കോട്ടയം: പ്രശസ്ത സാമൂഹ്യപ്രവര്ത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.
1984 – കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിൻതുടർച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986 – വിൽപത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺ മക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്നായിരുന്നു ആ കേസില് സുപ്രീംകോടതിയുടെ ചരിത്ര വിധി. എന്നാൽ വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാൻ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തി. ഒടുവിൽ, 2002ൽ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്. എന്നാൽ ഈ സ്വത്ത് മക്കൾ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നൽകി. സഹോദരനുമായുള്ള പിണക്കവും അവസാനിപ്പിച്ചു. ഈ പോരാട്ടം തന്നെയാണ് തന്റെ സ്വത്തെന്ന് മേരി റോയ് തെളിയിച്ചു.
കോട്ടയത്ത് പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയാണ് മേരി റോയ്. 1933ൽ കോട്ടയത്തെ അയ്മനത്തായിരുന്നു ജനനം. മുത്തച്ഛൻ ജോൺ കുര്യൻ കോട്ടയത്തെ ആദ്യത്തെ സ്കൂളുകളിൽ ഒന്നായ അയ്മനം സ്കൂളിന്റെ സ്ഥാപകനാണ്, പിന്നീട് അത് റവ: റാവു ബഹാദൂർ ജോൺ കുര്യൻ സ്കൂൾ എന്ന പേര് സ്വീകരിച്ചു. ( ഇന്ന് ആ സ്കൂൾ പ്രവർത്തിക്കുന്നില്ല, മലയാളം മീഡിയം സ്കൂളായിരുന്നു ). അദ്ദേഹത്തിന്റെ മകളുടെ നാല് മക്കളിൽ ഏറ്റവും ഇളയതായിരുന്നു മേരി. 1937 – മേരിക്ക് 4 വയസ്സുള്ളപ്പോൾ കൃഷി വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം ദില്ലിയിലെത്തി. ജീസസ് മേരി കോൺവെന്റ് സ്കൂളിലായിരുന്നു മേരി അക്കാലത്ത് പഠിച്ചത്. ജോലിയിൽ നിന്ന് വിരമിച്ച് അച്ഛൻ ദില്ലിയിൽ നിന്ന് മടങ്ങിയെത്തി ഊട്ടിയിൽ വീടുവാങ്ങി. തുടർന്ന് മേരി ഊട്ടിയിലെ നസ്രേത്ത് കോൺവെന്റ് സ്കൂളിൽ ചേർന്നു
.
ഊട്ടിയിൽ താമസം തുടങ്ങി അധികം നാൾ കഴിയുന്നതിനു മുൻപ് തന്നെ അമ്മയെ നിത്യം മർദ്ദിക്കുമായിരുന്ന അച്ഛൻ ഒരു ദിവസം അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ പുറത്തുചാടി മേരിയും അമ്മയോടൊപ്പം ചേർന്നു. മഴയത്ത് നടന്ന് കുന്നിൻ മുകളിലെ ജനറൽ പോസ്റ്റോഫീസിലെത്തി അമ്മയുടെ അച്ഛന് ടെലിഗ്രാം അയച്ചു. കൂട്ടിക്കൊണ്ടു പോകാൻ അയ്മനത്ത് നിന്ന് ആളെത്തുന്നതു വരെ പോസ്റ്റ് മാസ്റ്ററുടെ വീട്ടിൽ കഴിഞ്ഞു. ബിരുദ പഠനത്തിനായി മദ്രാസിലെ ക്യൂൻസ് മേരി കോളേജിൽ ചേർന്നു.
