Home Featured വിവാദങ്ങളിൽ പതറാതെ ‘ന്നാ താൻ കേസ് കൊട്’; ബോക്സ് ഓഫീസ് തൂഫാനാക്കി ചാക്കോച്ചൻ ചിത്രം

വിവാദങ്ങളിൽ പതറാതെ ‘ന്നാ താൻ കേസ് കൊട്’; ബോക്സ് ഓഫീസ് തൂഫാനാക്കി ചാക്കോച്ചൻ ചിത്രം

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ഓ​ഗസ്റ്റ് 11നാണ് തിറ്ററുകളിൽ എത്തിയത്. പോസ്റ്റർ വിവാ​ദത്തിനിടയിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 

അഞ്ച് ദിവസത്തിൽ‌ 25 കോടിയാണ് ‘ന്നാ താൻ കേസ് കൊട്’ നേടിയിരിക്കുന്നത്. ‘നല്ല സിനിമയുടെ വിജയം…
ജനങ്ങളുടെ വിജയം….ന്നാ താൻ കേസ് കൊട് തങ്ങളുടേതാക്കിയതിന് പ്രേക്ഷകർക്ക് ഒരു ടോസ്റ്റ്’, എന്നാണ് ബോക്സ് ഓഫീസ് വിവരം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്. 

വിവാദങ്ങളുടെ അകമ്പടിയോടെ ആയിരുന്നു ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുക ആയിരുന്നു. സര്‍ക്കാരിന് എതിരെയാണ് പോസ്റ്റര്‍ എന്ന തരത്തില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ നടന്നിരുന്നു. കുഞ്ചാക്കോ ബോബന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ ട്രോളുകള്‍ നിറഞ്ഞിരുന്നു. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായി രം​ഗത്തെത്തി. 

പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചത്. 

വിവാദം ശക്തമായതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രം​ഗത്തെത്തിയിരുന്നു. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു. വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും ഇത്തരം പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group