ബീജവും ഗര്‍ഭപാത്രവുമില്ലാതെ പുതിയൊരു ജീവന്റെ തുടിപ്പിനെക്കുറിച്ച് നമുക്ക് ഇതുവരെയും ചിന്തിക്കാനെ ആകുമായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതും സാധ്യമണന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ബീജവും ഗര്‍ഭപാത്രവുമില്ലാതെ എലിയുടെ സിന്തറ്റിക് ഭ്രൂണം ശാസ്ത്രജ്ഞര്‍ വിജയകരമായി വളര്‍ത്തിയിരിക്കുകയാണ്. ജീവിതത്തിന്റെ ആദ്യ ഘട്ടം പുനഃസൃഷ്ടിക്കാന്‍ അവര്‍ എലികളില്‍ നിന്നുള്ള സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് മസ്തിഷ്കം, മിടിക്കുന്ന ഹൃദയം, മറ്റ് അവയവങ്ങള്‍ എന്നിവയുള്ള ഭ്രൂണമാണ് കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്.
ജീവന്റെ സ്വാഭാവിക പ്രക്രിയയായ അണ്ഡ- ബീജ സങ്കലനം ഇല്ലാതെയാണ് ശാസ്ത്രജ്ഞര്‍ ലാബില്‍ എലിയുടെ ഭ്രൂണം വികസിപ്പിച്ചെടുത്തതത്. ശരീരത്തിലെ മാസ്റ്റര്‍ സെല്ലുകള്‍ ഈ പ്രക്രിയയിലെ നിര്‍ണായക ഘടകമാണ്. ഇവ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ബീജസങ്കലനത്തിനു ശേഷം എട്ടര ദിവസങ്ങള്‍ക്ക് ശേഷമാണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. അതില്‍ സ്വാഭാവിക ഘടനയുടെ അതേ സ്വഭാവം അടങ്ങിയിരിക്കുന്നു.
ഈ നേട്ടം സസ്തനികളുടെ വികാസത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഭ്രൂണത്തിന്റെയും രണ്ട് തരം എക്സ്ട്രാ-എംബ്രിയോണിക് സ്റ്റെം സെല്ലുകളുടെയും സ്വയം-ഏകോപന കഴിവ് തെളിയിക്കുന്നു എന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
‘ഞങ്ങളുടെ എലി ഭ്രൂണ മാതൃക തലച്ചോറിനെ മാത്രമല്ല, മിടിക്കുന്ന ഹൃദയത്തെയും, ശരീരത്തെ നിര്‍മ്മിക്കുന്ന എല്ലാ ഘടകങ്ങളെയും വികസിപ്പിക്കുന്നു. ഞങ്ങള്‍ ഇത് വരെ എത്തി എന്നത് അവിശ്വസനീയമാണ്. ഇത് ഞങ്ങളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ്, ഒരു പതിറ്റാണ്ടായി ഞങ്ങളുടെ ജോലിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്, ഒടുവില്‍ ഞങ്ങള്‍ അത് ചെയ്തു.’ പുതിയ നേട്ടത്തില്‍ സന്തോഷമറിയിച്ചുകൊണ്ട് ഗവേഷണത്തിന് നേതൃത്വം കൊടുത്ത കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ഫിസിയോളജി വിഭാഗത്തിലെ മാമല്ലിയന്‍ ഡവലപ്മെന്റ് ആന്റ് സ്റ്റെം സെല്‍ ബയോളജി പ്രൊഫസര്‍ സെര്‍നിക ഗേറ്റ്സ് പറയുന്നു.
