ബെംഗളൂരു: ലോകപ്രശസ്‌തമായ കോലാര്‍ ഗോള്‍ഡ് മൈന്‍സ്(കെജിഎഫ്) പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. ലോകത്തെ തന്നെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ സ്വര്‍ണ ഖനിയായ കെജിഎഫിനെ വീണ്ടും പുനരുജ്ജീവിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ച ഖനിയിലെ അവശിഷ്‌ടങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ടെന്‍ഡര്‍ അധികൃതര്‍ ക്ഷണിച്ചതായാണ് വിവരം.
ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ഖനികളില്‍ ഇപ്പോഴും ആയിരക്കണക്കിന് കോടി രൂപയുടെ സ്വര്‍ണ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു കാലത്ത് സ്വര്‍ണം വിളയിച്ചിരുന്ന കെജിഎഫ് പ്രവര്‍ത്തന നഷ്‌ടം ഏറിയതോടെയാണ് 2001ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖല ഖനന കമ്ബനി പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചത്. ഇതോടെ ദുരിതത്തിലായത് അവിടെ പണിയെടുത്തിരുന്ന 3500 ഓളം തൊഴിലാളികളായിരുന്നു.
ഇവര്‍ക്ക് അര്‍ഹതപ്പെട്ട 52 കോടി രൂപയുടെ നഷ്‌ടപരിഹാരം പോലും നല്‍കാതെയാണ് ഖനിയുടെ പ്രവര്‍ത്തനം കമ്ബനി അവസാനിപ്പിച്ചത്. തുടര്‍ന്ന് തങ്ങളുടെ പ്രശ്‌നങ്ങളില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് കാട്ടി തൊഴിലാളികളും തൊഴിലാളി സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. അവരുടെ പോരാട്ടം 22 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ആവശ്യങ്ങള്‍ മാത്രം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് ഖനിയുടെ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിക്കുന്നു എന്ന വാര്‍ത്തയെത്തുന്നത്.
സ്വര്‍ണം തുളുമ്ബുന്ന സയനൈഡ് കുന്നുകള്‍: ആഴമേറിയ ഖനികളില്‍ നിന്ന് പുറത്തെത്തിക്കുന്ന മണ്ണില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം ഈ മണ്ണിനെ പുറത്ത് കൂട്ടിയിടുകയായിരുന്നു പതിവ്. ഇവ പതിയെ വലിയ കുന്നുകളായി മറി. ഈ മണ്ണില്‍ സയനൈഡിന്‍റെ അംശമുള്ളതിനാല്‍ ഇവ സയനൈഡ് കുന്നുകള്‍ എന്നാണ് അറിയപ്പെടുന്നത്. കെജിഎഫിന് ചുറ്റം ഇത്തരത്തിലുള്ള 13 കുന്നുകളാണുള്ളത്.
നിലവില്‍ ഇവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ടെന്‍ഡറുകളാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.ഈ 13 കുന്നുകളിലായി 35 ലക്ഷം മില്യണ്‍ ടണ്‍ മണ്ണുണ്ടെന്നാണ് കണക്ക്. ഈ മണ്ണ് പരിശോധിച്ചതില്‍ നിന്ന് ഒരു ടണ്‍ മണ്ണില്‍ ഒരു ഗ്രാം സ്വര്‍ണം ഉണ്ടെന്ന് വിദഗ്‌ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്ക് പ്രകാരം കുറഞ്ഞത് 25 ടണ്‍ സ്വര്‍ണം ഈ മണ്ണുകളില്‍ നിന്ന് മാത്രമായി ശേഖരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
കൂടാതെ ഖനികളിലെ സ്വര്‍ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭൂഗര്‍ഭ ഖനി വകുപ്പ് ഉദ്യോസ്ഥരും അറിയിച്ചിട്ടുണ്ട്.പതിവായി മോഷണം: വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചതിനാല്‍ കോലാര്‍ ഖനിയിലെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും തകരാറിലായിട്ടുണ്ട്. ഇവ ലേലം ചെയ്യാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ആരും ശ്രദ്ധിക്കാനില്ലാത്തതിനാല്‍ ഖനിയിലെ യന്ത്രങ്ങള്‍ മോഷണം പോകുന്നതും പതിവായി മാറിയിട്ടുണ്ട്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുത്തതായി രേഖകളിലൊന്നും തന്നെ കാണിക്കുന്നുമില്ല.
കൂടാതെ സയനൈഡ് കുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ മനുഷ്യ ശരീരത്തിന് വളരെയേറെ ദോഷം ചെയ്യുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ കാറ്റുണ്ടായാല്‍ സയനൈഡ് കുന്നുകളില്‍ നിന്നുള്ള പൊടി ജനവാസ മേഖലകളിലേക്കാണ് പതിക്കുന്നത്. ത്വക്ക്, വൃക്ക രോഗങ്ങള്‍ക്കും കാന്‍സറിനും ഈ മണ്ണ് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. അതിനാല്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആരോഗ്യ സേവനമെങ്കിലും സൗജന്യമായി നടപ്പാക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം