Home Featured ഓളെ മെലഡിയിലെ സമ ഗമ എന്ന വരിയുടെ സബ്‌ടൈറ്റില്‍ നെറ്റ്ഫ്‌ലിക്‌സ് കളഞ്ഞു, ചെയ്തത് അനുവാദമില്ലാതെ’

ഓളെ മെലഡിയിലെ സമ ഗമ എന്ന വരിയുടെ സബ്‌ടൈറ്റില്‍ നെറ്റ്ഫ്‌ലിക്‌സ് കളഞ്ഞു, ചെയ്തത് അനുവാദമില്ലാതെ’

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല സെപ്റ്റംബര്‍ 11നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ നെറ്റ്ഫ്‌ലിക്‌സ് മാറ്റം വരുത്തിയെന്ന വിമര്‍ശനം അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സബ്‌ടൈറ്റില്‍ കമ്പനിയായ ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സാണ്’ തല്ലുമാലയുടെ സബ്‌ടൈറ്റില്‍ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ചെയ്തത്. ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിന് മുമ്പും ഇത്തരത്തില്‍ സബ്‌ടൈറ്റില്‍ മാറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ തല്ലുമാലയുടെ കാര്യത്തില്‍ ചിത്രത്തിന്റെ ടീം തങ്ങള്‍ക്കൊപ്പം നിന്നത് കൊണ്ടാണ് ഈ വിഷയം ഇത്ര മേല്‍ ചര്‍ച്ചയായതെന്ന് ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ് ടീം ദ ക്യുവിനോട് പറഞ്ഞു. ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വരിയായ ‘സമ ഗമ’ യുടെ സബ്‌ടൈറ്റില്‍ പൂര്‍ണ്ണമായും നെറ്റ്ഫ്‌ലിക്‌സ് എടുത്ത് കളയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ് ടീം പറഞ്ഞത്:ഞങ്ങള്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 2 വര്‍ഷമെ ആയിട്ടുള്ളു. അതിനുള്ളില്‍ 35-40 സിനിമകളാണ് ചെയ്തിട്ടുള്ളത്. അധികം സിനിമകളൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. അപ്പോള്‍ നമുക്ക് ഈ കാര്യം എപ്പോഴും ഒരു കോണ്‍സ്റ്റന്റ് ത്രെട്ട് പോലെയാണ് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ നാട്ടില്‍ തന്നെ ജീവിക്കുന്ന ആളുകളാണ്. അപ്പോള്‍ സ്വന്തം വര്‍ക്ക് കാണാന്‍ സാധിക്കുന്നത് സിനിമ ഒടിടിയില്‍ വരുമ്പോഴാണ്. ഞങ്ങളിത് കാണാന്‍ ഇങ്ങനെ കാത്തിരിക്കും. ഇതിന് മുമ്പും ഞങ്ങളുടെ വര്‍ക്കില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്.

ചിലരൊക്കെ ഞങ്ങള്‍ കൊടുത്ത സബ്‌ടൈറ്റില്‍ മുഴുവനായും മാറ്റിയിട്ടുണ്ട്. ചില സമയത്ത് വളരെ സബ്സ്റ്റാന്റേഡായ സബ്‌ടൈറ്റിലുകള്‍ ഞങ്ങളുടെ ക്രിഡിറ്റ് വെച്ച് വന്നിട്ടുണ്ട്. അപ്പോഴും ഞങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അന്നൊന്നും ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല.ഈ കാര്യത്തില്‍ തല്ലുമാല ടീം നമ്മളെ പിന്തുണച്ചത് കൊണ്ടായിരിക്കണം ഇക്കാര്യം എല്ലാവരിലേക്കും എത്തിയത്. ഒരു പക്ഷെ അവര്‍ ഞങ്ങളുടെ സബ്‌ടൈറ്റില്‍ എഡിറ്റ് ചെയ്ത് കുറച്ച് കൂടി നല്ലതാക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഞങ്ങള്‍ ഒരിക്കലും പരാതി പറയില്ലായിരുന്നു.