ഭാവിയില്‍ ഗവേഷണത്തിനായി സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അടിത്തറയായി ഈ നേട്ടത്തെ ശാസ്ത്രസംഘം കാണുന്നു. മനുഷ്യരില്‍, ബീജസങ്കലനത്തിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍, മൂന്ന് തരം സ്റ്റെം സെല്ലുകള്‍ വികസിക്കുന്നു. അവയിലൊന്ന് ഒടുവില്‍ ശരീരകോശങ്ങളായി മാറും, മറ്റ് രണ്ടെണ്ണം ഭ്രൂണവികാസത്തെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, ഒരു മനുഷ്യ ഭ്രൂണം വിജയകരമായി വികസിക്കുന്നതിന്, ഭ്രൂണമായി മാറുന്ന കോശങ്ങളും ഭ്രൂണത്തെ അമ്മയുമായി ബന്ധിപ്പിക്കുന്ന കോശങ്ങളും തമ്മില്‍ സമ്പര്‍ക്കം നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
‘ഈ എക്സ്ട്രാ എംബ്രിയോണിക് സ്റ്റെം സെല്‍ ഇനങ്ങളില്‍ ഒന്ന് മറുപിള്ള ആയി മാറും, ഇത് ഗര്ഭപിണ്ഡത്തെ അമ്മയുമായി ബന്ധിപ്പിക്കുകയും ഓക്സിജനും പോഷകങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു; രണ്ടാമത്തേത് മഞ്ഞക്കരു, ഭ്രൂണം വളരുന്നിടത്ത് അതിന്റെ ആദ്യകാല വികാസത്തില്‍ നിന്ന് പോഷകങ്ങള്‍ ലഭിക്കുന്നു.’- കേംബ്രിഡ്ജ് സര്‍വകലാശാല ഒരു പ്രസ്താവനയില്‍ ഈ പ്രക്രിയയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
കൃത്രിമ ഭ്രൂണം വികസിപ്പിക്കുന്നതിനുള്ള ആദ്യ പഠനമല്ല ഇത്. ഇസ്രായേലി ശാസ്ത്രജ്ഞര്‍ അടുത്തിടെ പെട്രി ഡിഷില്‍ സംസ്കരിച്ച സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ഗര്‍ഭാശയത്തിന് പുറത്ത് ഒരു കൃത്രിമ ഭ്രൂണം വികസിപ്പിച്ചെടുത്തിരുന്നു. സിന്തറ്റിക് ഭ്രൂണ മാതൃകകള്‍ ഉപയോഗിച്ച് മാറ്റിവയ്ക്കുന്നതിനുള്ള ടിഷ്യൂകളും അവയവങ്ങളും വളരുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഈ പഠനം വാഗ്ദാനം ചെയ്തു.
കുത്തിയൊലിച്ച പുഴയിൽ അകപ്പെട്ട് കുട്ടി, പാഞ്ഞടുത്ത് മുതലക്കൂട്ടം, അലറിക്കരഞ്ഞ് കുട്ടി; അത്ഭുത രക്ഷപ്പെടുത്തൽ!
അപ്രതീക്ഷിതമായ ദുരന്തങ്ങളിൽ പലപ്പോഴും അത്ഭുത രക്ഷപ്പെടുത്തലുകളുടെ കാഴ്ചയും നമ്മൾ ഏറെ കണ്ടിട്ടുണ്ട്. പ്രളയ കാലത്ത് കേരളം തന്നെ അത്തരം ഒട്ടേറെ രക്ഷപ്പെടുത്തലുകളാണ് കണ്ടത്. ഇപ്പോഴിതാ അത്ഭുത രക്ഷപ്പെടുത്തലിന്റെ മറ്റൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അപ്രതീക്ഷിതമായി കുത്തിയൊലിക്കുന്ന പുഴ വെള്ളത്തിലകപ്പെട്ട കുട്ടിയുടെ രക്ഷപ്പെടലിന്റെ കാഴ്ച അത്രമേൽ അത്ഭുതപ്പെടുത്തുന്നതാണ്.
പുഴവെള്ളത്തിൽ അകപ്പെട്ട കുട്ടിയെ കടിച്ചുകീറാനായി മുതലകൂട്ടം പാഞ്ഞടുത്തപ്പോഴാണ് ദുരന്ത നിവാരണ സേന രക്ഷക്കെത്തിയത്. രാജസ്ഥാനിലെ ചമ്പൽ നദിയിലായിരുന്നു മുതലക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് കുട്ടിയെ ദുരന്ത നിവാരണ സേന രക്ഷിച്ചത്. മുതലക്കൂട്ടം ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോൾ കുട്ടി നിസ്സഹായനായി അലറി കരയുകയായിരുന്നു. ഈ സമയത്താണ് അവിചാരിതമായി ദുരന്ത നിവാരണ സേന ആ വഴിക്ക് എത്തിയത്. കുട്ടിയുടെ രക്ഷകരായി ഇവർ മാറുകയായിരുന്നു.
ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. കുട്ടിയെയും രക്ഷിച്ച സേനാ അംഗങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചുറ്റിലും മുതക്കൂട്ടം പാഞ്ഞടുത്തിട്ടും മുന്നോട്ട് നീന്തിയ കുട്ടിയുടെ ആത്മധൈര്യത്തെയാണ് ഏവരും അഭിനന്ദിക്കുന്നത്. ഒപ്പം തക്കസമയത്ത് അവിടെയെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങളെയും.