ന്യൂഡൽഹി: മെസേജിങ് ആപ്പായ വാട്സാപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു. ഒരു മണിക്കൂറിലേറെയായി ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് ഇത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്തതെന്നു ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവർ വ്യക്തമാക്കി. രണ്ടുമണിയോടെ വാട്സാപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു.
ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്‌തു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.
മോഹൻലാലും നിവിനും വന്നിട്ടും പതറിയില്ല; ‘റോഷാക്ക്’ വിജയകരമായ 20-ാം ദിവസത്തില്‍
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടി തിയറ്ററുകളിൽ ആവേശമായി മാറിയ ചിത്രമാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. മലയാള സിനിമ ഇന്നേവരെ കാണാത്ത കഥപറച്ചിലുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി പരാകായ പ്രവേശനം നടത്തിയപ്പോൾ, ബോക്സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിച്ചു. ഇടയ്ക്ക് മോഹൻലാലിന്റെ മോൺസ്റ്ററും നിവിൻ പോളിയുടെ പടവെട്ടും റിലീസ് ചെയ്തെങ്കിലും തിയറ്റർ കൗണ്ട് നിലനിർത്തി വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
റോഷാക്ക് വിജയകരമായ ഇരുപതാം ദിവസത്തിലേക്ക് എത്തി നിൽക്കുന്ന സന്തോഷമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുളള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ് ചിത്രം.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടിയെന്നാണ് കണക്കുകൾ.
‘അതേസമയം, ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ഏജന്റ് എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ.