എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി (Global Handwashing Day) ആചരിച്ചു വരുന്നു. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കൊവിഡ് കാലത്തെ കൈകഴുകല്‍ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കൊവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും.
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൈകള്‍ കഴുകുന്നതില്‍ ജാഗ്രതക്കുറവ് പലയിടങ്ങളിലും കാണുന്നുണ്ട്. അത് ഒരിക്കലും പാടില്ല. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊവിഡ്-19 ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളെ തടയാന്‍ സാധിക്കും. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയെ തടയാനും ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
ദിവസവും എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളിൽ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. പുറത്തുപോയി വരുമ്പോൾ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും വസ്‌ത്രങ്ങളും കൈകാര്യം ചെയ്യുമ്പോൾ, ടോയ്‌ലറ്റിൽ പോയി വരുമ്പോള്‍, മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പും ശേഷവും മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം തുടങ്ങി പല സന്ദർഭങ്ങളിലും കൈകൾ സോപ്പിട്ടു കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുൻപും കുട്ടികൾക്കു ഭക്ഷണം വാരിക്കൊടുക്കുന്നതിനു മുൻപും കൈകൾ കഴുകണം. ഈ ലോക കൈകഴുകള്‍ ദിനത്തിലും എല്ലാവരും ഫലപ്രദമായി കൈകഴുകുന്നതിന്റെ നല്ലവശം മറ്റുള്ളവരിലേയ്ക്ക് എത്തിക്കുകയും വേണം.
ഫലപ്രദമായി കൈ കഴുകാനുള്ള മാര്‍ഗങ്ങള്‍…
1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക.
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക.
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക.
4. തള്ളവിരലുകള്‍ തേയ്ക്കുക.
5. നഖങ്ങള്‍ ഉരയ്ക്കുക.
6. വിരലുകളുടെ പുറക് വശം തേയ്ക്കുക.
7. കൈക്കുഴ ഉരയ്ക്കുക.
8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.
കൊവിഡ് കുറഞ്ഞെങ്കിലും ജാഗ്രത വേണം, കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ഓര്‍മപ്പെടുത്തലുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി ആചരിച്ചു വരുന്നു. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗന്‍വാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു.
കൈകഴുകാം രോഗങ്ങളെ തടയാം
കൊവിഡിന് പുറമെ ജലജന്യ രോഗങ്ങളായ വയറിളക്കം, ഇ-കോളി, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ&ഇ, നോറോ വൈറസ് തുടങ്ങിയവ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വിരകള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കുണ്ട്. കൈകള്‍ സ്ഥിരമായി കഴുകുന്നതിലൂടെ വയറിളക്കം മൂലം രോഗബാധിതരാകുന്ന ആളുകളുടെ ശതമാനം 23 മുതല്‍ 40 വരെയും ശ്വാസകോശ രോഗങ്ങള്‍ 16 മുതല്‍ 25 ശതമാനം വരെയും കുട്ടികളിലെ ഉദരരോഗങ്ങള്‍ 29 മുതല്‍ 57 ശതമാനം വരെയും കുറയ്ക്കാം. ലോകത്ത് ഏകദേശം 1.8 മില്യണ്‍ കുട്ടികള്‍ വയറിളക്കവും ന്യുമോണിയയും മൂലം മരിക്കുന്നു. കൈകള്‍ ശുചിയാക്കുന്നത് മൂന്നിലൊന്ന് കുട്ടികളെ വയറിളക്കത്തില്‍ നിന്നും അഞ്ചിലൊന്ന് കുട്ടികളെ ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.