ബെംഗളൂരു: 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയില്‍ ബംഗളുരുവിലെ വിവാദ ഈദ്ഗാ മൈതാനത്തില്‍ തിങ്കളാഴ്ച രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യമായി ഇന്ത്യന്‍ പതാകയുയര്‍ത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോര്‍ഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കത്തിലായിരുന്നു.
ദേശീയ പതാക ഉയര്‍ത്തുമെന്ന വലതുപക്ഷ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്നാണ് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു അര്‍ബന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. എം.ജി ശിവണ്ണ, എം.എല്‍.എ സമീര്‍ അഹമ്മദ് ഖാന്‍, ലോക്സഭാ അംഗം പി.സി മോഹന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പതാക ഉയര്‍ത്തിയത്. ചമരാജ്പേട്ട് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍, ലഘു നാടകങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. കനത്ത സുരക്ഷയോടെയാണ് പതാക ഉയര്‍ത്തല്‍ പരിപാടികള്‍ നടന്നത്.
ടിപ്പു, സവര്‍ക്കര്‍ ചിത്രങ്ങളെ ചൊല്ലി തര്‍ക്കം: സംഘ്പരിവാര്‍, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബംഗളൂരു: സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രപ്രദര്‍ശനത്തിനിടെ ടിപ്പു സുല്‍ത്താന്റെ ചിത്രം നശിപ്പിച്ച കേസില്‍ മൂന്ന് സംഘ്പരിവാറുകാരെയും സവര്‍ക്കറുടെ ചിത്രം നീക്കാന്‍ ആവശ്യപ്പെട്ട കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനെയും കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971ലെ നിയമവും (Prevention of Insults to National Honour Act 1971), മതവികാരം വ്രണപ്പെടുത്തല്‍ നിയമവും പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹഡ്‌സണ്‍ സര്‍ക്കിളില്‍ കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകളില്‍നിന്നാണ് ടിപ്പുവിന്റെ ഫോട്ടോ സംഘ്പരിവാറുകാര്‍ നശിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബി മഞ്ജുനാഥാണ് പരാതി നല്‍കിയത്. ടിപ്പു സുല്‍ത്താന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ് ബാനറുകള്‍ ചിലര്‍ വലിച്ചുകീറിയതായി അദ്ദേഹം പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ സംഘ്പരിവാറുകാരായ പുനീത് കേരെഹള്ളിയെയും കൂട്ടാളികളെയും ഹലസുര്‍ഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ശിവമൊഗ്ഗയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ എം ഡി ആസിഫ് പിടിയിലായത്. ശിവമോഗ മഹാനഗര പാലികെ ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.പി പ്രമോദിന്റെ പരാതിയിലാണ് നടപടി. സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ആസിഫ് എതിര്‍പ്പ് ഉന്നയിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളായ മുസ്ലിംകളുടെയും ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. സിറ്റി സെന്റര്‍ മാളിലായിരുന്നു സംഭവം.
അതിനിടെ, സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെയും മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെയും ഒഴിവാക്കി, സവര്‍ക്കര്‍ക്ക് ഇടം നല്‍കിയ കര്‍ണാടക സര്‍ക്കാറിന്റെ പരസ്യം വിവാദമായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍ നെഹ്റുവിനെയും ടിപ്പുവിനെയും ഒഴിവാക്കിയത്.
പ്രമുഖ പത്രങ്ങളിലെല്ലാം ഞായറാഴ്ചയാണ് പരസ്യം നല്‍കിയത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തില്‍ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ബാലഗംഗാധര തിലകന്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവും നല്‍കി.
സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ഈ അല്‍പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.