ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം. സമൂഹത്തെ ഭിന്നിപ്പിക്കുകയും ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുകയും ചെയ്യുന്നതാണ് യാത്രയെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരടങ്ങുന്ന 500 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.
നെഹ്റു കശ്മീരിനെ വിഭജിച്ചു. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും യോഗം നന്ദി അറിയിച്ചു. ആറുമാസത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് 140 മുതല്‍ 150 സീറ്റുകളില്‍ വരെ വിജയിക്കും.
യോഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പക്ഷേ, പ്രതിപക്ഷ കക്ഷിയായ ജെ.ഡി.എസിനെ കുറ്റപ്പെടുത്തിയില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതക്കും പ്രാധാന്യം നല്‍കിയുള്ള ഭരണത്തിനാണ് ബി.ജെ.പി ഊന്നല്‍ നല്‍കുന്നത്. എല്ലാവരെയും തുല്യതയോടെ കാണുന്ന ഭരണമാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. 70 വര്‍ഷം രാജ്യം ഭരിച്ചവരുടെ രാഷ്ട്രീയനാടകങ്ങള്‍ ജനം മറക്കാന്‍ സമയമായിട്ടില്ല.
പ്രാദേശിക കക്ഷികളിലും ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു. ബി.ജെ.പി 18 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ഭരണനേട്ടം കൊണ്ടാണെന്നും ബൊമ്മൈ പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപ സമാഹരണത്തില്‍ 38 ശതമാനത്തോടെ രാജ്യത്ത് മുന്‍പന്തിയിലാണ് കര്‍ണാടക. ബംഗളൂരു വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 10ന് ഉദ്ഘാടനം ചെയ്യും. കെംപെഗൗഡയുടെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലസ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തില്‍ കര്‍ണാടകയുടെ ചുമതലയുള്ള അരുണ്‍സിങ്, സംസ്ഥാന അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, ശോഭ കരന്ത്ലജെ തുടങ്ങിയവരും പങ്കെടുത്തു.
ഇന്ത്യയെ ഒന്നിപ്പിക്കലാണ് ജോഡോ യാത്രയുടെ ലക്ഷ്യം; ലോക്സഭ തെരഞ്ഞെടുപ്പല്ല- രാഹുല്‍ ഗാന്ധി
ബംഗളുരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല, രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി.
ആര്.എസ്.എസും ബി.ജെ.പിയും അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ജനങ്ങള്‍ക്ക് സത്യാവസ്ഥയറിയാമെന്നും ജോഡോ യാത്രക്കിടെ നടന്ന പത്ര സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍, സമ്ബദ്വ്യവസ്ഥയിലെ തകര്‍ച്ചയും തൊഴിലില്ലായ്മയും, വിലക്കയറ്റം എന്നീ മൂന്ന് അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ യാത്രയില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ ഘടകമുണ്ട്. അതേസമയം രാഷ്ട്രീയ വിഭാഗവും പൗരന്മാരും തമ്മില്‍ ഒരു അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ യാത്രയുടെ പ്രധാന ലക്ഷ്യം റോഡിലൂടെ നടന്നു പോയി ജനങ്ങളെ കാണുക എന്നതാണ്. കാറിലോ വിമാനത്തിലോ പോകുന്നതില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്-രാഹുല്‍ പറഞ്ഞു.