എന്നീ കമ്ബനികള്‍ക്കാണ് ഇലക്ട്രിക് ബൈക്ക് ടാക്സികള്‍ നടത്താനുള്ള അനുമതി ലഭിക്കുക.മറ്റൊരു കമ്ബനിക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഗതാഗത കമീഷണര്‍ എസ്.എന്‍. സിദ്ദരാമപ്പ പറഞ്ഞു.
നിരവധി തയാറെടുപ്പുകളും നിയമപരമായ കാര്യങ്ങളും ഇക്കാര്യത്തില്‍ നടത്താനുണ്ടെന്നും അവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍വിസ് തുടങ്ങാനാകുമെന്നും അധികൃതര്‍ പറഞ്ഞു.കഴിഞ്ഞവര്‍ഷമാണ് ഇലക്ട്രിക് ബൈക്ക് ടാക്സി പദ്ധതി ഗതാഗതവകുപ്പ് പ്രഖ്യാപിച്ചത്. പൊതുഗതാഗതത്തിന്റെ ഭാഗമായി മിതമായ നിരക്കില്‍ ജനത്തിന് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം.
ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കുകളാണ് ഇതിനായി ഉപയോഗിക്കുക. പരമാവധി 10 കിലോമീറ്റര്‍ ദൂരത്തിനുള്ളിലായിരിക്കും സര്‍വിസ്. ഒരു യാത്രക്കാരന് മാത്രമേ സഞ്ചരിക്കാനാകൂ.അഞ്ചു കിലോമീറ്റര്‍, പത്തു കിലോമീറ്റര്‍ എന്നീ യാത്രക്കായി നിശ്ചിത നിരക്ക് ഗതാഗതവകുപ്പ് ഉടന്‍ പ്രഖ്യാപിക്കും. പരമാവധി യാത്രാക്കൂലി 50 രൂപയായിരിക്കും. ഇത് സമയാസമയം അധികൃതര്‍ പുതുക്കുകയും ചെയ്യും.
കൂടുതല്‍ കമ്ബനികള്‍ ഇലക്ട്രിക് ബൈക്ക് ടാക്സി സര്‍വിസുകള്‍ നടത്താന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.നിലവില്‍ ചില കമ്ബനികള്‍ പെട്രോള്‍ ബൈക്കുകള്‍ ഉപയോഗിച്ച് അനധികൃതമായി ടാക്സി സര്‍വിസ് നടത്തുന്നുണ്ട്. ഇത് യാത്രക്കാരനും ബൈക്ക് ഓടിക്കുന്നവര്‍ക്കും സുരക്ഷിതമല്ല. ഇവക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ബെളഗാവി അതിര്‍ത്തി തര്‍ക്കം ദേശീയ ശ്രദ്ധയിലേക്ക്
ബംഗളൂരു: സംഘര്‍ഷ സാഹചര്യം രൂപപ്പെട്ട ബെളഗാവി അതിര്‍ത്തിയിലെ തര്‍ക്കം സംബന്ധിച്ച് ബുധനാഴ്ച ലോക്സഭയില്‍ ബഹളം.ബി.ജെ.പിയുടെയും എന്‍.സി.പി, ശിവസേനയുടെയും നേതാക്കള്‍ തമ്മിലാണ് ശൂന്യവേളയില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നത്. ബഹളത്തിനൊടുവില്‍ എന്‍.സി.പി നേതാക്കളും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാക്കളും ലോക്സഭയില്നിന്നിറങ്ങിപ്പോയി. എന്‍.സി.പിയുടെ സുപ്രിയ സുലെയാണ് വിഷയം ആദ്യം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്.
കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനിടെ മറാത്തികളായ ആളുകള്‍ മര്‍ദനത്തിനിരയായതായി അവര്‍ ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരിക്കുന്നത്. എന്നിട്ടും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കെതിരായാണ് കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. മഹാരാഷ്ട്രക്കെതിരായി ഗൂഢാലോചന നടക്കുന്നു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞദിവസം മര്‍ദനമേറ്റു.
ഇതനുവദിക്കാനാവില്ല. ഇതൊരൊറ്റ രാജ്യമാണ്. വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.സുപ്രിയയുടെ പ്രസ്താവനെക്കതിരെ കര്‍ണാടകയിലെ ബി.ജെ.പി എം.പിമാര്‍ എഴുന്നേറ്റ് ബഹളംവെച്ചു. ഇതിനിടെ മഹാരാഷ്ട്രയില്‍നിന്നുള്ള എന്‍.സി.പി, ശിവസേന എം.പിമാര്‍ കര്‍ണാടക സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. ഇതോടെ സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടു. തുടര്‍ന്ന് എന്‍.സി.പി, ശിവസേന എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം, അതിര്‍ത്തിയിലെ തര്‍ക്കം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എന്നിവര്‍ ഫോണില്‍ ചര്‍ച്ച നടത്തി. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും കര്‍ണാടകയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ബൊമ്മൈ ട്വീറ്റ് ചെയ്തു.മഹാരാഷ്ട്ര മുഖ്യമന്ത്രി താനുമായി ചര്‍ച്ച നടത്തിയതായും ഇരു സംസ്ഥാനങ്ങളും അതിര്‍ത്തിയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുമെന്നും ബൊമ്മൈ പറഞ്ഞു.ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന് ഒരു കുറവും വരില്ല.
വിഷയം സുപ്രീംകോടതിയില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, അതിര്‍ത്തി വിഷയത്തില്‍ സര്‍വകക്ഷിയോഗത്തിന് സമയമായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയം നിയമപരമായി നേരിടുമെന്നും കര്‍ണാടക മന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സര്‍വകക്ഷിയോഗം വിളിക്കാത്തതിനെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമര്‍ശിച്ചതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എപ്പോള്‍ യോഗം വിളിക്കണമെന്ന് ബി.ജെ.പിക്കറിയാം. അത്തരമൊരു സാഹചര്യം വന്നാല്‍ വിളിക്കും. ഇപ്പോള്‍ സമയമായിട്ടില്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാര്‍ നാടകം കളിക്കുകയാണ്. ഞങ്ങള്‍ അതിലെ അഭിനേതാക്കളല്ല- അദ്ദേഹം പറഞ്ഞു.