ബംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളും വാഹനങ്ങളും വെള്ളത്തിലായി. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
മജസ്റ്റിക്കിന് സമീപം മതിലിടിഞ്ഞ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെയും മാന്‍ഹോളുകളിലേക്കും ബേസ്മെന്റ് പാര്‍ക്കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ നിരവധിപ്പേരുടെ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.
നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരു നഗരത്തില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് മുന്‍ നിര്‍ത്തി നഗരത്തില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങിയ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 6080 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മിക്കയിടത്തും രാത്രി 8 മണിക്കും അര്‍ധരാത്രിക്കും ഇടയിലാണ് കനത്ത മഴ പെയ്തതെന്നും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഏഴരയോടെയായിരുന്നു നഗരത്തില്‍ മഴ പെയ്തത്. ഇതോടെ ഓഫിസുകളില്‍ നിന്ന് തിരികെ വീട്ടിലേയ്ക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്റ്റേഷനുകളിലടക്കം കുടുങ്ങി. കനത്ത മഴയില്‍ മജസ്റ്റിക്കിന് സമീപം മതില് ഇടിഞ്ഞുവീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാല് കാറുകള്‍ക്കും രണ്ട് ബൈക്കുകള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
കഴിഞ്ഞമാസമുണ്ടായ അതിശക്തമായ മഴയില്‍ ബംഗളൂരു നഗരം ഏറക്കുറേ പൂര്‍ണമായും വെള്ളത്തിലായിരുന്നു. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. അതുപോലെ വീടുകളിലും മറ്റം വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി.
ഇന്നലെ വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയാണ് ഇത്തരത്തില്‍ ദുരിതം വിതച്ചത്. കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു. ഓഫിസ് ജീവനക്കാര്‍ പലരും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ 1706 മിമി മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത മൂന്നു ദിവസത്തേയ്ക്ക് കൂടി അതിശക്തമായ മഴയുണ്ടാകുമെന്നനാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മൃഗബലി നടക്കുന്നുവെന്ന് പരാതി; ഇടുക്കി യൂദാഗിരി മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം
ഇടുക്കി: ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്ത് മന്ത്രവാദവും മൃഗബലിയും നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ 2020 ൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആ സമയത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഇലന്തൂർ നരബലി സംഭവത്തിന് ശേഷം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. അതിന് ശേഷം റോബിനോട് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ ചെയ്യാൻ പാടില്ല എന്നും നിർദ്ദേശം നൽകിയിരുന്നു. ആ സമയത്ത് റോബിൻ പൊലീസിനോട് പറഞ്ഞത് മൂന്ന് മാസങ്ങൾക്ക് മുമ്പ് പൊലീസ് ഇവിടെയെത്തി കാര്യങ്ങൾ പറഞ്ഞിരുന്നു. അതിന് ശേഷം അത്തരത്തിലൊന്നും ചെയ്തിട്ടില്ല എന്നാണ്.
നാട്ടുകാർ ഉൾപ്പെടെ റോബിന്റ പറമ്പിൽ പരിശോധന നടത്തിയപ്പോൾ കോഴിയുടെ വേസ്റ്റും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടു. ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ പൊലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടർന്നാണ് സിപിഎം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. സിപിഎം കാമാക്ഷി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ച് ഇയാളുടെ വീടിന് മുന്നിലെത്തി. ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സിപിഎം പറയുന്നത്.