ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി ഫോട്ടോകള്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സ്ത്രീ ഇയാളുടെ കഥ വിശ്വസിച്ചത്.
നാല് മാസത്തോളം പരസ്പരം ചാറ്റുചെയ്തതോടെ സ്ത്രീ യുവാവുമായി പ്രണയത്തിലായി. താനും പ്രണയത്തിലാണെന്ന് സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് തനിക്ക് ഭൂമിയിലേക്ക് മടങ്ങിവരണമെന്നും സ്ത്രീയെ എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നും പറഞ്ഞു. ആഗസ്റ്റ് 19 നും സെപ്റ്റംബര്‍ 5 നും ഇടയില്‍ ലാന്‍ഡിംഗ് പ്ലാന്‍ ചെയ്യാമെന്ന് പറഞ്ഞാണ് യുവാവ് പണം ആവശ്യപ്പെട്ടത്. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
വിഗ്രഹം തൊട്ടതിന് 60,000 രൂപ പിഴയിട്ട ദലിത് കുടുംബത്തെ ചേര്‍ത്ത് പിടിച്ച് രാഹുല്‍
മംഗളൂരു: ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിച്ച സിഡിരണ്ണ വിഗ്രഹം തൊട്ട് അശുദ്ധമാക്കി എന്ന കുറ്റത്തിന് വന്‍തുക പിഴ ചുമത്തപ്പെട്ട ദലിത് കുടുംബത്തെ ചേര്‍ത്ത് പിടിച്ച് രാഹുല്‍ ഗാന്ധി.ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുല്‍ കുടുംബത്തെ കണ്ടത്. കോലാര്‍ ജില്ലയില്‍ ഉല്ലെറഹള്ളി ക്ഷേത്രത്തിലെ ഭൂതമ്മോത്സവ ഘോഷയാത്ര വീക്ഷിക്കുകയായിരുന്ന ദലിത് വിഭാഗത്തിലെ ചേതന്‍ (15) ആണ് വിഗ്രഹത്തോട് ചേര്‍ന്ന ധ്രുവത്തില്‍ തൊട്ടത്. തുടര്‍ന്ന് 60,000 രൂപ പിഴയടക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ ദലിത് ബാലന്റെ മാതാവ് ശോഭയോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം എട്ടിന് നടന്ന ഘോഷയാത്രയില്‍ ചേതന്റെ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ഗ്രാമീണന് വിവരം നല്‍കിയതനുസരിച്ച് പിറ്റേന്ന് ശോഭയെ വിളിപ്പിച്ചായിരുന്നു നിര്‍ദേശം നല്‍കിയത്. ഈ മാസം ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും എന്ന് താക്കീതും നല്കി. 300 രൂപ ദിവസക്കൂലിയില്‍ വീട്ടുജോലി ചെയ്യുന്ന തനിക്ക് ഇത്രയും തുക തരാനാവില്ലെന്നും 5000 രൂപയായി കുറക്കണമെന്നും ശോഭ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഭവം പിന്നീട് വിവാദമാവുകയും ദലിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. തുമകൂരു ജില്ലയിലൂടെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ച തിങ്കളാഴ്ച ദലിത് കുടുബത്തെ രാഹുല്‍ ഗാന്ധി ക്ഷണിക്കുകയായിരുന്നു. തൊട്ടുകൂടായ്മയും അയിത്താചരണവും സാമൂഹിക പരിഷ്കരണത്തില്‍ തൂത്തെറിയപ്പെട്ട ദുരാചാരമാണെന്ന് രാഹുല്‍ ഗാന്ധി ചേതന്റെ രക്ഷിതാക്കളോട് പറഞ്ഞു.
നിയമവിരുദ്ധ പ്രവൃത്തിയാണ് നിങ്ങള്‍ക്ക് നേരെയുണ്ടായിരിക്കുന്നതെന്നും താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒപ്പമുണ്ടാവും എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.സംഭവത്തോടെ താന്‍ മനസ്സിലും വീട്ടിലും വെച്ച സകല ദൈവങ്ങളെയും പറിച്ചെറിഞ്ഞതായി ശോഭ രാഹുലിനോട് പറഞ്ഞു. ‘ആളുകളുടെ മുന്നിലിട്ട് മോനെ അവര്‍ തലങ്ങും വിലങ്ങും തല്ലിയപ്പോള്‍ തടയാന്‍ ഒരു കൈയും പൊങ്ങിയില്ല. ദൈവങ്ങളും രക്ഷകരായില്ല. അംബേദ്കറും ഇപ്പോള്‍ അങ്ങും മാത്രമാണ് മനസ്സില്‍’ – ശോഭ പറഞ്ഞു.