ന്യൂഡല്‍ഹി: യുപിഐ വഴി 657 കോടി രൂപയുടെ ഇടപാടുകളാണ് ഓഗസ്റ്റ് മാസം നടന്നത്. മാസം തോറുമുള്ള കണക്ക് പരിശോധിച്ചാല്‍ ഓഗസ്റ്റ് മാസത്തില്‍ യുപിഐ ഇടപാടുകളില്‍ 4.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.സുഗമമായി ഇടപാട് നടത്താമെന്നതാണ് യുപിഐയെ കൂടുതലായി ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനാണ് ഇന്‍സ്റ്ററ്റ് പേയ്മെന്റ് സംവിധാനമായ യുപിഐ വികസിപ്പിച്ചത്.
ആര്‍ബിഐയുടെ കീഴിലുള്ള ഈ സര്‍ക്കാര്‍ സ്ഥാപനമാണ് യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് നിശ്ചയിച്ച് കഴിഞ്ഞാല്‍ ഉപയോക്താവിന് പണം അയക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ആപ്പില്‍ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
റിയല്‍ ടൈം പേയ്മെന്റ് സംവിധാനമാണ് യുപിഐയില്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലെ വ്യത്യസ്ത പേയ്മെന്റ് ആപ്പുകളാണ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്.ആര്‍ബിഐയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനും യുപിഐ വഴിയുള്ള പ്രതിദിന ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി രണ്ടുലക്ഷം രൂപ വരെയാണ് കൈമാറാന്‍ സാധിക്കുക. ഇതിന് പുറമേ ബാങ്കുകളും പരിധി നിശ്ചയിച്ചിട്ടുണ്ട്.
വിവിധ ബാങ്കുകളുടെ പരിധി ചുവടെ:
1. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ ഒരു ലക്ഷം രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുകയും ഒരു ലക്ഷം രൂപ തന്നെയാണ്.
2. പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സിയിലും ആക്സിസ് ബാങ്കിലും സിറ്റി ബാങ്കിലും പ്രമുഖ പൊതുമേഖല ബാങ്കുകളായ ആന്ധ്രാ ബാങ്കിലും, ദേനാ ബാങ്കിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലും എസ്ബിഐയ്ക്ക് സമാനമാണ് പരിധി.
3. ഐസിഐസിഐ ബാങ്കില്‍ പരിധി വളരെ കുറവാണ്. ഗൂഗിള്‍ പേ ഒഴിച്ചുള്ള പേയ്മെന്റ് ആപ്പുകള്‍ വഴി ഒരു ദിവസം പരമാവധി 10000 രൂപ വരെ മാത്രമേ കൈമാറാന്‍ സാധിക്കൂ. ഗൂഗിള്‍ പേയില്‍ 25000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം. ഒറ്റത്തവണയായി പണം കൈമാറുമ്ബോഴും ഇത് തന്നെയാണ് ബാധകം.
4. കാനറ ബാങ്കില്‍ ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുക പതിനായിരം രൂപയാണ്. പ്രതിദിനം 25000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം.
5. ബാങ്ക് ഓഫ് ബറോഡയില്‍ ഒറ്റത്തവണയായി ഒരുദിവസം കൈമാറാവുന്ന പരമാവധി തുക 25000 രൂപയാണ്. പ്രതിദിന ഇടപാട് പരിധിയായി നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്.
6. ബാങ്ക് ഓഫ് ഇന്ത്യയിലും ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുക കാനറ ബാങ്കിന് സമാനമാണ്. എന്നാല്‍ ഒരു ദിവസം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ യുപിഐ വഴി നടത്താന്‍ ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നുണ്ട്.