മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് സരയു. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് താരം.മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് സരയു അഭിനയിച്ചിട്ടുള്ളത്. 2006 ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന സിനിമയിലൂടെ ആയിരുന്നു സരയുവിന്റെ സിനിമാ അരങ്ങേറ്റം.
സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി പിന്നീട് സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെയാണ് സരയു നായികയാകുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. 2016 ല്‍ വിവാഹിത ആയ സരയു അതിന് ശേഷവും അഭിനയം തുടര്‍ന്നിരുന്നു.
അഭിനയത്തിന് പുറമെ സംവിധാനത്തിലും നൃത്തത്തിലും പുസ്തക രചനയിലുമെല്ലാം തന്റെ കഴിവ് തെളിയിക്കാന്‍ സരയുവിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ ആയി കൂടുതലും ഫീച്ചര്‍ സിനിമകളിലാണ് സരയു അഭിനയിക്കുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സരയു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും സരയു സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്.
ഇപ്പോഴിതാ, സരയുവിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആര്‍ഭാടമായി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സരയു. വിവാഹദിവസം സ്വര്‍ണത്തില്‍ മൂടണമെങ്കിലോ വിലപിടിപ്പുള്ള സാരി വാങ്ങണമെങ്കിലോ അത് പെണ്‍കുട്ടികള്‍ സ്വയം അധ്വാനിക്കുന്ന പണം കൊണ്ടാവണമെന്നും അല്ലാതെ അച്ഛനമ്മമാര്‍ ഉണ്ടാക്കുന്ന പണം കൊണ്ടാകരുതെന്നുമാണ് സരയൂ പറയുന്നത്.
ഒരു പെണ്‍കുട്ടി ജനിക്കുമ്ബോള്‍ മുതല്‍ ആധി പിടിച്ച് ജീവിക്കുന്ന മാതാപിതാക്കളെ ഇനി തിരുത്താന്‍ കഴിയില്ലെന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ് സരയു പറയുന്നത്. നിരവധി പേര് സരയുവിന്റെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.
സരയുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.’അധ്വാനിച്ചു, വിയര്‍പ്പൊഴുക്കി അച്ഛനമ്മാര്‍ ഉണ്ടാക്കിയെടുത്ത സ്വര്‍ണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാന്‍ എങ്ങനെ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് മനസ്സ് വരുന്നു? എന്താണ് സോഷ്യല്‍ മീഡിയകളില്‍ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികള്‍ക്ക് വിവാഹം ആകുമ്ബോള്‍ നാവിടറുന്നത്.
നിങ്ങള്‍ക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വര്‍ണത്തില്‍ മൂടണോ, 50,000ന്റെ സാരി വേണോ. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ…. ചെയ്യൂ….അതിന് ആദ്യമൊരു ജോലി നേടൂ. എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം.അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാന്‍ മറക്കുന്ന ജനത നമ്മള് അല്ലാതെയുണ്ടോ? പെണ്‍കുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താന്‍ ആകുമെന്ന് അറിയില്ല.അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്
അവളുടെ കല്യാണദിവസം മുന്നില്‍ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാല്‍ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.നാടടച്ച് കല്യാണം വിളിച്ചു സോഷ്യല്‍ സ്റ്റാറ്റസ് കാണിക്കാന്‍ മക്കളെ സ്വര്‍ണത്തില്‍ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങള്‍ മാറുന്നതല്ലേ?’ സരയു കുറിച്ചു