പോലീസ് റിക്രൂട്ട്‌മെന്റില്‍ (police department) ഭിന്നലിംഗക്കാര്‍ക്ക് (transgender) സംവരണം ഏര്‍പ്പെടുത്തി കര്‍ണാടക (karnataka).3,484 കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് കര്‍ണാടക സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 79 എണ്ണം മെയില്‍ തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. രണ്ടാം പിയുസി പാസായ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്സാണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്.
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ (transgender activist) സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു. എന്നാല്‍ സമൂഹത്തിലെ നിരക്ഷരരോ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരോ ആയ പലര്‍ക്കും ഇത് പ്രയോജനകരമാകില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. “പോലീസില്‍ ചേരണമെങ്കില്‍ അതിന് ചില യോഗ്യതകള്‍ ആവശ്യമാണ്. ഇവിടെ നമ്മളില്‍ ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡേഴ്സും നിരക്ഷരരും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരുമാണ്. പത്താം ക്ലാസ് പോലും പലരും പാസായിട്ടില്ല,” കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് ജേതാവും ഒണ്ടെഡെ സ്ഥാപകാംഗവുമായ അക്കായ് പത്മശാലി പറഞ്ഞു.
മൂന്നാം ലിംഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്ന് അക്കായ് പത്മശാലി പറഞ്ഞു. “മെയില്‍ തേര്‍ഡ് ജെന്‍ഡര്‍ എന്ന ഒരു വിഭാഗമില്ല. പക്ഷേ, ഞാന്‍ മനസ്സിലാക്കിയിടത്തോളം ഗവണ്‍മെന്റ് പരാമര്‍ശിക്കുന്നത് സ്ത്രീയില്‍ നിന്ന് പുരുഷനിലേക്ക് മാറിയ ട്രാന്‍സ്ജെന്‍ഡര്‍ പുരുഷനെയാണ് എന്നാണ്,” അക്കായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമൂഹത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഉടന്‍ ഒരു സര്‍വേ നടത്തണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ക്ഷേമത്തിനായി ഒരു ബോര്‍ഡ് രൂപീകരിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
3,484 തസ്തികകളില്‍, 420 എണ്ണം കല്യാണ കര്‍ണാടക ഉദ്യോഗാര്‍ത്ഥികള്‍ക്കും 11 എണ്ണം ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പഴയ നൈസാം പ്രദേശത്തിന്റെ ഭാഗമായിരുന്ന ഏഴ് ജില്ലകളുള്ള പ്രദേശമാണ് കല്യാണ കര്‍ണാടക. ബാക്കിയുള്ള 3,064 തസ്തികകളില്‍ 68 എണ്ണം തേര്‍ഡ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കായി നീക്കിവെക്കുമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഭിന്നലിംഗക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാകും കര്‍ണാടക.
കഴിഞ്ഞ വര്‍ഷം, കര്‍ണാടക പൊലീസ് സേനയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ (ആര്‍എസ്‌ഐ) റാങ്കിലുള്ള 70 തസ്തികകളിലേക്ക് യോഗ്യരായ പുരുഷന്മാരെയും സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും ക്ഷണിച്ചുകൊണ്ട് റിക്രൂട്ട്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് 2021 ഡിസംബര്‍ 20 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
1977 ലെ കര്‍ണാടക സിവില്‍ സര്‍വീസ് റൂള്‍സ് (ജനറല്‍ റിക്രൂട്ട്മെന്റ്) നിയമത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് 1% സംവരണം ഏര്‍പ്പെടുത്താന്‍ വകുപ്പ് ഭേദഗതി വരുത്തിയിരുന്നു. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസിന്റെ സ്പെഷ്യല്‍ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയനിലേക്ക് സ്പെഷ്യല്‍ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളിലേക്കാണ് ട്രാന്‍സ്ജെന്‍ഡര്‍മാരെ നിയമിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.