കര്‍ണാടക: പട്ടയ വിതരണ പരിപാടിക്കിടെ കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ സ്ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍ സംഘടനകള്‍ക്കെതിരെ പരാതിയുമായി മര്‍ദനത്തിനിരയായ കെമ്ബമ്മ.മുഖത്തടിച്ചു എന്ന വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചുവെന്ന് കാണിച്ചാണ് കെമ്ബമ്മ ചില സംഘടനകള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
നിരവധി സംഘടനകളുടെ നേതാക്കള്‍ തന്റെ വീട്ടിലെത്തി മന്ത്രി മുഖത്തടിച്ചു എന്ന സംഭവം ചോദിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇതിനാല്‍ തനിക്ക് പൊലീസ് സുരക്ഷ വേണമെന്നുമാണ് കെമ്ബമ്മയുടെ ആവശ്യം. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കെമ്ബമ്മയുടെ പരാതിയില്‍ പറയുന്നു. “സ്ഥലത്തിന്റെ പട്ടയവുമായി ബന്ധപ്പെട്ട് എന്റെ പേര് ഒഴിവാക്കിയത് ഗ്രാമപഞ്ചായത്താണ്. ഞാന്‍ ഒരു വിധവയും സ്വന്തമായി വീടില്ലാത്തവളുമാണ്. അതുകൊണ്ടാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് പട്ടയം ആവശ്യപ്പെട്ട് ചെന്നത്.
അവിടെയെത്തിയപ്പോള്‍ മന്ത്രി എന്നോട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു” എന്ന് കെമ്ബമ്മ പറഞ്ഞു. തന്നെ ചിലര്‍ തടഞ്ഞുവെന്നും എന്നാല്‍ അദ്ദേഹമാണ് കടത്തിവിടാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. കാലുതൊട്ട് വന്ദിച്ച തന്നെ മന്ത്രി ആശ്വസിപ്പിക്കുകയാണുണ്ടായത്. മകള്‍ സങ്കടപ്പെടരുതെന്നും കരയരുതെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും അല്ലാതെ അദ്ദേഹം തന്നെ തല്ലിയിട്ടില്ലെന്നും കെമ്ബമ്മ വ്യക്തമാക്കി. സ്ഥലത്തിന്റെ പട്ടയത്തിന് വേണ്ട ചില രേഖകള്‍ താന്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും എന്നാല്‍ സംഭവത്തിന് പിന്നാലെ മുടങ്ങിക്കിടന്ന തന്റെ ജാതി സര്‍ട്ടിഫിക്കറ്റും പട്ടയവും മന്ത്രി ഇടപെട്ടാണ് ശരിപ്പെടുത്തി തന്നതെന്നും അവര്‍ പറയുന്നു.
എന്നാല്‍ ചില സംഘടനകള്‍ തന്റെ വീട്ടിലെത്തി മന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും അതിനാല്‍ തനിക്ക് ജോലിക്ക് പോലും പോകാന്‍ കഴിയുന്നില്ലെന്നും കെമ്ബമ്മ പരാതിയില്‍ ഉന്നയിക്കുന്നു. ഇവരുടെ പരാതിയില്‍ കര്‍ഷക സംഘടന, വനിത സംഘടന, ഡിഎസ്എസ് പാര്‍ട്ടി, കെആര്‍എസ് പാര്‍ട്ടി എന്നിവര്‍ക്കെതിരെ ഗുണ്ടല്‍പേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി, അമ്മയ്ക്ക് തിരിച്ചുനല്‍കി മുംബൈ പൊലീസ്
മുംബൈ: ദക്ഷിണ മുംബൈയിൽ നിന്ന് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മുംബൈ പോലീസ് രക്ഷപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ അറസ്റ്റ് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കുട്ടിയെ വിൽക്കാൻ പ്രതികൾ ആഗ്രഹിച്ചിരുന്നു, കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ദമ്പതികൾ ഉൾപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ദക്ഷിണ മുംബൈയിലെ എൽ ടി മാർഗ് ഏരിയയിലെ ഫുട്പാത്തിൽ താമസിക്കുന്ന 30 കാരിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി 71 ദിവസം പ്രായമുള്ള മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 363 (തട്ടിക്കൊണ്ടുപോകൽ) പ്രകാരം ആസാദ് മൈതാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുഞ്ഞിനെ കണ്ടെത്താൻ എട്ട് ടീമുകളെ രൂപീകരിക്കുകയും ചെയ്തിരുന്നു.നിരവധി സിസിടിവികളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ദക്ഷിണ മുംബൈ, വഡാല പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ 46 കാരനായ പുരുഷന് കുഞ്ഞിനെ എടുത്ത് നടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത് നിര്‍ണ്ണായകമായി.
ഹനീഫ് ഷെയ്ക്ക് എന്നാണ് ഇയാളുടെ പേര് എന്ന് പൊലീസ് കണ്ടെത്തി. പോലീസ് പിന്നീട് ഇയാളെ കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇയാളെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ കുട്ടിയെ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.