ബംഗളൂരു: രാഷ്ട്രീയക്കാര്‍ അഴിമതിക്കാരല്ലെന്നും ഇവിടത്തെ ജനങ്ങളും വ്യവസ്ഥിതിയും അവരെ അഴിമതിക്കാരാക്കി മാറ്റുകയാണെന്നും കര്‍ണാടക നിയമമന്ത്രി ജെ.സി. മധുസ്വാമി. ഇന്നത്തെ കാലത്ത് അഴിമതി നടത്താതെ ജീവിക്കുക എന്നത് ആയാസകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ശ്രീഗിരിയില്‍ ശിവകുമാര ശിവാചാര്യ സ്വാമിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഞാന്‍ രാഷ്ട്രീയക്കാരെ അഴിമതിക്കാരെന്നു വിളിക്കില്ല, ജനങ്ങളാണ് അവരെ അങ്ങനെയാക്കിയത്. വോട്ടുചെയ്യുന്നതില്‍ തുടങ്ങി ഗണേശോത്സവം ആഘോഷിക്കുന്നതിനുവരെ വിവിധ ആവശ്യങ്ങള്‍ക്കായി പണംവാങ്ങി രാഷ്ട്രീയക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. പിന്നെയെങ്ങനെ രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാവാതിരിക്കും. വ്യവസ്ഥിതിയാണ് ഞങ്ങളെ നശിപ്പിക്കുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥിതി ശരിയാണെങ്കില്‍ ഞങ്ങള്‍ അഴിമതിക്കാരാവില്ല. അഴിമതി നടത്താതെ ജീവിക്കുന്നത് എളുപ്പമുള്ള കാര്യമല്ല’ -മധുസ്വാമി പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരുടെ കൈയിലും അവര്‍ക്കാവശ്യമുള്ള പണമുണ്ട്. എന്നാല്‍, ആവശ്യങ്ങള്‍ ഉയരുന്നതിനനുസരിച്ച് കൂടുതല്‍ പണം എവിടെനിന്ന് കിട്ടും എന്ന ചിന്തയുണ്ടാവുന്നു. ഈ ചിന്തയാണ് അഴിമതിക്ക് തുടക്കമിടുന്നത്. ചിലപ്പോള്‍ സമ്മര്‍ദങ്ങളും അഴിമതിക്ക് കാരണമാവാറുണ്ടെന്നും നിയമമന്ത്രി പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ എല്ലാ മേഖലയിലും അഴിമതി നടക്കുകയാണെന്നും പ്രവൃത്തികള്‍ നടക്കണമെങ്കിലും കരാറുകള്‍ കിട്ടണമെങ്കിലും 40 ശതമാനം പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊടുക്കേണ്ട അവസ്ഥയാണെന്നും കരാറുകാരുടെ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഈയടുത്ത് ആരോപിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് സര്‍ക്കാറിന്റെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് വന്‍പ്രചാരണമാണ് നടത്തുന്നത്. ബസവരാജ് ബൊമ്മൈ പേ സി.എം മുഖ്യമന്ത്രിയാണ് എന്ന് എഴുതിയ ക്യു.ആര് കോഡുമുള്ള വ്യത്യസ്ത പോസ്റ്ററുകള്‍ ബംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പതിച്ചിരുന്നു. ബൊമ്മൈയുടെ ചിത്രമടങ്ങിയ പോസ്റ്ററില്‍ 40 ശതമാനം ഇവിടെ സ്വീകരിക്കുമെന്നും ഇതിലുണ്ട്. പോസ്റ്ററുകളിലെ ക്യു.ആര് കോഡ് സ്കാന്‍ ചെയ്താല്‍ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രചാരണം സര്‍ക്കാറിനെയും ബി.ജെ.പിയെയും വന്‍തോതില്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും അഴിമതിവിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിദിനം തുടങ്ങി ഒരു വര്‍ഷത്തേക്കാണ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. സിറ്റിസണ്‍ എന്‍ക്വയറി കൗണ്‍സില്‍, സി.ഇ.സി ട്രസ്റ്റ് എന്നിവയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാണിത്. ഈ സാഹചര്യത്തില്‍ നിയമമന്ത്രിതന്നെ കൈക്കൂലിയെയും അഴിമതിയെയും നിസ്സാരവത്കരിച്ച് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.
കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിൽ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചതിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്തെത്തിയിരുന്നു. ലജ്ജാകരമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസും രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ഓരോ ആഴ്ചയിലും ഒരു ദിവസം ഇടവേളയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്മാന് പവന് ഖേര പറഞ്ഞത്.