ബംഗളൂരു: ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയില്‍ കനത്ത കാവലൊരുക്കി പൊലീസ്.കൊല്ലപ്പെട്ട ബജ്റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ വീടിന് മുന്നില്‍ തിങ്കളാഴ്ച രാത്രി ചില സാമൂഹിക ദ്രോഹികള്‍ വാള്‍ പ്രദര്‍ശനം നടത്തിയതോടെയാണ് നഗരത്തില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടത്. അക്രമികള്‍ ഹര്‍ഷയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ഒത്തുകൂടിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു.
ബൈക്കിലെത്തിയ മൂന്നുപേരുടെ ആക്രമണത്തില്‍ പ്രകാശ് (25) എന്നയാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രകാശിനുനേരെ സംഘം കല്ലെറിയുകയായിരുന്നു. അക്രമികള്‍ ആര്‍.എസ്.എസിനും ഹിന്ദുത്വ സംഘടനകള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയതായും പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.മൂന്നുദിവസംമുമ്ബ് ഹര്‍ഷയുടെ സഹോദരി അശ്വനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതര മതത്തില്‍പെട്ട ഒരാളുടെ കാര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ സംഭവത്തിനു പിന്നാലെയാണ് ഹര്‍ഷയുടെ വീടിന് മുന്നില്‍ അക്രമികളെത്തിയത്. സംഭവത്തില്‍ ദൊഡ്ഡപേട്ട് പൊലീസ് കേസെടുത്തു. ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുന്‍ കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശിവമൊഗ്ഗ ജില്ലയില്‍ പലയിടത്തും പൊലീസ് കാവല്‍ ഒരുക്കി.