പക്ഷെ ഞങ്ങളുടെ കണ്ടന്റാണ് നല്ലത്, ഞങ്ങളുടെ മതിയായിരുന്നു എന്ന് തോന്നി. കാരണം തല്ലുമാലയുടെ സബ്‌ടൈറ്റിലില്‍ മുഹ്‌സിന്‍ സാറിന്റെ അപ്രൂവല്‍ ഇല്ലാത്ത ഒരു വാക്ക് പോലും ഇല്ലായിരുന്നു. ഏകദേശം ഒരുമാസമാണ് തല്ലുമാലയ്ക്ക് വേണ്ടി ജോലി ചെയ്തത്. ഞങ്ങള്‍ ചെയ്ത കാര്യം ഇങ്ങനെയായി കാണ്ടപ്പോള്‍ ഉണ്ടായ ഒരു വികാരത്തിന്റെ പുറത്താണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

സിനിമയിലെ സബ്‌ടൈറ്റിലില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഒരുപാട് പേര്‍ വിളിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ സൗത്ത് ഇന്ത്യയിലെ പ്രമുഖ സബ്‌ടൈറ്റിലിസ്റ്റായ റേഖ്‌സ് എന്ന മാം എന്നെ വിളിച്ചിരുന്നു. അവര്‍ ഇത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണിതെന്നും ഇക്കാര്യം തുറന്ന് പറഞ്ഞത് വളരെ നല്ല കാര്യമായെന്നും രേഖ്‌സ് ഞങ്ങളോട് പറയുകയുണ്ടായി. ഇവരെല്ലാവരിലേക്കും ഇത് എത്തി എന്നുള്ളത് ഞങ്ങള്‍ക്ക് ഭയങ്കര ഷോക്കിംഗാണ്.എന്ത് കാരണം കൊണ്ടാണ് ഇവര്‍ ഇത് ചെയ്യുന്നത് എന്ന് അറിയണം എന്ന് ഞങ്ങള്‍ക്കുണ്ട്.

അപ്പോള്‍ നമുക്ക് ഇനിയും മെച്ചപ്പെടാന്‍ സാധിക്കുമല്ലോ. പ്രാദേശിക ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ പുറത്തുള്ള പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ വലിയൊരു പങ്ക് സബ്‌ടൈറ്റിലിനുണ്ട്. ഇതിപ്പോള്‍ വലിയൊരു സാധ്യതയാണ്. കാരണം സബ്‌ടൈറ്റില്‍ മെയിന്‍ ക്രെഡിറ്റ്‌സില്‍ തന്നെ നമ്മുടെ പേര് വരും. അതുകൊണ്ട് തന്നെ അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ടാണ് ഞങ്ങളും സബ്‌ടൈറ്റിലിനെ കാണുന്നത്. ആദ്യമൊക്കെ നമ്മുടെ ഭാഗത്ത് നിന്ന് പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് സംശയം തോന്നിയിരുന്നു. പക്ഷെ പലപ്പോഴായി ഞങ്ങള്‍ക്ക് തോന്നിയിരുന്നു ഇങ്ങനെയല്ല അത് ചെയ്യേണ്ടതെന്ന്.

പക്ഷെ പിന്നീട് ഞങ്ങള്‍ ചെയ്തത് തന്നെയാണ് എന്ന് നമുക്ക് തോന്നുകയും ചെയ്യും. പിന്നെ നമ്മുടെ അനുവാദം ഇല്ലാതെ എന്തിന് ഇത് എഡിറ്റ് ചെയ്യുന്നു എന്നത് എപ്പോഴും ഒരു പ്രശ്‌നമായി തോന്നാറുണ്ട്.ഭീമന്റെ വഴിയുടെ സബ്‌ടൈറ്റിലും ഞങ്ങള്‍ തന്നെയാണ് ചെയ്തത്. മുഹ്‌സിന്‍ സാറിന്റെ പാട്ടുകള്‍ നമ്മളെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നവയാണ്. തല്ലുമാലയില്‍ ഏറ്റവും വേദന തോന്നിയത്, ഓളെ മെലഡി എന്ന പാട്ട് എഡിറ്റ് ചെയ്തതാണ്.

സാറിന്റെ അനുവാദമില്ലാതെ നമ്മള്‍ ഒരു വരി പോലും കൊടുത്തിട്ടില്ല. സര്‍ പറഞ്ഞ് മാറ്റങ്ങളെല്ലാം ഞങ്ങള്‍ അതില്‍ വരുത്തിയിരുന്നു. സബ്‌ടൈറ്റില്‍ എന്നത് നമ്മുടെ സ്വന്തം വര്‍ക്ക് അല്ലല്ലോ. അത് മറ്റൊരാളുടെ വര്‍ക്കാണ്. അപ്പോള്‍ അത്രയും ശ്രദ്ധിച്ചാണ് നമ്മള്‍ ചെയ്യാറ്. ആ പാട്ടില്‍ രാഷ്ട്രീയം വ്യക്തമായി പറയുന്ന വരികളാണ്, ‘സമ ഗമ’ എന്നത്. അതിന് നമ്മള്‍ ചെയ്ത സബ്ടടൈറ്റില്‍ അവര്‍ എടുത്ത് കളഞ്ഞു. അത് ആ പാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വരികളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group