ബിഎ കഴിഞ്ഞ് വീട്ടിലെത്തി ഒരു വർഷം അമ്മയോടൊപ്പം കഴിഞ്ഞു. വീട്ടിൽ അപ്പോഴേക്കും സാമ്പത്തിക ബുദ്ദിമുട്ട് ആയിക്കഴിഞ്ഞിരുന്നു. ഓക്സ്ഫോഡിൽ പഠനം കഴിഞ്ഞെത്തിയ ജ്യേഷ്ഠന് കൊൽക്കത്തയിൽ ജോലി ലഭിച്ചപ്പോൾ ജ്യേഷ്ഠനൊപ്പം മേരിയും കൊൽക്കത്തയിലേക്ക് പോയി. സഹോദരിയെ ഒരു ഭാരമായിക്കണ്ട ജ്യേഷ്ഠനൊപ്പം നിന്ന് ടൈപ്പ് റൈറ്റിങ്ങും ഷോർട്ട്ഹാൻഡും പഠിച്ച് മെറ്റൽ ബോക്സ് എന്ന കമ്പനിയിൽ സെക്രട്ടറിയായി ജോലി ലഭിച്ചു. കൊൽക്കത്തയിൽ വെച്ച് ചണമില്ലിൽ ഉദ്യാഗസ്ഥനും ധനികനും ആയ ബംഗാളി ബ്രാഹ്മണൻ രാജീബ് റോയിയെ കണ്ടുമുട്ടി, വിവാഹിതയായി.
ആഡംബരം നിറഞ്ഞ ജീവിതമായിരുന്നെങ്കിലും മദ്യത്തിന് അടിമയായ രാജീബ് റോയിക്ക് ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ കഴിഞ്ഞില്ല. 30ആം വയസ്സിൽ 5 വയസ്സുകാരൻ മകൻ ലളിതിനെയും 3 വയസ്സുകാരി മകൾ അരുന്ധതിയെയും കൂട്ടി മേരി പടിയിറങ്ങി, ഊട്ടിയിൽ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലെത്തി താമസമായി, 350 രൂപ ശമ്പളത്തിൽ ഒരു ജോലിയും ലഭിച്ചു. എന്നാൽ ജ്യേഷ്ഠൻ ജോർജ്ജ് ഗുണ്ടകളെയും കൂട്ടി വന്ന് മേരിയെയും കുട്ടികളെയും വീട്ടിൽ നിന്ന് പുറത്താക്കി.
എന്നാൽ കേരളത്തിന് പുറത്തായതിനാൽ ഊട്ടിയിലെ വീടിന് മേൽ തുല്യാവകാശമുണ്ടായിരുന്നതു കൊണ്ട് ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ഊട്ടിയിലെ വീട് 1966ൽ മേരി റോയിക്ക് ഇഷ്ടദാനമായി നൽകി. അതു വിറ്റു കിട്ടിയ പണത്തിൽ ഒരു ലക്ഷം രൂപ കൊണ്ടാണ് മേരി റോയി, 5 ഏക്കർ സ്ഥലം വാങ്ങി സ്കൂൾ തുടങ്ങിയത്. ലാറി ബേക്കറായിരുന്നു സ്കൂൾ രൂപകൽപ്പന ചെയ്തത്. ആദ്യ വിദ്യാർത്ഥികൾ സ്വന്തം മക്കളായ ലളിത് റോയിയും അരുന്ധതി റോയിയും പിന്നെ ലാറി ബേക്കറിന്റെ മകളും അടക്കം 7 കുട്ടികൾ. തുടക്കത്തിൽ സ്കൂൾ കോമ്പൗണ്ടിലെ കോട്ടേജിൽ തന്നെ താമസിച്ചായിരുന്നു സ്കൂൾ നോക്കി നടത്തിയിരുന്നത്.
ആദ്യത്തെ 3 വർഷം മലയാളം മാധ്യമത്തിൽ മാത്രം പഠനം. നാലാം വർഷമാണ് ഇംഗ്ലീഷ് പരിചയപ്പെടുത്തുന്നത് തന്നെ. പിന്നീട് ക്രമേണ ഇംഗ്ലീഷ് മീഡിയത്തിലേക്ക്. ഐസിഎസ്ഇ സിലബസാണ് സ്കൂൾ പിൻതുടരുന്നത്. കോർപ്പസ് ക്രിസ്റ്റി എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്, പിന്നീട് പള്ളിക്കൂടമെന്നാക്കി. പാഠ്യേതര വിഷയങ്ങളിൽ പരിശീലനവും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകിയുമുള്ള പഠനമാണ് സ്കൂൾ പിന്തുടരുന്നത്.