ബംഗളൂരു: കോണ്‍ഗ്രസിന്‍റെ പുതിയ പ്രസിഡന്‍റായി മപണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെടുമ്ബോള്‍ അത് കര്‍ണാടകക്കും അഭിമാനനേട്ടം.
എസ്. നിജലിംഗപ്പക്ക് ശേഷം സംസ്ഥാനത്ത് നിന്ന് ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെയാളാണ് ദലിത് നേതാവായ അദ്ദേഹം. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഭല്‍കി താലൂക്കില്‍ വരവട്ടിയില്‍ 1942 ജൂലൈ 21ന് പാവപ്പെട്ട കുടുംബത്തില്‍ ജനനം. പിതാവ് മപണ്ണ ഖാര്‍ഗെ. മാതാവ് സാബവ്വ. ബുദ്ധമതത്തിന്‍റെ ആശയങ്ങളാണ് പിന്തുടരുന്നത്. ശാന്തശീലന്‍, സൗമ്യമായ പെരുമാറ്റം. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയത്തില്‍ ഇതുവരെ ആരോപണങ്ങളൊന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. പാര്‍ട്ടിയിലെ വിഭാഗീയതയിലൊന്നും ഖാര്‍ഗെ എന്ന പേര് കേള്‍ക്കാറുമില്ല. ബി.എ പഠനത്തിന് ശേഷം നിയമവും പഠിച്ച അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്ബേ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തു.
1969ല്‍ ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായാണ് രാഷ്ട്രീയപ്രവേശനം. 72ല്‍ നിയമസഭതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചു. ഡി. ദേവരാജ് മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയുമായി. പിന്നീട് എട്ട് തവണ തുടര്‍ച്ചയായി കര്‍ണാടക നിയമസഭാംഗമായി. 1978, 90, 99 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകളില്‍ മന്ത്രിയായി. 96, 2008 വര്‍ഷങ്ങളില്‍ നിയമസഭ പ്രതിപക്ഷനേതാവുമായി. 2005 മുതല്‍ മൂന്നുവര്‍ഷം കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്‍റുമായി. 99ലും 2004ലും അദ്ദേഹത്തിന്‍റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നു. 2009ല്‍ ലോക്സഭ എം.പി ആകുന്നതോടെയാണ് ദേശീയരാഷ്ട്രീയത്തില്‍ സജീവമായത്. മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറില്‍ മന്ത്രിയുമായി.
വിട്ടുവീഴ്ചയില്ലാത്ത സംഘ്പരിവാര്‍ വിമര്‍ശകനാണ്. 2014ല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ് ലോക്സഭയില്‍ 44 അംഗങ്ങള്‍ മാത്രമായി പാര്‍ട്ടി ചുരുങ്ങിയ കാലം. ഗുല്‍ബര്‍ഗയില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസിന്‍റെ ലോക്സഭ നേതാവായിരുന്നു. അന്ന് ഭരണകക്ഷിയായ ബി.ജെ.പിയുടെ മുഖത്ത് നോക്കി ഖാര്‍ഗെ നടത്തിയ പ്രസ്താവന ഏറെ പ്രസിദ്ധമായിരുന്നു. ‘ഞങ്ങള്‍ 44 പേരെ ഉള്ളൂ. എന്നാല്‍ നൂറുകണക്കിന് കൗരവര്‍ക്ക് മുന്നില്‍ പാണ്ഡവര്‍ ഭയപ്പെടുന്ന പ്രശ്നമേ ഇല്ല’-മഹാഭാരതത്തെ അടിസ്ഥാനമാക്കി അദ്ദേഹം വെട്ടിത്തുറന്നുപറഞ്ഞു. പിന്നീടുള്ള അഞ്ചുവര്‍ഷം ഭരണകക്ഷിക്കെതിരെ മയമില്ലാത്ത പോരാട്ടമാണ് ഖാര്‍ഗെ ലോക്സഭയില്‍ നടത്തിയത്. രണ്ടുതവണ കലബുറഗി മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധാനംചെയ്തു. പക്ഷേ, കഴിഞ്ഞതവണ തോല്‍വിയറിഞ്ഞു.
ഭാര്യ: രാധാഭായ്. രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമുണ്ട്. അധികാരം നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് ഇപ്പോഴും വന്‍ശക്തിയുള്ള കര്‍ണാടകയിലെ പാര്‍ട്ടിക്കും അദ്ദേഹത്തിന്‍റെ സ്ഥാനലബ്ധി കരുത്തുകൂട്ടും. അടുത്ത ഏപ്രില്‍-മേയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കനത്ത മഴയില്‍ ബംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്; സ്കൂളുകള്‍ അടച്ചു
ബംഗളൂരു: കനത്ത മഴയില്‍ ബംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിന്റെ തെക്ക്, കിഴക്കന്‍, മധ്യഭാഗങ്ങളും ബെല്ലഡൂരിലെ ഐടി മേഖല ഉള്‍പ്പെടെ പ്രദേശങ്ങളും വെള്ളക്കെട്ടിലായി.മജെസ്റ്റിക്കിനു സമീപം ഭിത്തി തകര്‍ന്നുവീണ് നാലു വാഹനങ്ങള്‍ തകര്‍ന്നു.ഇന്നലെ വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയാണ് ഇത്തരത്തില്‍ ദുരിതം വിതച്ചത്.
കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു. ഓഫിസ് ജീവനക്കാര്‍ പലരും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ 1706 മിമി മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത മൂന്നു ദിവസത്തേയ്ക്ക് കൂടി അതിശക്തമായ മഴയുണ്ടാകുമെന്നനാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.