ഉഡുപ്പി/മംഗളൂരു : തീരദേശ ജില്ലകളായ ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും എലിപ്പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്.ഉഡുപ്പിയിൽ 112 പേർക്കും ദക്ഷിണ കന്നഡയിൽ 305 പേർക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഉഡുപ്പിയിൽ ഓഗസ്റ്റ് മാസത്തിൽ മാത്രം 163 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 42 കേസുകൾ നിലവിൽ സജീവമാണ്.അതേസമയം, ദക്ഷിണ കന്നഡയിൽ ഈ വർഷം 305 എലിപ്പനി കണ്ടെത്തി, ഇതിൽ മംഗലാപുരത്ത് 192, ബണ്ട്വാളിൽ 37, ബെൽത്തങ്ങാടിയിൽ 51, പുത്തൂരിൽ 19, സുള്ള്യയിൽ 6 എന്നിങ്ങനെയാണ്.
എലിയുടെ കാഷ്ഠം, മൂത്രം, മലം അല്ലെങ്കിൽ മറ്റേതെങ്കിലും എലിയുടെ ശരീര സ്രവങ്ങൾ എന്നിവയുമായി ചർമ്മത്തിൽ സമ്പർക്കം പുലർത്തുന്നതിലൂടെ പടരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. എലിയെ പിടിക്കുന്ന പൂച്ചകൾക്കും നായ്ക്കൾക്കും രോഗം പിടിപെടാം.രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ എലിയുടെ കാഷ്ഠം കാണുന്നിടത്ത് ഏതെങ്കിലും അണുനാശിനി ദ്രാവകം ഉപയോഗിച്ച് വൃത്തിയാക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
രോഗലക്ഷണങ്ങൾ
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 25 ദിവസം വരെ എവിടെയെങ്കിലും കടുത്ത പനി ഉണ്ടാകുന്നു. ശരീരവേദന, തലവേദന, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും എലിപ്പനി ഉണ്ടാക്കുന്നു.കർഷകർ, മത്സ്യത്തൊഴിലാളികൾ, മലിനജല തൊഴിലാളികൾ, ഇറച്ചിക്കടക്കാർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കുതികാൽ വിണ്ടുകീറിയവരിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ, രോഗികൾ പൂർണ്ണമായി സുഖം പ്രാപിക്കുന്നു.
രോഗം നിയന്ത്രിക്കാനും ലഘൂകരിക്കാനും ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉഡുപ്പി, ദക്ഷിണ കന്നഡ രോഗ നിരീക്ഷണ വിഭാഗം ഉദ്യോഗസ്ഥരായ ഡോ. നാഗരത്‌ന, ഡോ. ജഗദീഷ് എന്നിവർ പറഞ്ഞു. എല്ലാ താലൂക്ക്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എലിപ്പനി ചികിത്സക്കാവശ്യമായ മരുന്നുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു. കൂടാതെ, ആളുകൾ പനിയുടെ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉടൻ ചികിത്സ തേടണമെന്നും അവർ കൂട്ടിച്ചേർത്തു
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗലൂരു: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മറ്റ് മതങ്ങളിൽപ്പെട്ടവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കർണാടക ഹൈക്കോടതി. ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നത് നിർത്താൻ പള്ളികളോട് ഉത്തരവിടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.എന്നാൽ, ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട ‘ശബ്ദ മലിനീകരണ നിയമങ്ങൾ’ നടപ്പാക്കാനും പാലിക്കാനും. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി സര്‍ക്കാറിനോട് നിർദേശിച്ചു.
ബംഗളൂരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലാവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കാര്യങ്ങള്‍ പറഞ്ഞത്. ബാങ്ക് വിളിക്കുന്നത് മുസ്ലീങ്ങളുടെ അനിവാര്യമായ ഒരു മതപരമായ ആചാരമാണ്, എന്നാല്‍ ഇതിന്‍റെ ഉള്ളടക്കം മറ്റ് മതരാഷ്ട്രങ്ങളിലെ വിശ്വാസികളുടെ മൌലിക അവകാശത്തെ ഹനിക്കുന്നു എന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ വാദം.
ഇന്ത്യൻ സംസ്കാരത്തിന്‍റെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉൾക്കൊള്ളുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 എന്നിവ. ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) വ്യക്തികൾക്ക് സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങൾ നൽകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, അവകാശം കേവലമല്ല, മറിച്ച് പൊതു ക്രമം, ധാർമ്മികത, ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ബാങ്ക് വിളിയിലെ ഉള്ളടക്കം ഹർജിക്കാരനും മറ്റ് മതവിശ്വാസികൾക്കും അവര്‍ മതവിശ്വാസം പിന്തുടരാനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേ സമയം ഉച്ചഭാഷിണികൾ,ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മറ്റ് സംഗീതോപകരണങ്ങൾ എന്നിവ “രാത്രി 10 മുതൽ രാവിലെ 6 വരെ അനുവദനീയമായ ഡെസിബലിന് മുകളിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല” എന്നത് നിയമമാണ്. ഇത് ഉറപ്പാക്കാൻ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.