പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിലക്കി ഫുട്ബോള്‍ അസോസിയേഷന്. ഇതോടെ താരത്തിന് പ്രീമിയർ ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാകും. ഒപ്പം 50,000 പൗണ്ട് പിഴയും നല്‍കണം. ആരാധകനോടും ഗ്രൗണ്ടിലും മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് അസോസിയേഷന്റെ നടപടി . ഇന്നലെയാണ് സംയുക്ത തീരുമാനത്തിനൊടുവില്‍ താരം ക്ലബ് വിട്ടത്. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് വിലക്ക് ബാധകമാകില്ല.
റൊണാള്‍ഡോയെ പുറത്താക്കിയതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്പനയ്ക്കൊരുങ്ങുന്നു. ഉടമകളായ ഗ്ലേസേഴ്സ് കുടുംബം ക്ലബ് വില്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചു. വില്ക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. 17 വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളാണ് ഗ്ലേസേഴ്സ് കുടുംബം.
2005ലാണ് അമേരിക്കന്‍ സ്വദേശികളും വ്യവസായികളുമായ ഗ്ലേസേഴ്സ് കുടുംബം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുത്തത്. 934 മില്ല്യണ്‍ ഡോളര്‍ തുക ചെലവഴിച്ചുള്ള കൈമാറ്റത്തിനു ശേഷം ഉടമകള്‍ക്കെതിരെ നിരന്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. 2013ല്‍ ഇതിഹാസ പരിശീലകന് സര് അലക്സ് ഫെര്ഗൂസന് ക്ലബ് വിട്ടതോടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ശക്തമായി. ഫെര്‍ഗൂസനു ശേഷം ക്ലബ് ഇതുവരെ പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടില്ല. 2017നു ശേഷം യുണൈറ്റഡ് ഒരു കിരീടം പോലും നേടിയിട്ടില്ല. പ്രീമിയര്‍ ലീഗ് സീസണില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ യുണൈറ്റഡ്.
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത- ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നൽ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം.ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികള്‍ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.