ബംഗളൂരു: സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രപ്രദര്‍ശനത്തിനിടെ ടിപ്പു സുല്‍ത്താന്റെ ചിത്രം നശിപ്പിച്ച കേസില്‍ മൂന്ന് സംഘ്പരിവാറുകാരെയും സവര്‍ക്കറുടെ ചിത്രം നീക്കാന്‍ ആവശ്യപ്പെട്ട കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനെയും കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971ലെ നിയമവും (Prevention of Insults to National Honour Act 1971), മതവികാരം വ്രണപ്പെടുത്തല്‍ നിയമവും പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹഡ്‌സണ്‍ സര്‍ക്കിളില്‍ കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകളില്‍നിന്നാണ് ടിപ്പുവിന്റെ ഫോട്ടോ സംഘ്പരിവാറുകാര്‍ നശിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി മഞ്ജുനാഥാണ് പരാതി നല്‍കിയത്. ടിപ്പു സുല്‍ത്താന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ് ബാനറുകള്‍ ചിലര്‍ വലിച്ചുകീറിയതായി അദ്ദേഹം പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ സംഘ്പരിവാറുകാരായ പുനീത് കേരെഹള്ളിയെയും കൂട്ടാളികളെയും ഹലസുര്‍ഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ശിവമൊഗ്ഗയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ എം ഡി ആസിഫ് പിടിയിലായത്. ശിവമോഗ മഹാനഗര പാലികെ ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.പി പ്രമോദിന്റെ പരാതിയിലാണ് നടപടി. സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ആസിഫ് എതിര്‍പ്പ് ഉന്നയിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളായ മുസ്ലിംകളുടെയും ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. സിറ്റി സെന്റര്‍ മാളിലായിരുന്നു സംഭവം.
അതിനിടെ, സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെയും മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെയും ഒഴിവാക്കി, സവര്‍ക്കര്‍ക്ക് ഇടം നല്‍കിയ കര്‍ണാടക സര്‍ക്കാറിന്റെ പരസ്യം വിവാദമായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍ നെഹ്റുവിനെയും ടിപ്പുവിനെയും ഒഴിവാക്കിയത്.
പ്രമുഖ പത്രങ്ങളിലെല്ലാം ഞായറാഴ്ചയാണ് പരസ്യം നല്‍കിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തില്‍ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ബാലഗംഗാധര തിലകന്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവും നല്‍കി.
സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ഈ അല്‍പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
കൊവിഡിന് മുന്‍പ് നാല് ലക്ഷം, ഇപ്പോള്‍ 1.30 ലക്ഷം ട്രെയിന്‍ ഉപേക്ഷിച്ച് യാത്രക്കാര്‍
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊവിഡ് കാലത്തിന് മുന്‍പ്, 2019 ജൂലായില്‍, നാലുലക്ഷത്തിലധികം പതിവുയാത്രക്കാരുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ജൂലായിലെ യാത്രക്കാര്‍ 1.30 ലക്ഷം മാത്രം. ട്രെയിന്‍ ഗതാഗതം പഴയപോലെയായിട്ടും സ്ഥിരം യാത്രക്കാരില്‍ മൂന്നിലൊന്നും തിരികെയെത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് റെയില്‍വേയെ കുഴക്കുന്നത്.
അതേസമയം ടിക്കറ്റ് നിരക്കും പാഴ്‌സല്‍ സര്‍വീസുകളും കൂടിയതോടെ കാര്യമായ നഷ്ടം റെയില്‍വേക്കില്ല. ഹ്രസ്വദൂര, പതിവുയാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും റിസര്‍വേഷന്‍ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. കൊവിഡിനു ശേഷം റിസര്‍വ്ഡ് യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായെങ്കിലും വരുമാനത്തില്‍ കാര്യമായ കുറവില്ല.
ചെറുകിട തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും യാത്രകള്‍ ഉപേക്ഷിച്ച് ഓണ്‍ലൈന്‍ ഇടപാടുകളിലേക്ക് മാറിയതുമാകാം യാത്രക്കാരുടെ കുറവിന് ഒരു കാരണമെന്നാണ് കരുതുന്നത്. പതിവ് യാത്രക്കാരുടെ ആശ്രയമായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസുകളായി രൂപംമാറി ടിക്കറ്റ് നിരക്ക് കൂടിയതും കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.
പഴയ പാസഞ്ചര്‍ വണ്ടികളെല്ലാം എക്‌സ്പ്രസ് നിരക്കില്‍ പ്രത്യേക വണ്ടികളായാണ് ഓടുന്നതെന്നതും പകല്‍ യാത്രയ്ക്ക് റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്‌ളാസ് ടിക്കറ്റുകള്‍ നല്‍കുന്നില്ലായെന്നതുമാണ് കൊവിഡാനന്തരമുള്ള രണ്ട് പ്രധാന വ്യത്യാസങ്ങള്‍.
- തൃശൂര്‍ മാതൃക
ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേഖലയാണ് തൃശൂര്‍ – എറണാകുളം. കേരളത്തിന്റെ വ്യവസായ, വാണിജ്യ കേന്ദ്രമെന്നനിലയില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ട നിരവധി ആളുകള്‍ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. മറ്റൊരു പ്രധാന മേഖലയായ കൊല്ലം – തിരുവനന്തപുരം റൂട്ടില്‍ കൂടുതലും സര്‍ക്കാരിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്നവരാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ ഒരു ഉദാഹരണമെന് നനിലയില്‍ തൃശൂരിനെ പരിഗണിക്കുന്നത് പ്രസക്തമാണെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
- തൃശൂര്‍ സ്‌റ്റേഷനിലെ വരുമാനം 2019 ജൂലായ്:
4 ലക്ഷത്തിലധികം പതിവുയാത്രക്കാര്‍ മൂന്നുകോടി
2600 സീസണ്‍ ടിക്കറ്റുകാര്‍ ഒമ്ബതര ലക്ഷം
16,000 റിസര്‍വ്ഡ് ടിക്കറ്റുകള്‍, 32,000 യാത്രക്കാര്‍ 1.10 കോടി.
2022 ജൂലായ്:
1.30 ലക്ഷം യാത്രക്കാര്‍ 1.25 കോടി.
1200 സീസണ്‍ ടിക്കറ്റുകാര്‍ 4.25 ലക്ഷം
14,000 റിസര്‍വ്ഡ് ടിക്കറ്റുകള്‍, 24,000 യാത്രക്കാര്‍ 1 കോടി.
റെയില്‍വേയുടെ സ്ഥിര നിക്ഷേപമായി കണക്കാക്കുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ എണ്ണവും അവരില്‍നിന്നുള്ള വരുമാനവും പകുതിയില്‍ താഴെയായിരിക്കുന്നു. പൊതുഗതാഗതം പാടെ നിലച്ചുപോയ കൊവിഡ് കാലത്ത് ഭൂരിഭാഗവും സ്വകാര്യ, ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെ മാറിയവരില്‍ ഭൂരിപക്ഷവും തിരിച്ചു വന്നില്ലയെന്നതും വസ്തുതയാണ്. ഒരുമാറ്റത്തിന്റെ തുടക്കം ദൃശ്യമാണ്. കേരളത്തിലെ അക്കാഡമിക സമൂഹം ഈ വിഷയം ഗൗരവമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കണം. റെയില്‍വേയും പരിശോധിക്കേണ്ട വിഷയമാണത്.