കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി അനുഭാവികളും ഇതിനകം കിലോമീറ്ററുകള്‍ പിന്നിട്ടുകഴിഞ്ഞു.
വെള്ളിയാഴ്ച ബെല്ലാരിയില്‍ രാഹുലിനൊപ്പം യാത്രയില്‍ ചില പ്രത്യേക അതിഥികളും പങ്കെടുത്തു. കര്‍ണാടകയിലെ യാത്ര പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്ബാണ് ഈ അതിഥികള്‍ യാത്രക്കൊപ്പം ചേര്‍ന്നത്.
ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാര് ബെല്ലാരിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. കൂട്ടത്തില്‍ നാരദനുമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ഇവര്‍ക്കെല്ലാം ഹസ്തദാനം നടത്തുകയും ഇവരെ നടത്തത്തില്‍ ഒപ്പം കൂട്ടുകയും ചെയ്തു. ഇന്ന് രാവിലെ കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ച യാത്ര ആനന്ദപുരത്തെ ജാജിറക്കല്ല് ടോള്‍ പ്ലാസയില്‍ വിശ്രമത്തിനായി നിര്‍ത്തി. തുടര്‍ന്ന് വൈകീട്ട് 4.30ന് പുനരാരംഭിച്ച പദയാത്ര ഒബാലപുരം ഗ്രാമത്തില്‍ അവസാനിപ്പിക്കും. ബെല്ലാരിയിലെ ഹാലകുന്ദി മഠത്തിന് സമീപമാണ് രാത്രി വിശ്രമം.
പദയാത്രയുടെ ഭാഗമായി ബെള്ളാരിയില്‍ വന്‍ റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ, കര്‍ണാടക നേതാക്കളും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഛത്തിസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ തുടങ്ങിയ ദേശീയ നേതാക്കളും പങ്കെടുക്കും. കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 37-ാം ദിനത്തിലാണ് 1,000 കിലോമീറ്റര്‍ പിന്നിട്ടാണ് കല്യാണ കര്‍ണാടക (ഹൈദരാബാദ്-കര്‍ണാടക) മേഖലയിലെ ബെല്ലാരി നഗരത്തില്‍ പ്രവേശിച്ചത്.