Home Featured പ്രതിഷേധം കനത്തതോടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നെഹ്റുവിനെ പരാമര്‍ശിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി

പ്രതിഷേധം കനത്തതോടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നെഹ്റുവിനെ പരാമര്‍ശിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതില്‍ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ്, മൗലാന അബ്ദുല്‍ കലാം ആസാദ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ സംഭാവനകള്‍ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ നിരവധി സ്വാതന്ത്ര്യ സമരസേനാനികള്‍ ജീവന്‍ ത്യജിച്ചു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ്, മൗലാന അബ്ദുല്‍ കലാം ആസാദ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ സംഭാവനകള്‍ ചരിത്രപരമാണ്.’- ബസവരാജ് ബൊമ്മൈ പറഞ്ഞു.

കര്‍ണാടകയില്‍ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിന് മുമ്ബ് കിറ്റൂര്‍ വീരമണി ചന്നമ്മ, വീര സങ്കൊല്ലി രായണ്ണ തുടങ്ങി നിരവധി പേര്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയിട്ടുണ്ട്. ഇത്തരം വ്യക്തിത്വങ്ങളുടെ ത്യാഗത്തിന്‍റെ കൂടി ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അവരുടെ രക്തസാക്ഷിത്വത്തോടുള്ള ആദരവായി അവരുടെ ത്യാഗത്തിന്‍റെ മഹത്വം നമ്മള്‍ തിരിച്ചറിയുകയും ഇന്ത്യയുടെ ക്ഷേമത്തിനായുള്ള നമ്മുടെ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി നല്‍കിയ പത്രപരസ്യത്തില്‍ നിന്നാണ് നവ ഇന്ത്യയുടെ ശില്‍പി കൂടിയായ നെഹ്റുവിനെ കര്‍ണാടക സര്‍ക്കാര്‍ ഒഴിവാക്കിയത്. കര്‍ണാടകയിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയില്‍നിന്ന് മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെയും ഒഴിവാക്കി. അതേസമയം, പട്ടികയില്‍ വി.ഡി. സവര്‍ക്കര്‍ക്ക് ഇടം നല്‍കി.

സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നെഹ്റുവിനെ ഒഴിവാക്കിയതിലൂടെ കര്‍ണാടക സര്‍ക്കാര്‍ ആഗോള സമൂഹത്തിന് മുന്‍പില്‍ രാജ്യത്തെ അപമാനിച്ചെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ അനുസ്മരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ജവഹര്‍ലാല്‍ നെഹ്റു, റാം മനോഹര്‍ ലോഹ്യ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവര്‍ പ്രധാന പങ്കുവഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group