യാത്രക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകളാണ് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2വില്‍ ഒരുക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്രമോദിയാണ് പുതിയ ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 5,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ 2 പരിസ്ഥിതി സൌഹൃദമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടെര്‍മിനല്‍ 2 പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 5-6 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയിലേയ്ക്ക് വിമാനത്താവളത്തിന് ഉയരാന്‍ സാധിക്കും. നിലവിലെ ശേഷി ഏകദേശം 2.5 കോടിയാണ്.
വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുള്ള, നഗര സ്ഥാപകനായ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. 108 അടി ഉയരമുള്ള പ്രതിമയാണിത്. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏകദേശം അഞ്ച് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രി ബെംഗളൂരു സന്ദര്‍ശനം നടത്തിയെന്നത് രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുകൂടിയാണ്. ഭരണകക്ഷിയായ ബിജെപി തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 224ല്‍ 150 സീറ്റ് വിജയ ലക്ഷ്യമാണ് പാര്‍ട്ടി ഇത്തവണ പ്രതീക്ഷിക്കുന്നത്.
റോബോട്ടുകളുടെ സേവനം
കെംപഗൌഡ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), റോബോട്ടിക്സ് എന്നിവ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂസ് 18 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (BIAL) യാത്രക്കാരെ സഹായിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ടെര്‍മിനല്‍ 1ല്‍ റോബോട്ട് അസിസ്റ്റന്റായ ‘ടെമി’യെ വിന്യസിച്ചിരുന്നു. ബോര്‍ഡിംഗ് ഗേറ്റുകളിലേക്കുള്ള വഴി, കുടിവെള്ളം, ശുചിമുറികള്‍, ഷോപ്പിംഗ് സോണുകള്‍ എന്നിവ കാണിക്കുന്നതിനും ലഗേജ് ക്ലെയിമിംഗിന് സഹായിക്കുന്നതിനും ഇത്തരം പത്ത് റോബോട്ടുകള്‍ ടെര്‍മിനല്‍ 1ല്‍ ഉണ്ട്. ടെര്‍മിനല്‍ 2ലും ഈ സേവനം ലഭ്യമാകുമെന്നാണ് വിവരം.
ടെര്‍മിനല്‍ 2 മൊത്തം 2.55 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ പുതിയ ടെര്‍മിനലില്‍ 4.41 ലക്ഷം ചതുരശ്ര മീറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി.
ടെര്‍മിനല്‍ 2 തുറക്കുന്നതോടെ ഡല്‍ഹിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി ബംഗളൂരു മാറുമെന്നും വിദഗ്ധര്‍ പറയുന്നു. നിലവില്‍ രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളം മുംബൈ വിമാനത്താവളമാണ്. മഹാമാരിയ്ക്ക് ശേഷം വിമാനയാത്രകളുടെ നിയന്ത്രണം നീക്കിയതോടെ ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 102% വളര്‍ച്ച കൈവരിച്ചതായി BIAL റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൂന്തോട്ടത്തിന്റെ പ്രതീതി
യുഎസ് ജിബിസിയുടെ (ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍) പ്രീ-സര്‍ട്ടിഫൈഡ് പ്ലാറ്റിനം റേറ്റിംഗ് നേടുന്ന ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലാണ് കെംപഗൌഡ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2. ‘നവരസ’ തീമിലാണ് വിമാനത്താവളത്തിനുള്ളില്‍ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകയുടെ പൈതൃകവും സംസ്കാര തനിമയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടെര്‍മിനല്‍ 2 ഒരുക്കിയിരിക്കുന്നത്.
പുറത്ത് വലിയ പൂന്തോട്ടം, നമ്മ മെട്രോ ഉള്‍പ്പെടെയുള്ള മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ്, സോളാര്‍ പാനലുകള്‍, എലിവേറ്റഡ് നടപ്പാതകള്‍, ഗ്രീന്‍ സീറ്റിംഗ് ഏരിയകള്‍ എന്നിവയാണ് ടെര്‍മിനലിന്റെ മറ്റ് സവിശേഷതകള്‍. ടെര്‍മിനലിന് 22 എന്‍ട്രി, എക്സിറ്റ് ഗേറ്റുകളും ഉണ്ട്.