ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതില്‍ പൊലീസ് കേസെടുത്തു. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പൊലീസ് കണ്ടെത്തി.
സാമ്ബിഗെഹള്ളി പൊലീസ് സ്റ്റേഷനിലാണ് പാകിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുവരികയാണെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡി അറിയിച്ചു.
” ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ക്ലബ്ബ് ഹൗസ് അംഗങ്ങള്‍ യഥാര്‍ത്ഥ പേരിന് പകരം വിളിപ്പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണ് ” എന്നും അദ്ദേഹം വ്യക്തമാക്കി.സേവനദാതാക്കളില്‍ നിന്ന് വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.