ചെന്നൈ: മകളുടെ സഹപാഠിയെ താന്‍ കൊന്നത് എലിവിഷം നല്‍കിയാണെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണിയുടെ മൊഴി. കോട്ടുച്ചേരിയിലെ സ്വകാര്യസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച് മരിച്ചത്.
വീടിന് അകലെയുള്ള കടയില്‍നിന്നാണ് എലിവിഷം വാങ്ങിയത്. അത് ശീതളപാനീയത്തില്‍ കലക്കി സ്‌കൂള്‍ കാവല്‍ക്കാരന്‍വഴിയാണ് ബാലമണികണ്ഠന് നല്‍കിയത്. മകളെക്കാള്‍ നന്നായി പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ചെയ്തതിന്റെ അസൂയകാരണമാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്നും സഹായറാണി മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു.
മൂന്നിന് സ്‌കൂള്‍ വാര്‍ഷികപരിപാടികളുടെ പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷംകലര്‍ത്തിയ ശീതളപാനീയം സ്‌കൂളിലെത്തിച്ച് കാവല്‍ക്കാരന്‍വഴി ബാലമണികണ്ഠന് നല്‍കിയത്. തിരികെ വീട്ടിലെത്തിയപ്പോള്‍ ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്ന് രാത്രിയോടെ ആശുപത്രിയിലാണ് മരിച്ചത്.